ന്യൂഡൽഹി: മാർച്ച് മൂന്നിന് തൂക്കിക്കൊല്ലാൻ ശിക്ഷ വിധിക്കപ്പെട്ട നിർഭയ കേസ് പ്രതി വിനയ് ശർമയ്ക്ക് കടുത്ത മാനസിക പ്രശ്‌നങ്ങളുണ്ടെന്നും വൈദ്യ സഹായം ലഭ്യമാക്കണമെന്നുമുള്ള ഹർജി പട്യാല കോടതി തള്ളി. മാനസിക അസ്വാസ്ഥ്യമില്ലെന്ന തിഹാർ ജയിൽ അധികൃതരുടെ റിപ്പോർട്ടിനെ തുടർന്നാണിത്.
വിനയിന്റെ തലയിലെ പരിക്ക് ജയിൽ ഭിത്തിയിൽ സ്വയം ഇടിച്ചത് മൂലമുണ്ടായതാണെന്നും മാനസിക രോഗമുള്ളതായി പരിശോധനാ റിപ്പോർട്ടുകളില്ലെന്നും ജയിൽ അധികൃതർ വ്യക്തമാക്കി. സ്വന്തം അമ്മയെ തിരിച്ചറിയാൻ കഴിയില്ലെന്ന് പറയുന്ന വിനയ് ശർമ അമ്മയെയും അഭിഭാഷകനെയും കഴിഞ്ഞ ദിവസങ്ങളിൽ ജയിൽ ഫോണിൽ വിളിച്ചിരുന്നു. വധശിക്ഷയിൽ നിന്ന് രക്ഷപ്പെടാനാണ് പുതിയ തന്ത്രങ്ങളെന്നും ജയിൽ അധികൃതർ കോടതിയിൽ പറഞ്ഞു. ജയിലിലെ സി.സി. ടിവി ദൃശ്യങ്ങളും കൈമാറിയിരുന്നു.
വിനയ് ശർമ്മയ്ക്കല്ല അയാളുടെ അഭിഭാഷകനായ എ.പി. സിംഗിനാണ് മാനസിക ബുദ്ധിമുട്ടുകളെന്നും അയാൾക്കാണ് വിശ്രമം വേണ്ടതെന്നും നിർഭയയുടെ അമ്മ ആശാദേവി പ്രതികരിച്ചു.
'പ്രതികളോട് അവയവദാനത്തിന് നിർദ്ദേശിക്കണം"
പ്രതികളോട് അവയവദാനം ചെയ്യാൻ നിർദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ട് മുംബയ് ഹൈക്കോടതി മുൻ ജഡ്ജി മൈക്കിൾ എസ്. സൽധാൻഹ, അഭിഭാഷകനായ ദിൽരാജ് രോഹിത് സെക്വിറ, ഒഫ് ദ പീപ്പിൾസ് യൂണിയൻ ഫോർ സിവിൽ ലിബർട്ടീസിന്റെ മംഗളുരു ചാപ്റ്റർ പ്രസിഡന്റ് എന്നിവർ സുപ്രീംകോടതിയിൽ ഹർജി നൽകി. അവയവദാനത്തിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ തിഹാർ ജയിലധികൃതർക്ക് നിർദ്ദേശം നൽകണമെന്നും പ്രതികൾക്ക് പ്രായശ്ചിത്തം ചെയ്യാനുള്ള അവസാന അവസരമായി അവയവദാനത്തെ കണക്കാക്കണമെന്നും ഹർജിയിൽ പറഞ്ഞു.
ആർച്ചാർക്ക് നിർദ്ദേശം മാർച്ച് മൂന്നിന് വധശിക്ഷ നടപ്പാക്കേണ്ടതിനാൽ രണ്ടു ദിവസം മുമ്പ് ആർച്ചാരെ ജയിലിൽ എത്തിക്കണമെന്ന് തീഹാർ ജയിൽ അധികൃതർ, ഉത്തർപ്രദേശ് ജയിൽ വകുപ്പിന് കത്തയച്ചു. വധശിക്ഷ നടപ്പാക്കാനുള്ള നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കുന്ന തിരക്കിലാണ് ജയിൽ അധികൃതർ. വധശിക്ഷയ്ക്ക് മുന്നോടിയായി കുറ്റവാളികൾക്ക് കുടുംബാംഗങ്ങളെ കാണാൻ അവസരം ഒരുക്കിയതായി ജയിൽ അധികൃതർ അറിയിച്ചു. മുകേഷ് സിംഗ്, പവൻ ഗുപ്ത എന്നിവർ ഈ മാസം ആദ്യം കുടുംബാംഗങ്ങളെ കണ്ടു. അക്ഷയ് താക്കൂർ, വിനയ് ശർമ എന്നിവർക്ക് ഉടൻ ബന്ധുക്കളെ കാണാനാകും. ഇവരുടെ വീട്ടുകാർക്ക് കത്തയച്ചിട്ടുണ്ട്. എന്നാൽ പവൻഗുപ്ത ഇതുവരെ ദയാഹർജി നൽകിയിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |