ചെന്നൈ: സ്റ്റൈലൻ ഹെയർ കട്ട് കൊണ്ട് സമൂഹമാദ്ധ്യമങ്ങളിൽ വീണ്ടും വൈറലായിരിക്കയാണ് തമിഴ്നാട്ടിലെ മണ്ണാർഗുഡിയിലെ രാജഗോപാല സ്വാമി ക്ഷേത്രത്തിലെ ആനയായ സെങ്കമലം. മുടി വെട്ടിയ രീതി മൂലം 'ബോബ് കട്ട്" സെങ്കമലം എന്നാണ് വിളിപ്പേര്. ഐ.എഫ്.എസ് ഉദ്യോഗസ്ഥയായ സുധാ രാമൻ പങ്കുവച്ച ചിത്രമാണ് സെങ്കമലത്തെ വീണ്ടും വൈറലാക്കിയത്. 2003 മുതൽ രാജഗോപാല സ്വാമി ക്ഷേത്രത്തിലെ ആനയാണ് സെങ്കമലം. കേരളത്തിൽ നിന്നാണ് ആനയെ മണ്ണാർഗുഡിയിലെത്തിച്ചതെന്നാണ് റിപ്പോർട്ട്. പാപ്പാനായ രാജഗോപാലിന്റെ കരവിരുതാണ് സെങ്കമലത്തെ വൈറലാക്കിയത്. ഒരു വീഡിയോയിൽ കണ്ട ഹെയർ കട്ട് ആനയിൽ പരീക്ഷിക്കുകയായിരുന്നു രാജഗോപാൽ.
അത് പ്രശസ്തമായതോടെ സെങ്കമലത്തിന് ഫാൻ ക്ളബ്ബായി.
ദിവസവും താരൻ അകറ്റാനുള്ള ഷാംപൂ ഉപയോഗിച്ച് സെങ്കമലത്തിന്റെ മുടി കഴുകാറുണ്ടെന്നും രാജഗോപാൽ പറയുന്നു. വേനൽക്കാലത്ത് ദിനവും മൂന്ന് തവണ വരെ തല കഴുകും. ആനയ്ക്ക് കുളിക്കാനായി പ്രത്യേക രീതിയിലുള്ള ഷവർ തയ്യാറാക്കി. ഇതിനായി 45000 രൂപ ചെലവാക്കി.
ജൂലായ് അഞ്ചിന് സുധാരാമൻ പങ്കുവച്ച ചിത്രം ഇതിനോടകം നിരവധിപ്പേർ ഷെയർ ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |