ശബരിമല: മാളികപ്പുറം മേൽശാന്തിക്കായി നിർമ്മിച്ചകെട്ടിടത്തിലെ (മേൽശാന്തിമഠം) പ്രധാനമുറികൾ ദേവസ്വം ഉദ്യോഗസ്ഥർ കൈവശപ്പെടുത്തിയതായി പരാതി. ഇതോടെ പഴയ ഷെഡ്ഡിലുണ്ടായിരുന്ന ഇടം പോലുമില്ലാതെ മേൽശാന്തിമാരും പരികർമ്മികളും ബുദ്ധിമുട്ടുകയാണ്. മുൻവർഷങ്ങളിൽ ചോർന്നൊലിക്കുന്ന ഒരു ചെറിയ ഷെഡ്ഡിലാണ് മേൽശാന്തിമാർ താമസിച്ചിരുന്നത്. തുടർന്ന് മൂന്നുമാസംമുമ്പ് 75 ലക്ഷം രൂപ മുടക്കി മാളികപ്പുറം മേൽശാന്തിക്കായി ഇരുനിലകെട്ടിടം നിർമ്മിക്കുകയായിരുന്നു. ഇത് രണ്ടുദിവസംമുമ്പ് ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ.വാസു ഉദ്ഘാടനം ചെയ്യുകയും ചെയ്തു. പേര് മേൽശാന്തിമഠം എന്നാണെങ്കിലും ബോർഡ് ഉദ്യോഗസ്ഥരുടെ താവളമായി മാറിയിരിക്കുകയാണ് ഈ കെട്ടിടം.കെട്ടിടത്തിന്റെ മുകളിൽ രണ്ടുമുറിയും ഒരു ഹാളുമാണുള്ളത്. മുറികളിൽ ഒന്ന് സ്‌പെഷ്യൽ ഓഫീസർക്കും അടുത്തമുറി അസി.സ്‌പെഷ്യൽ ഓഫീസർക്കുമാണ് നൽകിയിരിക്കുന്നത്. ഹാളിൽ മേൽശാന്തിയുടെ 20 പരികർമ്മികളാണ് കിടക്കുന്നത്. ഇവർക്ക് സൗകര്യമായി കിടക്കാനുള്ള ഇടംപോലും ഈ ഹാളിലില്ല. ഇവിടെ രണ്ട് കട്ടിൽ മാത്രമാണുള്ളത്. മറ്റുള്ളവർ നിലത്ത് പായ വിരിച്ചാണ് കിടക്കുന്നത്. താഴത്തെനിലയിൽ രണ്ടുമുറിയും അടുക്കളയുമാണ് മാളികപ്പുറം മേൽശാന്തിക്കായി നൽകിയിരിക്കുന്നത്. കൂടാതെ പൂജാ സ്റ്റോറിനായി ഒരു മുറിയുണ്ട്.
മറ്റൊരുമുറി ദേവസ്വം കഴകത്തിനാണ് നൽകിയിരിക്കുന്നത്. മഠത്തിലെത്തുന്ന ഭക്തർക്ക് മേൽശാന്തിയെക്കണ്ട് പ്രസാദംവാങ്ങാനുള്ള സൗകര്യവുമില്ല. പ്രധാന വാതിൽ കടന്നെത്തുമ്പോൾ വലതുവശത്ത് ഒരുമൂലയിലാണ് മേൽശാന്തിയിരിക്കുന്നത്. ഭക്തർക്കായി പ്രസാദം ഒരുക്കിവയ്ക്കാൻ പോലുമുള്ള സൗകര്യമില്ല. ദേവസ്വം ഉദ്യോഗസ്ഥർ പലസമയങ്ങളിലായി രാത്രി ഏറെ വൈകിയാണ് അവരുടെ മുറികളിൽ എത്തുന്നത്. ഇതുകാരണം മേൽശാന്തി മഠത്തിലെ പ്രധാനവാതിൽ അടയ്ക്കാൻ കഴിയാത്ത സ്ഥിതിയാണ്. ഇതുകാരണം പ്രസാദമടക്കമുള്ള സാധനങ്ങൾ സൂക്ഷിക്കാനും കഴിയുന്നില്ല. പുലർച്ചെ മൂന്നിന് നടതുറക്കണമെങ്കിൽ പുലർച്ചെ രണ്ടിന് ഉറക്കമെഴുന്നേൽക്കേണ്ടതായിവരുന്നു, എന്നാൽ ദേവസ്വം ഉദ്യോഗസ്ഥർ രാത്രി വളരെ വൈകിയെത്തുന്നതിനാൽ മേൽശാന്തി അടക്കമുള്ളവർക്ക് നേരത്തെ ഉറങ്ങാനും സാധിക്കുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |