ന്യൂഡൽഹി: ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ട കേസ് വിശാല ബെഞ്ചിനു വിട്ടത് സാധുവായ തീരുമാനമെന്ന് സുപ്രീം കോടതി. ഇത് സംബന്ധിച്ച എതിർപ്പുകളെല്ലാം ചീഫ് ജസ്റ്റിസ് തള്ളി. ശബരിമല കേസിലെ പരിഗണനാ വിഷയങ്ങൾ തീരുമാനിച്ചു എന്നും കോടതി വ്യക്തമാക്കി. രണ്ട് വിഭാഗമായി കേസ് പരിഗണിക്കാനാണ് തീരുമാനം. ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അദ്ധ്യക്ഷനായ ഒമ്പതംഗ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.
ഏഴ് പരിഗണന വിഷയങ്ങളായിരിക്കും വിശാലബെഞ്ച് പരിഗണിക്കുക. ഭരണഘടന പ്രകാരമുള്ള മത സ്വാതന്ത്ര്യത്തിന്റെ പരിധി എന്താണ് എന്നതായിരിക്കും ആദ്യ പരിഗണനാവിഷയം. ഭരണഘടനയുടെ അനുഛേദം 25 പ്രകാരം ഉള്ള മത സ്വാതന്ത്ര്യത്തിന്റെ പരിധി എന്താണ് ? ഭരണഘടനയുടെ ഇരുപത്തിയഞ്ചാം അനുഛേദത്തിൽ പറയുന്ന 'മൊറാലിറ്റി' യുടെ അർത്ഥം എന്താണ് ...? അനുഛേദം 25 നൽകുന്ന മതസ്വാതന്ത്ര്യത്തിനുള്ള അവകാശവും അുനഛേദം 26 പ്രകാരം പ്രത്യേക മതവിഭാഗങ്ങൾക്കുള്ള അവകാശവും മറ്റ് മൗലിക അവകാശവുമായി ബന്ധപ്പെടുന്നത് എങ്ങനെ ...? മത സ്വതന്ത്ര്യവും പ്രത്യേക മത വിഭാഗങ്ങൾക്കുള്ള സ്വതന്ത്ര്യവും തമ്മിലുള്ള ബന്ധം ..? ഇങ്ങനെയുള്ള ഏഴ് ചോദ്യങ്ങളാണ് പരിഗണന വിഷയങ്ങൾ. ഈ മാസം 17ന് വാദം ആരംഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |