കൊറോണ ഭീഷണിയെത്തുടർന്ന് ഭാരതം മുഴുവൻ 'ലോക്ക് ഡൗൺ ' ആയി പ്രഖ്യാപിക്കപ്പെട്ട പശ്ചാത്തലത്തിൽ സംസ്ഥാനത്തിന് സഹായ ഹസ്തവുമായി ഏരീസ് ഗ്രൂപ്പ്. പ്രതിസന്ധി ഘട്ടങ്ങളിൽ പൊതുവായി ചെയ്യാറുള്ള സാമൂഹ്യ ക്ഷേമപദ്ധതി എന്നതിനപ്പുറം ഇപ്പോഴത്തെ അടിയന്തിര സാഹചര്യത്തിൽ ആരോഗ്യ മേഖലയ്‌ക്ക് കരുത്ത് പകരാനുള്ള പദ്ധതിയുമായാണ് യു.എ.ഇ ആസ്ഥാനമായ ഏരീസ് ഗ്രൂപ്പിന്റെ സി.ഇ.ഒ ഡോ. സോഹൻ റോയ് രംഗത്ത് വന്നിരിക്കുന്നത്. ലോക്ക് ഡൗണിൽ പെട്ട് പോയവർക്ക് ഭക്ഷണം വിതരണം ചെയ്യുക എന്നതിനേക്കാൾ ഗുരുതരാവസ്ഥയിൽ കിടക്കുന്ന രോഗികൾക്ക് വെന്റിലേറ്ററുകൾ സംഭാവന നൽകുക എന്നതിന് പ്രാധാന്യം നൽകേണ്ടതിന്റെ ആവശ്യകത അദ്ദേഹം എടുത്തു പറഞ്ഞു.
"കേരളത്തിലെ ആരോഗ്യമേഖല വളരെ സ്തുത്യർഹമായ സേവനമാണ് കാഴ്ച്ച വയ്ക്കുന്നതെങ്കിലും വെന്റിലേറ്ററുകൾ ഇല്ലാത്ത ഒരു അവസ്ഥ വന്നാൽ ആരോഗ്യ രംഗം നിശ്ചലമാകും. രോഗികളുടെ എണ്ണം അഭൂതപൂർവ്വമായി വർധിക്കുന്ന ഒരു സാഹചര്യം സംജാതമായാൽ വെന്റിലെറ്ററുകൾക്ക് കടുത്ത ദൗർലഭ്യം അനുഭവപ്പെടും. ഇത് കണക്കിലെടുത്ത് കേരളത്തിലെ പത്ത് ജില്ലകൾക്ക് ഓരോ വെന്റിലേറ്ററുകൾ വീതം സംഭാവന നൽകാൻ ഏരീസ് ഗ്രൂപ്പ് തീരുമാനിക്കുന്നതോടൊപ്പം, മറ്റുള്ള കമ്പനികളും ഇതേ മാതൃക പിന്തുടർന്ന് നമ്മുടെ ആരോഗ്യ വകുപ്പ് നേരിട്ടേക്കാവുന്ന ഒരു പ്രതിസന്ധിക്ക് പരിഹാരം ഉണ്ടാക്കണമെന്നും അഭ്യർത്ഥിക്കുകയാണ് " ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെ അദ്ദേഹം വ്യക്തമാക്കി.
ഇതോടൊപ്പം, രണ്ടായിരം പാവപ്പെട്ട കുടുംബങ്ങളുടെ സംരക്ഷണം ലോക്ക് ഡൗൺ കാലത്ത് ഏറ്റെടുക്കാൻ സ്ഥാപനത്തിലെ ജീവനക്കാരോടും സോഹൻ റോയ് ആവശ്യപ്പെട്ടു.ഇത് പ്രകാരം സ്ഥാപനത്തിലെ ഓരോ ജീവനക്കാരനും, നിത്യവൃത്തിക്ക് ബുദ്ധിമുട്ടുന്ന ഒരു പാവപ്പെട്ട കുടുംബത്തെ കണ്ടെത്തി സംരക്ഷിക്കുകയും അവരുടെ ജീവിതാവശ്യങ്ങൾ നിറവേറ്റാൻ സഹായിക്കുകയും ചെയ്യാവുന്നതാണ്. ദിവസവേതനം കൊണ്ട് ജീവിതം തള്ളി നീക്കുന്ന തൊഴിലാളികൾക്ക് ഈ സമ്പൂർണ്ണ 'ലോക്ക് ഡൗൺ ' വരുത്തിവയ്ക്കുന്ന ബുദ്ധിമുട്ടുകൾ പരിഗണിച്ചാണ് ഇത്തരമൊരു പദ്ധതിക്ക് അദ്ദേഹം രൂപം നൽകിയത്.
പ്രകൃതി ദത്തമോ മനുഷ്യ നിർമ്മിതമോ എന്ന് നോക്കാതെ ദുരന്തങ്ങൾ ഉണ്ടായപ്പോഴൊക്കെ കൃത്യമായ സാമൂഹ്യ സുരക്ഷാ പദ്ധതികൾ ഏരീസ് ഗ്രൂപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കിയിട്ടുണ്ട്. രണ്ടായിരത്തിപ്പതിനഞ്ചിലെ നേപ്പാൾ ദുരന്തത്തെത്തുടർന്ന് വീട് നഷ്ടപ്പെട്ടവർക്കായി ഇരുനൂറിലധികം പാർപ്പിടങ്ങൾ നിർമ്മിക്കാൻ ഗ്രൂപ്പ് മുൻകൈ എടുത്തിരുന്നു. കേരളത്തിൽ വെള്ളപ്പൊക്കദുരന്തം ഉണ്ടായതിനെത്തുടർന്നുണ്ടായ രക്ഷാപ്രവർത്തങ്ങളിലും പുനരധിവാസപദ്ധതികളിലും ഏരീസ് ടീം നടത്തിയ പ്രവർത്തനങ്ങൾ വ്യാപകപ്രശംസ പിടിച്ചു പറ്റിയിരുന്നു.
വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിൽ ഏകദേശം അൻപതോളം വീടുകളും ഏരീസ് ഗ്രൂപ്പ് നിർമ്മിച്ചു നൽകിയിട്ടുണ്ട്. ഇൻഡിവുഡ് ബില്ല്യണേഴ്സ് ക്ലബ്ബിന്റെ സ്ഥാപക ചെയർമാൻ എന്ന നിലയിൽ സ്വയം മുൻകയ്യെടുത്ത് നടപ്പാക്കുന്ന ഇത്തരം പദ്ധതികൾ, മറ്റ് ബില്യനേഴ്‌സിനും ഇതുപോലെയുള്ള സാമൂഹിക സുരക്ഷാ പദ്ധതികളിൽ സജീവമായി പങ്കെടുക്കാനുള്ള ഒരു പ്രേരണ നൽകുമെന്നതാണ് അദ്ദേഹത്തിന്റെ കാഴ്ച്ചപ്പാട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |