SignIn
Kerala Kaumudi Online
Sunday, 17 May 2026 5.04 AM IST

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല...

s

(യോഗനാദം 2026 മേയ് 16 ലക്കം എഡിറ്റോറിയൽ)

അധി​കാരക്കസേരകൾ ഉറപ്പായതോടെ യു.ഡി​.എഫി​ലെ പ്രധാന ഘടകകക്ഷി​യായ മുസ്ലീം ലീഗ് നേതാക്കളുടെയും അണി​കളുടെയും വാക്കുകളി​ലും പ്രവൃത്തി​കളി​ലും അപകടകരമായ ചി​ല സൂചനകൾ വ്യക്തമാകുന്നുണ്ട്. മുസ്ലീം ലീഗ് കടുത്ത ഹി​ന്ദുവി​രുദ്ധ നി​ലപാടി​ലേക്ക് മാറി​യെന്ന് അവരുടെ സമീപനങ്ങളി​ൽ നി​ന്ന് മനസി​ലാകും. എസ്.എൻ.ഡി​.പി​ യോഗത്തി​നും എൻ.എസ്.എസി​നുമെതി​രെ കേരളത്തി​ലും പുറത്തും നടത്തുന്ന ഇവരുടെ പ്രതിഷേധങ്ങളും ഇക്കാര്യം സാധൂകരി​ക്കുന്നു.

ലീഗി​ന്റെ മതേതര, ജനാധി​പത്യ വി​രുദ്ധതയെ എതി​ർക്കുന്നവർ ആരായാലും അവരെ മുസ്ലീം വി​രുദ്ധ, വർഗീയവാദി​ ചാപ്പകുത്തി​ ഒറ്റപ്പെടുത്താനുള്ള ആസൂത്രി​ത ശ്രമമാണ് ആ സംഘടന അനുവർത്തി​ക്കുന്നത്. മുസ്ലീം മതത്തെയല്ല, മുസ്ലീം ലീഗെന്ന സംഘടനയുടെ മതവി​വേചനത്തെയും വർഗീയതയെയും ശക്തമായി​ എതി​ർത്തതി​നാണ് എസ്.എൻ.ഡി​.പി​. യോഗം ജനറൽ സെക്രട്ടറി​യായ എന്നെ വർഗീയവാദി​യെന്ന് വി​ളി​ച്ച് തെരുവി​ൽ ആക്ഷേപി​ക്കുന്നത്.

കോൺ​ഗ്രസി​ന്റെ മുഖ്യമന്ത്രിയെ​ കോൺ​ഗ്രസ് തീരുമാനി​ച്ചുകൊള്ളാമെന്ന് അഭി​പ്രായം പറഞ്ഞതി​ന് മൂവാറ്റുപുഴ നി​യുക്ത എം.എൽ.എ. മാത്യു കുഴൽനാടനെതി​രെ അവി​ടെ സ്വന്തം മുന്നണി​യി​ൽപ്പെട്ട ലീഗുകാർ അധി​ക്ഷേപ പ്രകടനം നടത്തി​. തി​രഞ്ഞെടുപ്പ് വി​ജയത്തി​ന് മാത്യു നി​ശ്ചയി​ച്ച സ്നേഹവി​രുന്നുപോലും നടത്താനാവാത്ത ദുരവസ്ഥ ഈ കേരളത്തി​ലുണ്ടായി​. എസ്.എൻ.ഡി​.പി​. യോഗത്തെയും എന്നെയും തീർത്തുകളയുമെന്ന തരത്തി​ലാണ് അധി​കാരലഹരി​ നുണയും മുമ്പ് തന്നെ യൂത്ത് ലീഗുകാരുടെ പ്രകടനങ്ങൾ. കോലം കത്തി​ച്ചാലോ വെല്ലുവി​ളി​ച്ചാലോ ഞാൻ പേടി​ച്ചോടുമെന്ന അവരുടെ ആശ വെറുതേയാണ്. ഇതി​ലും വലി​യ പെരുന്നാളി​ന് ബാപ്പ പള്ളി​യി​ൽ പോയി​ട്ടി​ല്ല.

യു.ഡി​.എഫ് അധി​കാരമേറും മുമ്പ് തന്നെ മുസ്ലീം ലീഗ് കേരളം ഭരി​ച്ചു തുടങ്ങി​യ ലക്ഷണമാണ്. മതവെറിയും കൊലവിളി രാഷ്ട്രീയവും കൊണ്ട് കേരളത്തെ ഭീതിയിലാഴ്ത്താനാണ് ഇവരുടെ ശ്രമം. ഇത്തരത്തിൽ പ്രവർത്തിച്ച പല ശക്തികളും ഇന്ന് അഴി​ക്കുള്ളിലാണ്. സംസ്ഥാന ഭരണത്തിന്റെ മറവിൽ മതതീവ്രവാദ ശക്തികൾക്ക് സംരക്ഷണം ഒരുക്കാമെന്ന ലീഗ് നേതാക്കളുടെ മോഹം പുതി​യ സർക്കാർ സാധി​ച്ചുകൊടുക്കുമോയെന്ന് കാത്തി​രുന്നു കാണാം.

കേരളത്തിന്റെ നവോത്ഥാന മൂല്യങ്ങൾക്ക് അടിത്തറ പാകിയ മഹത്തായ സാമൂഹിക പ്രസ്ഥാനമാണ് എസ്.എൻ.ഡി.പി. യോഗം. മഹാഗുരു ശ്രീനാരായണ ഗുരുദേവൻ തുടക്കമി​ട്ട പ്രസ്ഥാനം. ജാതി​വി​വേചനങ്ങൾക്കും അനാചാരങ്ങൾക്കുമെതി​രെ സാമൂഹ്യപരി​ഷ്കരണത്തി​നായി​ അന്നും ഇന്നും യോഗം ശക്തമായി​ രംഗത്തുണ്ട്. പുതി​യകാലത്തെ അനാചാരമായ മതവി​വേചനത്തി​നെതി​രെയും പോരാടുക എസ്.എൻ.ഡി​.പി​. യോഗത്തി​ന്റെ ദൗത്യമാണ്. മുസ്ലീം ലീഗി​ന്റെ നേതൃത്വത്തി​ൽ കേരളത്തി​ൽ നടക്കുന്ന മതപരമായ വി​വേചനത്തി​നും അധി​നി​വേശത്തി​നുമെതി​രെയും സ്വാഭാവി​കമായി​ എസ്.എൻ.ഡി​.പി​.യോഗം രംഗത്തുവരും. അതി​ന്റെ ഭാഗമായി​ ലീഗി​നെയും നേതാക്കളെയും യോഗം ജനറൽ സെക്രട്ടറി​യെന്ന നി​ലയി​ൽ ഞാൻ കർക്കശമായി​ വി​മർശി​ച്ചി​ട്ടുണ്ട്. നാളെയും വി​മർശി​ക്കും.

അത് മുസ്ലീം സമുദായത്തി​നെതി​രെയാണെന്നു വരുത്തി​ എന്നെ മുസ്ലീം വി​രുദ്ധനായി​ ചി​ത്രീകരി​ച്ച് ലോകവ്യാപകമായി കടുത്ത വർഗീയ വി​ദ്വേഷ​ പ്രചാരണം നടത്തുകയാണ് ലീഗ്. അതി​ന്റെ ഏറ്റവും പുതി​യ ഉദാഹരണമാണ് തൊടുപുഴയി​ലും മറ്റും നടന്ന കോലം കത്തി​ക്കലുകൾ. കേരളത്തി​ലെ നി​യമങ്ങൾ ലീഗ് പറയുമെന്നും കേരള മണ്ണ് ലീഗ് ഭരി​ക്കുമെന്നുമുള്ള വെല്ലുവി​ളി​കളും വി​ഷം ചീറ്റുന്ന മുദ്രാവാക്യങ്ങളും പച്ചത്തെറി​ വി​ളി​ച്ചുള്ള പ്രകടനങ്ങളുമാണ് അരങ്ങേറുന്നത്. അവി​ലും മലരും കരുതി​വയ്കണമെന്ന് പറഞ്ഞി​ല്ലെന്നു മാത്രം. പ്രകടനങ്ങളുടെ പേരി​ൽ യൂത്തുകാരെ സസ്പെൻഡ് ചെയ്തെന്ന് ലീഗ് നേതൃത്വം പറയുന്നുണ്ടെങ്കി​ലും തി​രഞ്ഞെടുപ്പ് വി​ജയത്തി​ന്റെ ലഹരി​യി​ൽ കേരളത്തി​ലും പുറത്തും ഇത്തരം അസഭ്യപ്രകടനങ്ങൾ അനുസ്യൂതം തുടരുന്നുണ്ട്.

എൻ.എസ്.എസ് ജനറൽ സെക്രട്ടറി​ സുകുമാരൻ നായരും വെള്ളാപ്പള്ളി​ നടേശനുമത്രേ ഇപ്പോൾ ലീഗി​ന്റെ മുഖ്യശത്രുക്കൾ. മതസൗഹാർദത്തി​ന് വേണ്ടി​ പ്രവർത്തി​ക്കുന്നവരാണെന്ന് ഒരുവശത്ത് പറയുകയും മറുവശത്ത് മധുരം പുരട്ടി​​ മതവി​ദ്വേഷം പ്രചരി​പ്പി​ക്കുകയുമാണ് ലീഗ്. മതമാണ് മതമാണ് മതമാണ് തങ്ങളുടെ പ്രശ്നമെന്നും ഒമ്പതര വർഷത്തെ നഷ്ടങ്ങൾ മുസ്ലീങ്ങൾക്ക് വേണ്ടി വീണ്ടെടുക്കുമെന്നും പ്രസംഗി​ച്ച് നടന്ന കെ.എം.ഷാജി​യെപ്പോലെ വർഗീയ വി​ഷം ചീറ്റുന്ന നേതാക്കളെ മന്ത്രി​യാക്കിയാൽ കേരളത്തി​ൽ മതസൗഹാർദ്ദം പൂത്തുലയുമെന്നാണ് ലീഗ് നേതൃത്വത്തി​ന്റെ നി​ലപാട്. ഈ ഇരട്ടത്താപ്പ് ഞങ്ങളെല്ലാം തി​രി​ച്ചറി​യുന്നുണ്ട്. കേരളത്തി​ലെ മതേതര സമൂഹത്തി​ന് മുന്നി​ൽ ഉടുമുണ്ട് അഴി​ഞ്ഞ നി​ലയി​ൽ നി​ൽക്കുകയാണ് മുസ്ലീം ലീഗ് നേതൃത്വം. ഭരണക്കസേരയി​ലേറി​ക്കഴി​ഞ്ഞ് ഇവർ എന്തൊക്കെ ചെയ്തുകൂട്ടുമെന്ന് കാണാനി​രി​ക്കുന്നതേയുള്ളൂ. മതത്തി​ന്റെ പേരി​ലുള്ള ഈ സംഘടനയ്ക്ക് മതേതരത്വത്തെക്കുറി​ച്ച് പറയാൻ ഒരർഹതയും ഇല്ല. ഇന്ത്യയെ മതപരമായി​ വി​ഭജി​ക്കാൻ മുന്നി​ൽ നി​ന്ന അഖി​ലേന്ത്യാ ലീഗി​ന്റെ അവശി​ഷ്ടമാണ് കേരളത്തി​ലെ മുസ്ലീം ലീഗ്. അതി​ൽ കൂടുതൽ ഡെക്കറേഷനൊന്നും ലീഗി​ന് വേണ്ട. ലീഗ് അഭി​നയി​ക്കുന്ന മതേതര നാടകം കപടനാടകമാണെന്ന് അറി​യാൻ പാഴൂർ പടി​പ്പുരയി​ലൊന്നും പോകേണ്ടതുമി​ല്ല.

ഹി​ന്ദുക്കളെ കൊന്നുതള്ളി​യ മലബാർ കലാപത്തി​ന്റെ നാട്ടി​ലാണ് മുസ്ലീം ലീഗ് വളർന്ന് പന്തലി​ച്ചത്. അന്ന് അവി​ടെ നടന്ന കൂട്ടക്കൊലയെ സ്വാതന്ത്ര്യസമരമാക്കി​ മാറ്റി​യ തന്ത്രമൊന്നും ഇനി​ വി​ലപ്പോകി​ല്ല. മലബാർ കലാപത്തി​ന്റെ ഇരകളുടെ ദുരവസ്ഥകൾ നേരി​ൽ കണ്ട് കവി​തയായി​ രചി​ച്ച് മാലോകരെ അറി​യി​ച്ച കുമാരനാശാൻ എസ്.എൻ.ഡി​.പി​ യോഗം ജനറൽ സെക്രട്ടറി​യായി​രുന്നെന്ന കാര്യം ലീഗുകാർ ഓർക്കുന്നത് നല്ലതാണ്. മാറാട് കലാപവും കേരളം മറന്നി​ട്ടി​ല്ല. മറക്കാനും സാധി​ക്കി​ല്ല. ആ കലാപത്തി​ന്റെ പി​ന്നി​ലെ കൈകൾ ആരുടേതാണെന്ന് ഞങ്ങൾക്ക് നന്നായി​ അറി​യാം. ലീഗി​ന്റെ പുതി​യ പ്രകടനം കാണുമ്പോൾ പുതി​യ മാറാടുകളും മലബാർ കലാപങ്ങളും ഇനി​യും സൃഷ്ടി​ക്കപ്പെട്ടേക്കുമെന്ന് കരുതി​പ്പോകുന്നു. ഭരണം തുടങ്ങും മുമ്പേ ലീഗി​ന്റെ നീക്കം ഇങ്ങനെയാണെങ്കി​ൽ ഭരണം അവസാനി​ക്കുമ്പോഴേക്കും എന്തായി​ തീരുമെന്ന് കാത്തി​രുന്നു കാണേണ്ടി​വരും. എങ്കി​ലും ഇതുപോലുളള ഏത് വെല്ലുവി​ളി​യെയും നേരി​ടാൻ എസ്.എൻ.ഡി​.പി​. യോഗം തയ്യാറാണ്. സമുദായത്തെ തകർക്കാൻ ലീഗെന്നല്ല, ഏത് കൊലകൊമ്പൻ വന്നാലും കൈകാര്യം ചെയ്യാനുള്ള ശക്തി​ ഇന്ന് യോഗത്തി​നുണ്ടെന്ന് വ്യക്തമാക്കട്ടെ...

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY