ന്യൂഡൽഹി: അയോദ്ധ്യ ഭൂമിതർക്ക കേസിൽ സുപ്രീംകോടതി പുറപ്പെടുവിച്ച വിധിയെ താൻ മാനിക്കുന്നതായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രാജ്യത്തെ ജനങ്ങളെല്ലാം പരസ്പര ഐക്യം കാത്തുസൂക്ഷിക്കണമെന്നും ഇന്ത്യക്കാർക്കിടയിലെ സാഹോദര്യത്തിന്റെയും വിശ്വാസത്തിന്റെയും സ്നേഹത്തിന്റെയും കാലമാണിതെന്നും അദ്ദേഹം ട്വിറ്റർ കുറിപ്പിലൂടെ അഭിപ്രായപ്പെട്ടു. അതേസമയം ജനങ്ങൾക്ക് നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസം ഊട്ടിയുറപ്പിക്കാൻ അയോദ്ധ്യ കേസിലെ വിധി കൊണ്ട് കഴിഞ്ഞെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ട്വീറ്റ് ചെയ്തിരുന്നു.
തർക്ക ഭൂമിയിൽ ക്ഷേത്രം നിർമ്മിക്കണമെന്ന സുപ്രീം കോടതിവിധി ആരുടെയും വിജയവും പരാജയവും ആയി കാണരുതെന്നും സമാധാനവും ഒരുമയും ജയിക്കട്ടെയെന്നും മോദി ട്വീറ്റിലൂടെ പറഞ്ഞിരുന്നു. അയോദ്ധ്യ ഭൂമി തർക്ക കേസിൽ 2.77 ഏക്കർ തർക്കസ്ഥലത്ത് ക്ഷേത്രം നിർമിക്കാൻ സുപ്രീംകോടതി ഇന്ന് അനുമതി നൽകിയിരുന്നു. മുസ്ലിം പള്ളി നിർമിക്കാനായി പകരം അഞ്ച് ഏക്കർ തർക്കഭൂമിക്കു പുറത്ത് അയോദ്ധ്യയിൽത്തന്നെ അനുവദിക്കാനും കോടതി ഉത്തരവിട്ടു. അതേസമയം, കേസിൽ കക്ഷിയായിരുന്ന ആർക്കും കോടതി സ്ഥലം വിട്ടുകൊടുത്തിരുന്നില്ല. ഇന്ന് രാവിലെ 10:30 മണി സമയത്താണ് സുപ്രീം കോടതിയുടെ വിധി വന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |