ന്യൂഡൽഹി: എം.ടി.എൻ.എല്ലുമായുള്ള ലയനത്തിന് മുന്നോടിയായി ബി.എസ്.എൻ.എൽ പ്രഖ്യാപിച്ച വി.ആർ.എസ് (സ്വയം വിരമിക്കൽ) പദ്ധതിയിലേക്ക് ഇതിനകം അപേക്ഷിച്ചത് 70,000 ജീവനക്കാർ. മൊത്തം 1.74 ലക്ഷം ജീവനക്കാരാണ് ബി.എസ്.എൻ.എല്ലിനുള്ളത്. ഇതിൽ ഒരുലക്ഷം പേർ വി.ആർ.എസിന് അർഹരാണ്. ഇവരിൽ 70,000 മുതൽ 80,000 വരെ പേർ വി.ആർ.എസ് തിരഞ്ഞെടുക്കുമെന്നായിരുന്നു ബി.എസ്.എൻ.എൽ പ്രതീക്ഷിച്ചിരുന്നത്.
കഴിഞ്ഞയാഴ്‌ചയാണ് വി.ആർ.എസ് തിരഞ്ഞെടുക്കാനുള്ള പദ്ധതിക്ക് ബി.എസ്.എൻ.എൽ തുടക്കമിട്ടത്. ഡിസംബർ മൂന്നുവരെ അപേക്ഷിക്കാം. അപേക്ഷകർ 2020 ജനുവരി 31ന് വിരമിക്കും. ലക്ഷ്യമിട്ടത്ര ജീവനക്കാർ വി.ആർ.എസ് തിരഞ്ഞെടുത്താൽ മൊത്തം ചെലവിൽ 7,000 കോടി രൂപ ബി.എസ്.എൻ.എല്ലിന് ലാഭിക്കാനാകും. എം.ടി.എൻ.എല്ലും വി.ആർ.എസ് പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്.
നഷ്‌ടം കുമിഞ്ഞു കൂടുന്ന ഇരു പൊതുമേഖലാ ടെലികോം സ്ഥാപനങ്ങളെയും തമ്മിൽ ലയിപ്പിക്കാൻ കഴിഞ്ഞമാസമാണ് കേന്ദ്രസർക്കാർ തീരുമാനിച്ചത്. മൊത്തം 40,000 കോടി രൂപയുടെ കടബാദ്ധ്യതയാണ് ഇരു കമ്പനികൾക്കും സംയുക്തമായുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |