SignIn
Kerala Kaumudi Online
Sunday, 17 May 2026 5.05 AM IST

സാധാരണ ജീവിതം എരിതീയിലേക്ക്

s

വറചട്ടിയിൽ നിന്ന് എരിതീയിലേക്ക് എന്നു പറയുന്നതു പോലെയായി ഇപ്പോൾ രാജ്യത്തെ സാധാരണ ജനങ്ങളുടെ സ്ഥിതി. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റവും അവയുടെ ലഭ്യതക്കുറവും പാചക വാതക വില വർദ്ധനയും ഒക്കെക്കൂടി ജനജീവിതം അത്യന്തം ദുസ്സഹമായി മാറിയതിനു തൊട്ടുപിന്നാലെ ഇന്ധന വിലക്കയറ്റം കൂടി വന്നതോടെയാണ് ജനങ്ങൾക്ക് ജീവിതം പൊള്ളുന്ന നിലയിലായിരിക്കുന്നത്. പെട്രോളിനും ഡീസലിനും ലിറ്ററിന് മൂന്നു രൂപ വീതവും സി.എൻ.ജിക്ക് രണ്ടു രൂപയുമാണ് വർദ്ധിച്ചത്. പെട്രോൾ ഡീസൽ വില വർദ്ധന കേവലം വാഹനങ്ങൾ ഉപയോഗിക്കുന്നവരെ മാത്രമല്ല, ബാധിക്കുക. അവശ്യസാധനങ്ങൾക്ക് വില കുതിച്ചുയരും. അതാകട്ടെ, എല്ലാ വിഭാഗം ജനങ്ങളുടെയും ദൈനം ദിന ജീവിതത്തെയും ബാധിക്കും. ഇത് താരതമ്യേന ഏറെ ബാധിക്കുക കേരളത്തെയാണ്.

അരി, പച്ചക്കറി, മറ്റു ഭക്ഷ്യസാധനങ്ങൾ, പാൽ തുടങ്ങി എല്ലാ ദിവസവും മലയാളികൾ ഒഴിവാക്കാനാവാത്ത എല്ലാ സാധനങ്ങളുടെയും ഭൂരിഭാഗവും അയൽ സംസ്ഥാനങ്ങളിൽ നിന്നു കൊണ്ടുവരുന്നതാണ്. ഡീസൽ വില വർദ്ധിക്കുന്നതിന് ആനുപാതികമായി, ഭക്ഷ്യസാധനങ്ങൾ കൊണ്ടുവരുന്ന ട്രക്കുകൾക്ക് കൂടുതൽ വാടക നൽകേണ്ടിവരും. ആ വർദ്ധന വ്യാപാരികൾ ഈടാക്കുക ഉപഭോക്താക്കളായ സാധാരണക്കാരിൽ നിന്നാകും. നേരത്തെ ഇന്ധന വില വർദ്ധിപ്പിച്ചപ്പോൾത്തന്നെ ഹോട്ടലുകൾ വില വർദ്ധിപ്പിച്ചതാണ്. സാധാരണ ഹോട്ടലുകൾ പോലും 20 മുതൽ 25 ശതമാനം വരെ വില വർദ്ധിപ്പിച്ചു. ഓട്ടോ റിക്ഷകളിലും ടാക്സികളിലും ഒരു മാനദണ്ഡവുമില്ലാതെ ചാർജ് ഈടാക്കുന്നുണ്ട്. ഓട്ടോ റിക്ഷകളെ ഏറെയും ആശ്രയിക്കുന്നത് സാധാരണക്കാരാണല്ലോ. കെ.എസ്.ആർ.ടി.സി ബസുകളും സ്വകാര്യ ബസുകളും ഡീസൽ ഉപയോഗിക്കുന്നതു കൊണ്ട് അവരും യാത്രാ നിരക്ക് വർദ്ധിപ്പിക്കാൻ നിർബന്ധിതരാകും. അതിന്റെ ഭാരവും ആത്യന്തികമായി സാധാരണക്കാരന്റെ ചുമലിലേക്കു വരും.

ഇന്ധന വില നിർണയാധികാരം കേന്ദ്ര സർക്കാർ കൈയ്യൊഴിയുകയും അതിനുള്ള അധികാരം എണ്ണ കമ്പനികൾക്കു നൽകുകയും ചെയ്തതോടെ എണ്ണക്കമ്പനികൾ തോന്നും പടി വില കൂട്ടുന്ന സ്ഥിതി വന്നതാണ് ഗുരതര സാഹചര്യമൊരുക്കിയത്. പെട്രോൾ വില നിർണയാധികാരം രണ്ടാം യു.പി.എ ഗവൺമെന്റിന്റെ കാലത്ത് 2010 ജൂൺ 26 നാണ് കമ്പനികൾക്ക് വിട്ടു നൽകിയത്. എൻ.ഡി.എ ഗവൺമെന്റ് വന്നപ്പോൾ 2014 ഒക്ടോബർ 19 ന് ഡീസൽ വില നിശ്ചയിക്കാനുള്ള അധികാരവും കമ്പനികൾക്ക് നൽകി. ഈ ഘട്ടത്തിൽ സബ്സിഡിയും പൂർണമായും ഒഴിവാക്കി. 2020 മാർച്ച് ഒന്നു മുതൽ മണ്ണെണ്ണ സബ്സിഡിയും നിർത്തലാക്കി. അതോടെ ഇന്ധന ഉപയോഗത്തിൽ സാധാരണക്കാരനു ലഭിച്ചിരുന്ന എല്ലാ പരിരക്ഷയും അവസാനിച്ചു. എണ്ണക്കമ്പനികൾ പറയുന്ന നഷ്ടത്തിന്റെ കണക്കിന് സാധാരണ മനുഷ്യരുടെ ജീവിതം തീറെഴുതേണ്ട അവസ്ഥയായി.

യു.എസ് -ഇറാൻ സംഘർഷത്തെ തുടർന്ന് ഉണ്ടായ അടിയന്തിര സാഹചര്യം നേരിടാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി സുപ്രധാന നിർദ്ദേശങ്ങൾ മുന്നോട്ടുവച്ചിരുന്നു. യു.എ.ഇ സന്ദർശനത്തിലൂടെ ഇന്ത്യക്ക് മൂന്നു കോടി ബാരൽ എണ്ണ ലഭിക്കാനുള്ള കരാറിൽ ഏർപ്പെടുകയും ചെയ്തിട്ടുണ്ട്. ജനങ്ങളുടെ മേലുള്ള ഭാരം കുറയ്ക്കാൻ സർക്കാരുകൾ ഹ്രസ്വകാല - ദീർഘകാല ആശ്വാസ നടപടികൾ സ്വീകരിക്കേണ്ടതുണ്ട്. പൊടുന്നനെ ചെയ്യാവുന്നത് വിലവർദ്ധന മൂലം സംസ്ഥാന സർക്കാരിനു ലഭിക്കുന്ന അധിക നികുതി വേണ്ടെന്നു വയ്ക്കുകയാണ്. 2011 - 16 ലെ യു.ഡി.എഫ് സർക്കാർ അങ്ങനെ ചെയ്തതുമാണ്. ഇക്കാര്യം മാദ്ധ്യമ പ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോൾ അത് പരിശോധിക്കും എന്ന പ്രതീക്ഷാനിർഭരമായ മറുപടിയാണ് നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശനിൽ നിന്നുണ്ടായത്. അത് അദ്ദേഹം ചെയ്യും എന്നും നമുക്കു കരുതാം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY