ചാവക്കാട്: ബംഗളൂരുവിൽ നിന്ന് കഞ്ചാവ് കടത്തി ബ്ലാങ്ങാട് ബീച്ചിലെ സ്വകാര്യ ലോഡ്ജിൽ ഒളിച്ചു താമസിക്കുകയായിരുന്ന പ്രതിയെ പിടികൂടിയ എക്‌സൈസ് സംഘം വെട്ടിലായി. പ്രതി ബുധനാഴ്ച രാത്രി ബംഗളൂരുവിൽ നിന്ന് അനധികൃതമായി എത്തിയ ആളാണെന്ന് വ്യക്തമായതോടെ ചാവക്കാട് എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ കെ.വി ബാബു ഉൾപ്പെടെയുള്ള അഞ്ചു പേരടങ്ങുന്ന എക്‌സൈസ് ഉദ്യോഗസ്ഥർ ക്വാറന്റൈനിൽ പ്രവേശിച്ചു.
ജില്ലാ മെഡിക്കൽ ഓഫീസിൽ നിന്നുള്ള നിർദ്ദേശത്തെ തുടർന്നായിരുന്നു ക്വാറന്റൈൻ. 100 ഗ്രാം കഞ്ചാവുമായി എക്‌സൈസ് അറസ്റ്റു ചെയ്ത മണത്തല കുരിക്കളകത്ത് ജാഫറിനെ (42) ജാമ്യം നൽകിയ ശേഷം ചാവക്കാട് താലൂക്ക് ആശുപത്രിയിലെ കൊറോണ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. ഇയാളുടെ കോവിഡ് 19 പരിശോധന ഇന്നലെ ആരോഗ്യവകുപ്പ് നടത്തി.
ഇയാളുടെ പരിശോധനാ ഫലം നെഗറ്റീവാണെന്ന റിപ്പോർട്ടു കിട്ടുന്നതു വരെ ഉദ്യോഗസ്ഥർ ക്വാറന്റൈനിൽ തുടരണം. ഇന്നലെ രാവിലെയാണ് അഞ്ചു കിലോ കഞ്ചാവുമായി ഒരാൾ ലോഡ്ജിൽ താമസിക്കുന്നെന്ന രഹസ്യവിവരം ലഭിച്ചത്. എക്‌സൈസ് സംഘത്തോട് പരസ്പര വിരുദ്ധമായി സംസാരിച്ച ഇയാൾ വാളയാർ വഴി ലോറിയിൽ ഒളിച്ചുകടന്നാണ് ബംഗളൂരുവിൽ നിന്ന് നാട്ടിലെത്തിയതെന്ന് ആദ്യം പറഞ്ഞു. എന്നാൽ ബൈക്കിലാണ് വന്നതെന്ന് പിന്നീട് മാറ്റിപ്പറഞ്ഞു. ഇയാൾ ബംഗളൂരുവിൽ നിന്ന് നാട്ടിലെത്തിച്ചതെന്നു കരുതുന്ന അഞ്ച് കിലോ കഞ്ചാവ് വിറ്റെന്നാണ് എക്‌സൈസിന്റെ അനുമാനം. ഇയാളുടെ പക്കൽ നിന്ന് 100 ഗ്രാം കഞ്ചാവിന് പുറമെ 40,000 രൂപയും കണ്ടെത്തി. കഞ്ചാവ് വിറ്റ പണമാണിതെന്നാണ് നിഗമനം. എക്‌സൈസ് പ്രിവന്റീവ് ഓഫീസർ കെ. സുനിൽകുമാർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ എം.എസ് സുധീർ കുമാർ, റാഫി, രാജേഷ് എന്നിവരാണ് എക്‌സൈസ് സംഘത്തിലുണ്ടായിരുന്ന മറ്റ് ഉദ്യോഗസ്ഥർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |