ആലപ്പുഴ: ജില്ലയിൽ ഇന്നലെ ഒരു സ്ത്രീ ഉൾപ്പെടെ ഏഴുപേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 74 ആയി. ആറു പേർ വിദേശത്തുനിന്നും ഒരാൾ ചെന്നൈയിൽ നിന്നുമാണ് എത്തിയത്.
മൂന്നുപേർ ഇന്നലെ രോഗമുക്തരായി. ചെന്നൈയിൽ നിന്നു 2ന് സ്വകാര്യ വാഹനത്തിൽ എത്തിയ അമ്പലപ്പുഴ സ്വദേശിയായ യുവാവ്, കുവൈറ്റിൽ നിന്നു 28ന് തിരുവനന്തപുരത്ത് എത്തിയ പത്തിയൂർ സ്വദേശിയായ യുവാവ്, കായംകുളം സ്വദേശിയായ യുവാവ്, താജിക്കിസ്ഥാനിൽ നിന്നു 28ന് കണ്ണൂരെത്തിയ പുന്നപ്ര സ്വദേശിനി, ദുബായിൽ നിന്നു 29 ന് തിരുവനന്തപുരത്ത് എത്തിയ 45 വയസുള്ള കായംകുളം സ്വദേശി, 52 വയസുള്ള മാന്നാർ സ്വദേശി, ദുബായിൽ നിന്നു 23ന് തിരുവനന്തപുരത്തെത്തിയ തഴക്കര സ്വദേശിയായ യുവാവ് എന്നിവർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
ഇന്നു മുതൽ കൂടുതൽ ഇളവ് വരുന്നതോടെ ജില്ല ആശങ്കയിലാണ്. ഓരോ ദിവസവും രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്നത് സമൂഹ വ്യാപനത്തിന് സാദ്ധ്യത കൂട്ടും. ഇപ്പോൾ 4964 പേരാണ് ജില്ലയിൽ ക്വാറന്റൈനിൽ കഴിയുന്നത്. ഒരാളെ ആശുപത്രിയിൽ നിന്ന് ഒഴിവാക്കിയപ്പോൾ ആറുപേരാണ് നിരീക്ഷണത്തിൽ പുതുതായി എത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |