ഏപ്രിലിൽ കൊച്ചി തുറമുഖം വഴിയുള്ള ചരക്കുനീക്കം കുത്തനെ കുറഞ്ഞു
കൊച്ചി: കൊവിഡ്-19 മഹാമാരി ആഗോളതലത്തിൽ ബിസിനസ് ഇടപാടുകളെ ബാധിച്ചതോടെ, കൊച്ചി തുറമുഖം വഴിയുള്ള ചരക്കുനീക്കം ഏപ്രിലിൽ ഇടിഞ്ഞു. 2019 ഏപ്രിലിൽ 2.83 മില്യൺ മെട്രിക് ടൺ ചരക്ക് കൈകാര്യം ചെയ്‌ത കൊച്ചി തുറമുഖം വഴി ഇക്കുറി ഏപ്രിലിൽ കടന്നുപോയത് 1.87 മില്യൺ മെട്രിക് ടൺ. ഇടിവ് 33.72 ശതമാനം.
കണ്ടെയ്‌നർ നീക്കം 0.50 ലക്ഷം ടി.ഇ.യുവിൽ (ട്വന്റി ഫുട് ഇക്വലന്റ് യൂണിറ്ര്) 47.20 ശതമാനം നഷ്‌ടവുമായി 0.26 ലക്ഷം ടി.ഇ.യുവിലെത്തി. കൊച്ചി തുറമുഖം ഏറ്റവുമധികം കൈകാര്യം ചെയ്യുന്ന പെട്രോളിയം, മറ്ര് പെട്രോളിയം ഉത്‌പന്നങ്ങൾ എന്നിവയുടെ നീക്കം 1.83 മില്യൺ മെട്രിക് ടണ്ണിൽ നിന്ന് 1.37 മില്യൺ മെട്രിക് ടണ്ണായും കുറഞ്ഞു. നഷ്‌ടം 25.16 ശതമാനം.
മാർച്ച് 31ന് സമാപിച്ച 2019-20 സാമ്പത്തിക വർഷത്തിൽ മികച്ച നേട്ടം കൊയ്‌ത കൊച്ചി തുറമുഖം, കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയം മുന്നോട്ടുവച്ച ലക്ഷ്യവും മറികടന്നിരുന്നു. എന്നാൽ, നടപ്പുവർഷത്തെ (2020-21) ആദ്യമാസം ലോക്ക്ഡൗണും കൊവിഡും മൂലം കയ്‌പേറിയതായി. ആഗോളതലത്തിൽ ലോക്ക്ഡൗണിൽ ഇളവുകൾ വന്നുതുടങ്ങിയത് വരുംമാസങ്ങളിൽ ചരക്കുനീക്കം മെച്ചപ്പെടാൻ സഹായിക്കുമെന്നാണ് പ്രതീക്ഷയെന്ന് കൊച്ചി തുറമുഖ ട്രസ്‌റ്ര് ട്രാഫിക് വിഭാഗം അധികൃതർ 'കേരളകൗമുദി"യോട് പറഞ്ഞു.
നേട്ടത്തിന്റെ തീരം
6.31%
കഴിഞ്ഞ സമ്പദ്‌വർഷം (2019-20) കൊച്ചി തുറമുഖം വഴിയുള്ള മൊത്തം ചരക്കുനീക്കം 34.04 മില്യൺ മെട്രിക് ടൺ. വർദ്ധന 6.31 ശതമാനം.
ഷിപ്പിംഗ് മന്ത്രാലയം മുന്നോട്ടുവച്ച 33 മില്യൺ മെട്രിക് ടൺ എന്ന ലക്ഷ്യവും കൊച്ചി മറികടന്നു
705 മില്യൺ ടൺ
2019-20ൽ ഇന്ത്യയിലെ 12 മേജർ തുറമുഖങ്ങളും കൂടി കൈകാര്യം ചെയ്‌തത് മൊത്തം 705 മില്യൺ ടൺ ചരക്കാണ്. 2018-19ലെ 699.10 മില്യൺ ടണ്ണിനെ അപേക്ഷിച്ച് നേരിയ വർദ്ധന മാത്രം.
കൊച്ചി തുറമുഖം ദേശീയ ശരാശരിയേക്കാൾ മികച്ച വളർച്ച നേടി; 6.31%. ദേശീയ വളർച്ച ഒരു ശതമാനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |