കൊല്ലത്തെപ്പോലെ ഇത്രയും പരിസ്ഥിതി സ്‌നേഹികൾ സംസ്ഥാനത്ത് ഒരിടത്തും കാണില്ല. പരിസ്ഥിതി സ്‌നേഹമെന്നാൽ വല്ലാത്തൊരു വികാരമാണ്. അത് വന്നാൽ പലരെയും പിടിച്ചാൽ കിട്ടില്ല. ആ വികാരം ഇങ്ങനെ റോഡരികിലും ഉദ്യാനങ്ങളിലുമെല്ലാം നിറഞ്ഞു തുളുമ്പുകയാണ്. എത്ര മനോഹരമായ ഉദ്യാനങ്ങൾ, നയനാനന്ദകരമായ കാഴ്ചകൾ, പടർന്ന് പന്തലിച്ച് നിൽക്കുന്ന മരങ്ങൾ, എപ്പോഴും പൂവിട്ടു നിൽക്കുന്ന ഫലവൃക്ഷങ്ങൾ. ഒന്നു കാണേണ്ട കാഴ്ച തന്നെയാണത്. ഇതെല്ലാം ഈ പരിസ്ഥിതി ദിനത്തിൽ നട്ടുപിടിപ്പിച്ചതാണെന്ന് കൂടി ഓർക്കുമ്പോഴാണ് കൊല്ലംകാർ രോമാഞ്ച പുളകിതരാകുന്നത്.
ഓർമ്മ ശരിയാണെങ്കിൽ കഴിഞ്ഞ കാൽനൂറ്റാണ്ടായെങ്കിലും എല്ലാവരും പരിസ്ഥിതി ദിനമാചരിക്കുന്നു. രാഷ്ട്രീയ കക്ഷി നേതാക്കളാണ് എല്ലായിടത്തും വൃക്ഷം നട്ട് ഉദ്ഘാടനം ചെയ്യുന്നത്. അത് ജില്ലാ തല നടീലാണ് താലൂക്കിൽ കുഞ്ഞുനേതാക്കൾക്കാണ് ഈ ദൗത്യം. കൂടാതെ ക്ലബുകാർ മുതൽ എല്ലാവരും മുന്നിലുണ്ടാകും. ഇവർക്കൊപ്പം സാംസ്‌കാരിക മുന്നേറ്റ നായകൻമാർ. പിന്നെ സാറമ്മാരും പിള്ളാരും തുടങ്ങി സർവരും നടീലോട് നടീലാണ്. നാണക്കേടാണ് തോന്നുന്നത്. പറയാതിരിക്കാൻ വയ്യ . ഫോട്ടയ്ക്കും വാർത്തയ്ക്കും വേണ്ടി മാത്രമുളള ഈ കോപ്രായം ഒന്ന് നിർത്തിക്കൂടെ ?
ഈ നട്ട വൃക്ഷങ്ങളെല്ലാം വളർന്നിരുന്നെങ്കിൽ കേരളം ഉദ്യാനങ്ങളുടെ പറുദീസ തന്നെ ആയേനെ. എല്ലാ വർഷവും കൊട്ടിഘോഷിച്ചാണ് പരിസ്ഥിതി ദിനം ആചരിക്കുന്നത്. നിരനിരയായി നിന്ന് പരിസ്ഥിതി ദിനാചരണം നടത്തുന്നത് പത്രത്തിലും ചാനലുകളിലും വരുന്നതോടെ ദിനാചരണവും കഴിയും. ഉദ്ഘാടന വേളയിൽ പറയുന്ന വീമ്പിളക്കൽ കേട്ടാൽ കൊച്ചുകുട്ടികൾ പോലും മൂക്കത്ത് വിരൽവയ്ക്കും. വലിയ നേതാക്കളും കുട്ടി നേതാക്കളും സാസ്‌കാരിക, സാഹസിക നേതാക്കളാരും പിന്നെ മരം വച്ച വഴിയിലൂടെ പോകുന്നത് കൊല്ലംകാരാരും കണ്ടിട്ടില്ല. നേതാക്കളും നായകരും നട്ടിട്ട് പോകുന്നതിന്റെ പിന്നാലെ ആ തൈ മിക്കവാറും ഉണങ്ങിപ്പോകും.
വെള്ളം ഒഴിച്ച് പരിപാലിച്ചെങ്കിലല്ലേ അത് മരമാകൂ. അതിൽ പൂവും കായുമുണ്ടാകൂ. അത് തണലും മഴയുമാകൂ. ഏതെങ്കിലും മരമൊന്ന് വളർന്നുപോയാൽ പിന്നെ കേൾക്കുന്ന വീമ്പ് പറച്ചിലുകളും വേറെ. ദേ നോക്ക് ഞാൻ നട്ട മരമാ. കിളിച്ചു നിൽക്കുന്ന മരം പക്ഷേ നട്ടത് വേറെ ആരെങ്കിലുമായിരിക്കുമെന്ന് മാത്രം. ഫോട്ടോയ്ക്ക് വേണ്ടി മാത്രമാകരുത് മരം നടീൽ. അതൊരു വരമാകണമെങ്കിൽ പരിപാലിക്കണം, പറ്റുമ്പോഴെങ്കിലും. അർത്ഥപൂർണമാകട്ടെ പ്രകൃതി സ്നേഹം...
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |