SignIn
Kerala Kaumudi Online
Saturday, 16 May 2026 4.57 AM IST

പാഴ്സലായി​ എം.ഡി.എം.എ ഗുളികകൾ, യുവാവ് പി​ടി​യി​ൽ )

tr
വിഷ്ണുലാൽ പാഴ്സലായി​ അയച്ച എം.ഡി​.എം.എ ഗുളി​കകൾ


 പാഴ്സൽ അയച്ചത് സുഹൃത്തിന്റെ വീട്ടിലേക്ക്

കൊല്ലം: ബെർത്ത് ഡേ ഗിഫ്റ്റ് രൂപത്തിൽ പൊതിഞ്ഞ പാഴ്സലിനുള്ളിൽ എം.ഡി.എം.എ സുഹൃത്തി​ന്റെ വീട്ടി​ലേക്ക് അയച്ച യുവാവ് കൊല്ലം സിറ്റി ഡാൻസാഫ് സംഘത്തിന്റെ വലയിലായി. പട്ടത്താനം മൈത്രി നഗർ 23 ശാന്താഭവനിൽ വിഷ്ണുലാൽ (32) ആണ് പിടിയിലായത്. വിഷ്ണുലാലിന്റെ സുഹൃത്തായ എൻജിനിയറിംഗ് വിദ്യാർത്ഥി പ്രണവിന്റെ ഓലയിൽക്കടവിലുള്ള വീട്ടിലേക്കാണ് കൊറി​യർ അയച്ചത്. വീട്ടി​ൽ നടത്തി​യ പരി​ശോധനയി​ൽ 101.07 ഗ്രാമുള്ള 177 എം.ഡി.എം.എ ഗുളികകളാണ് പി​ടി​കൂടി​യത്. ഗുളിക രൂപത്തിലുള്ള എം.ഡി.എയുടെ ജില്ലയിലെ ഏറ്റവും വലിയ കണ്ടെടുക്കലാണി​ത്.

വിഷ്ണുലാൽ കൊറിയർ വഴി ജില്ലയിലേക്ക് എം.ഡി.എം.എ കടത്തുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഷാഡോ സംഘം രഹസ്യമായി നിരീക്ഷിച്ചുവരികയായിരുന്നു.വിഷ്ണുലാൽ ഇൻഡോറിൽ നിന്ന് സുഹൃത്തിന്റെ വീട്ടിലേക്ക് പാഴ്സൽ അയച്ചിട്ടുണ്ടെന്ന വിവരം ലഭിച്ചിരുന്നു. ഇന്നലെ ഉച്ചയോടെ, സംസ്ഥാനാന്തര സർവീസ് നടത്തുന്ന ബസിൽ കൊല്ലം കടപ്പാക്കടയിൽ എത്തിയ വിഷ്ണുലാലി​നെ ഡാൻസാഫ് സംഘം കൈയോടെ പിടികൂടി. തുടർന്ന് ഫോൺ പരിശോധിച്ചപ്പോൾ കൊറിയർ വരുന്നുണ്ടെന്നും വാങ്ങി വച്ചേക്കണമെന്നും പ്രണവിന് അയച്ച സന്ദേശം കണ്ടെത്തി. എന്നാൽ പ്രണവ് കഴിഞ്ഞദിവസം മാതാപിതാക്കൾക്കൊപ്പം ബഹ്റിനിലേക്ക് പോയിരുന്നു. അതുകൊണ്ട് തന്നെ അമ്മുമ്മയുടെ പക്കൽ കൊറിയർ ഏൽപ്പിച്ചിട്ടുണ്ടെന്ന് തിരിച്ച് സന്ദേശമയച്ചു.

ഡാൻസാഫ് സംഘം പ്രണവിന്റെ വീട്ടിൽ എത്തുമ്പോൾ ഹാളിലെ ടേബിളിന് മുകളിൽ വച്ചിരിക്കുകയായിരുന്നു കൊറിയർ. കവർ പൊട്ടിച്ചപ്പോൾ അതിനുള്ളിൽ നിറയെ പാവകളും മെറ്റൽ കാർ അടക്കമുള്ള കളിപ്പാട്ടങ്ങളുമായിരുന്നു. പിന്നീട് രണ്ട് പേപ്പറുകൾ ചേർത്തൊട്ടിച്ചിരുന്ന കവർ ഇളക്കി പരിശോധിച്ചപ്പോഴാണ് അതിതീവ്രതയുള്ള എം.ഡി.എം.എ ഗുളികകൾ കണ്ടെത്തിയത്. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന അന്വേഷണം നടന്നുവരികയാണ്. കൊല്ലം സിറ്റി ഡാൻസാഫ് എസ്.ഐമാരായ ടി.എസ്. മിഥുൻ, കണ്ണൻ, ബൈജു .പി. ജെറോം, ഹരിലാൽ, എ.എസ്ഐമാരായ സുനിൽ, സജു, സി.പി.ഒമാരായ അനു, ദിലീപ് റോയി, മനു, സീനു തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL