പത്തനംതിട്ട : യു.ഡിഎഫിന് നാല് എം.എൽ.എമാരെ നൽകിയിട്ടും പത്തനംതിട്ട ജില്ലയ്ക്ക് മന്ത്രിസഭയിൽ ഇടമില്ല. 22 വർഷമായി എല്ലാ മന്ത്രി സഭയിലും ജില്ലയിൽ നിന്നൊരു മന്ത്രി ഉറപ്പായിരുന്നു. ഇത്തവണ ആ പതിവ് തെറ്റി. റാന്നിയിൽ നിന്ന് ജയിച്ച പഴകുളം മധുവിന് മന്ത്രി സ്ഥാനം ലഭിക്കുമെന്ന് തുടക്കത്തിൽ പ്രതീക്ഷയുണ്ടായിരുന്നെങ്കിലും ലഭിച്ചില്ല. ജില്ലയിൽ നിന്നുള്ള മന്ത്രിയില്ലാതെയാണ് പുതിയ മന്ത്രിസഭ അധികാരമേൽക്കുന്നത്. . 2004-ലെ ഉമ്മൻചാണ്ടി മന്ത്രിസഭയിൽ ജില്ലയിൽ നിന്ന് അടൂർ മണ്ഡലത്തെ പ്രതിനിധീകരിച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ ജലവിഭവ വകുപ്പ് മന്ത്രിയും അടൂർ പ്രകാശ് ഭക്ഷ്യ-പൊതുവിതരണ മന്ത്രിയുമായിരുന്നു. 2006-ലെ വി.എസ്.അച്യുതാനന്ദൻ മന്ത്രിസഭയിൽ തിരുവല്ലയിൽ നിന്ന് മാത്യു ടി.തോമസ് 2009 മാർച്ച് 20 വരെ ഗതാഗത മന്ത്രിയായി. 2011-ലെ ഉമ്മൻചാണ്ടി മന്ത്രിസഭയിൽ കോന്നിയിൽ നിന്ന് അടൂർ പ്രകാശ് റവന്യൂ,കയർ മന്ത്രിയായി.
2016ലെ പിണറായി മന്ത്രിസഭയിൽ തിരുവല്ലയിൽ നിന്ന് മാത്യു ടി.തോമസ് ജലവിഭവവകുപ്പും 2021-ലെ പിണറായി മന്ത്രിസഭയിൽ ആറൻമുളയിൽ നിന്ന് വീണാ ജോർജ് ആരോഗ്യ വകുപ്പും മന്ത്രിമാരായി. കഴിഞ്ഞ തവണ ജില്ലയിലെ അഞ്ച് മണ്ഡലവും എൽ.ഡി.എഫ് നേടിയിരുന്നു. ഇത്തവണ കോന്നി ഒഴികെ മറ്റെല്ലാം മണ്ഡലവും നേടിയിട്ടും മന്ത്രി പദവി കിട്ടിയില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |