തിരുവനന്തപുരം: ലോക്ക് ഡൗൺ ഇളവിനെ തുടർന്ന് കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകൾ ഇന്നു രാവിലെ ഏഴുമുതൽ സർവീസ് നടത്തും. സുരക്ഷിത അകലം പാലിക്കാനായി സീറ്റുകളുടെ എണ്ണത്തിൽ പകുതി യാത്രക്കാരെ മാത്രമേ അനുവദിക്കുകയുള്ളൂ. ജീവനക്കാർക്കും യാത്രക്കാർക്കും മാസ്‌ക് നിർബന്ധമാണ്. ബസിൽ കയറുന്നതിന് മുമ്പ് സാനിറ്റൈസർകൊണ്ട് കൈകൾ വൃത്തിയാക്കണം. ഇതോടെ ടിക്കറ്റ് നിരക്ക് വർദ്ധനയും പ്രാബല്യത്തിൽവരും. 12 രൂപയാണ് മിനിമം. 1850 ബസുകളാണ് സംസ്ഥാനത്ത് നിരത്തിലിറങ്ങാനായി സജ്ജമായിട്ടുള്ളത്. അത്രയും തന്നെ സാനിട്ടൈസറും എത്തിച്ചിട്ടുണ്ട്.
ദിവസം അഞ്ചരലക്ഷം കിലോമീറ്റർ ബസുകൾ ഓടിക്കേണ്ടിവരുമെന്നാണ് പ്രാഥമിക നിഗമനം. ഇതിനാവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തി ബസുകൾ സജ്ജീകരിച്ചു. ബസുകളുടെ അവസാനവട്ട അറ്റകുറ്റപ്പണികൾ ഇന്നലെ പൂർത്തിയാക്കിയിരുന്നു. 50 ശതമാനത്തിലധികം ഡ്രൈവർ, കണ്ടക്ടർ, മെക്കാനിക്കൽ വിഭാഗം ജീവനക്കാരെ ജോലിക്ക് നിയോഗിക്കാൻ ഡിപ്പോമേധാവികൾക്ക് അനുമതി നൽകി. 50 ശതമാനം മിനിസ്റ്റീരിയൽ ജീവനക്കാരും ജോലിക്ക് ഹാജരാകണം.
സ്വകാര്യബസുകളില്ലെങ്കിൽ യാത്രാക്ലേശം പരിഹരിക്കാൻ കഴിയുന്ന വിധത്തിൽ ബസുകൾ വിന്യസിക്കാൻ അതത് ഡിപ്പോ മേധാവികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. യാത്രക്കാർ കൂടുതലുള്ള റൂട്ടുകളിലാകും ബസുകൾ ഓടിക്കുക. തിരക്ക് അനുസരിച്ച് മുൻഗണനാക്രമം നിശ്ചയിച്ചിട്ടുണ്ട്.
സർവീസ് ജില്ലയ്ക്കുള്ളിൽ മാത്രം
രാവിലെ 7 മുതൽ 11 വരെ തിരക്കുള്ള പാതകളിൽ തുടർച്ചയായി ബസ് സർവീസ് നടത്തും. ഇതു കഴിഞ്ഞാൽ ബസുകളുടെ എണ്ണം കുറയ്ക്കുകയും വൈകിട്ട് നാലിന് ശേഷം വീണ്ടും കൂട്ടുകയും ചെയ്യും. യാത്രക്കാർ ബസിന്റെ പിൻ വാതിലിലൂടെ കയറി, മുൻവശത്ത് കൂടി ഇറങ്ങാം. സീറ്റുകളുടെ എണ്ണം കണക്കിലെടുത്ത് 22 മുതൽ 31 യാത്രക്കാരെ വരെ കയറ്റാനാകും.
കൂടുതൽ യാത്രക്കാർ തള്ളിക്കയറിയാൽ ബസ് നിറുത്തിയിടാനും പൊലീസിന്റെ സഹായം തേടാനും നിർദേശമുണ്ട്. സ്റ്റോപ്പിൽ ഒരാൾ ഇറങ്ങിയാൽ എത്രപേരുണ്ടെങ്കിലും ഒരാളെ മാത്രമേ കയറാൻ അനുവദിക്കൂ.
ജില്ലയ്ക്കുള്ളിലെ ഫാസ്റ്റ് പാസഞ്ചർ സർവീസുകൾ ഓർഡിനറി സർവീസുകളാകും.
കറൻസി രഹിത യാത്ര
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസുകളിൽ കറൻസിരഹിത യാത്രയ്ക്ക് പരീക്ഷണാടിസ്ഥാനത്തിൽ തുടക്കമായി. റീചാർജ് ചെയ്ത് ഉപയോഗിക്കാവുന്ന യാത്രാ കാർഡുകളുടെ ട്രയൽ റൺ സെക്രട്ടേറിയറ്റിൽ മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഗതാഗതവകുപ്പ് പ്രിൻസിപ്പൽ സെകട്ടറി കെ.ആർ. ജ്യോതിലാൽ ആദ്യ കാർഡ് ഏറ്റുവാങ്ങി. കൊവിഡിന്റെ പശ്ചാത്തലത്തിൽ കറൻസി ഉപയോഗം പരമാവധി കുറച്ച് പരസ്പര സമ്പർക്കം ഒഴിവാക്കി ഡിജിറ്റൽ പേമെന്റ് സിസ്റ്റത്തിലേക്ക് മാറുന്നതിന്റെ ഭാഗമായാണിത്.ആറ്റിങ്ങൽ, നെയ്യാറ്റിൻകര എന്നിവിടങ്ങളിൽ നിന്നുമുള്ള സെക്രട്ടേറിയറ്റ് സർവീസ് ബസുകളിലാണ് ആദ്യം നടപ്പാക്കുന്നത്. വിജിച്ചാൽ എല്ലാ ബസുകളിലും ഇതു നിലവിൽവരുമെന്നു മന്ത്രി പറഞ്ഞു. കാർഡ് ബസ് കണ്ടക്ടറുടെ പക്കൽ നിന്ന് വാങ്ങാം. നൂറ് രൂപ മുതൽ നൽകി റീചാർജ് ചെയ്യാം. ഡിപ്പോകളിൽ നിന്നും ചാർജ് ചെയ്യാനാകും. തുക തീരുന്നതുവരെ കാലപരിമിതിയില്ലാതെ ഉപയോഗിക്കാം.
കൂട്ടിയ ബസ് ചാർജ് ഇന്നു മുതൽ
തിരുവനന്തപുരം: കൊവിഡ് പ്രതിരോധ നടപടിയുടെ ഭാഗമായി ബസിൽ യാത്രക്കാരുടെ എണ്ണം കുറയ്ക്കുകയും ടിക്കറ്റ് നിരക്ക് ഉയർത്തുകയും ചെയ്തത് ഇന്നു മുതൽ പ്രാബല്യത്തിൽ വരും.
ഫെയർ സ്റ്റേജ് ദൂരം, പുതിയ നിരക്ക്, പഴയത് (ബാക്കറ്റിൽ)
എന്ന ക്രമത്തിൽ
5 കി.മി -12 (8)
7.5 - 15 (10)
10 - 18(12)
12.5 - 20 (13)
15 - 23 (15)
17.5 - 26 (17)
20 - 29 (19)
22.5- 31(20)
25 - 34 (22)
27.5- 37 (24)
30- 40(26)
32.5- 42 (27)
35- 45 (29)
37.5- 48(31)
40- 51(33)
സർവീസുകളുടെ എണ്ണം :
തിരുവനന്തപുരം:499,കൊല്ലം:208, പത്തനംതിട്ട:93, ആലപ്പുഴ:122, കോട്ടയം:102,
ഇടുക്കി:66,എറണാകുളം:206, തൃശൂർ:92, പാലക്കാട്:65, മലപ്പുറം: 49,കോഴിക്കോട്:83,വയനാട്:97, കണ്ണൂർ:100, കാസർകോട്: 68.
പേരിനുപോലുമില്ല ബസിൽ പരിശോധന
കോവളം സതീഷ്‌കുമാർ
തിരുവനന്തപുരം: ട്രെയിനിലെയും വിമാനത്തിലെയും യാത്രക്കാർക്ക് ആരോഗ്യപരിശോധന നിർബന്ധമാണെങ്കിലും ട്രാൻ.ബസുകളിൽ കയറുന്നതിന് മുമ്പ് യാതൊരു പരിശോധനയുമില്ല. ബസ് ഡിപ്പോകളിൽ ഉൾപ്പെടെ തെർമ്മൽ സ്കാനിംഗ് സംവിധാനം വേണമെന്ന കേന്ദ്ര സർക്കാർ നിർദേശം നിലനിൽക്കെയാണ് പരിശോധനയേതുമില്ലാതെ ഇന്നു മുതൽ കെ.എസ്.ആർ.ടി.സി സർവീസ് നടത്തുന്നത്. ജീവനക്കാരും യാത്രക്കാരും മാസ്ക് ധരിക്കുന്നതിലും സാനിറ്റൈസർ ഉപയോഗിക്കുന്നതിലുമായി ഒതുങ്ങി നിൽക്കുകയാണ് ആരോഗ്യസുരക്ഷ. സംസ്ഥാന അതിർത്തികടന്നെത്തിയവർ ഉൾപ്പെടെ ബസിൽ കയറാൻ സാദ്ധ്യതയുണ്ട്. സുരക്ഷിത അകലം പാലിച്ചുകൊണ്ടുള്ളയാത്ര തിരക്കനുസരിച്ച് നടന്നില്ലെങ്കിൽ പ്രശ്നങ്ങളുണ്ടാകുമെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ തന്നെ പറയുന്നു. ഒരു യാത്രക്കാരന് ഇറങ്ങാനായി സ്റ്റോപ്പിൽ ബസ് നിറുത്തുകയും അവിടെ നിന്ന് ഒന്നിൽ കൂടുതൽ യാത്രക്കാർ കയറാൻ ശ്രമിക്കുകയും ചെയ്താൽ അത് തർക്കത്തിനും സംഘർഷത്തിനും ഇടയാക്കുമെന്നും അവർ കരുതുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |