തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ യു.എ.പി.എ ചുമത്തിയതോടെ അന്വേഷണ ദിശ എങ്ങോട്ടൊക്കെ തിരിയുമെന്ന ഉദ്വേഗത്തിലായി കേരളരാഷ്ട്രീയം. മുഖ്യമന്ത്രിയുടെ ഓഫീസിനെ ഉന്നംവച്ച് പ്രതിപക്ഷം പ്രക്ഷോഭവുമായി തെരുവിലിറങ്ങിയതോടെ കടുത്ത സമ്മർദ്ദത്തിലാണ് ഇടതുമുന്നണി.
കൊവിഡ് പ്രതിരോധം കാറ്റിൽപറത്തിയാണ് ഇന്നലെ കോഴിക്കോട്ടും കണ്ണൂരിലും വിവിധ പ്രതിപക്ഷ യുവജനസംഘടനകളുടെ സമരം സംഘർഷത്തിലെത്തിയത്. മനുഷ്യജീവന് നേർക്കുള്ള വെല്ലുവിളിയാണ് സമരമെന്ന് അപലപിച്ചും മുഖ്യമന്ത്രിയുടെ യശസ്സിടിക്കാനും സർക്കാരിനെ അസ്ഥിരപ്പെടുത്താനുമുള്ള നീക്കമെന്ന് ആരോപിച്ചും സി.പി.എം രംഗത്ത് എത്തി.
യു.എ.പി.എ ചുമത്തിയ കേസിൽ ഒളിവിലുള്ള സ്വപ്ന സുരേഷ് രണ്ടാം പ്രതിയാണ്. ഇവരുമായുള്ള വ്യക്തിബന്ധത്തിന്റെ പേരിലാണ് ഐ.ടി പ്രിൻസിപ്പൽ സെക്രട്ടറിയും മുഖ്യമന്ത്രിയുടെ സെക്രട്ടറിയുമായിരുന്ന എം. ശിവശങ്കറിനെ നീക്കേണ്ടിവന്നത്. ശിവശങ്കറിനെ എൻ.ഐ.എ ചോദ്യം ചെയ്താൽ മുഖ്യമന്ത്രിയുടെ ഓഫീസിന് പേരുദോഷത്തിൽ നിന്ന് രക്ഷപ്പെടാനാവില്ല. പ്രതിപക്ഷം ആക്രമണം രൂക്ഷമാക്കും.
സ്വകാര്യ ഏജൻസി റിക്രൂട്ട് ചെയ്ത കരാർ ജീവനക്കാരിയാണ് സ്വപ്നയെന്ന് വാദിക്കാമെങ്കിലും ക്രൈംബ്രാഞ്ച് കേസിൽ ഉൾപ്പെട്ട യുവതി എങ്ങനെ സർക്കാർ പ്രോജക്ടിലെത്തി എന്ന ചോദ്യം ബാക്കിയാണ്. ഈ ചോദ്യവുമായി എൻ.ഐ.എ വന്നാൽ സർക്കാരിന് കനത്ത തലവേദനയാകും.
കരാർ നിയമനത്തിൽ വിവാദയുവതി കയറിപ്പറ്റിയ ആക്ഷേപത്തിൽ നിജസ്ഥിതി അന്വേഷിക്കാനുള്ള ഉത്തരവാദിത്വം സർക്കാർ ഏറ്റെടുത്തുവെന്നാണ് ഇന്നലെ സി.പി.എം മുഖപത്രത്തിൽ സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കിയത്. എന്നാൽ, എം.ശിവശങ്കറിനെതിരെ വകുപ്പ് തല അന്വേഷണം ഇല്ലെന്നാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ആവർത്തിച്ച് വ്യക്തമാക്കിയത്.ഇതോടെ ഇക്കാര്യത്തിൽ ആശയക്കുഴപ്പം മുറുകിയിട്ടുണ്ട്.
യു.എ.പി.എ ചുമത്തിയുള്ള കേസന്വേഷണം ശിവശങ്കറിലേക്ക് നീണ്ടാലും എതിർക്കാൻ സി.പി.എമ്മിന് പറ്റില്ല. കോഴിക്കോട്ട് വിദ്യാർത്ഥികളായ അലനെയും താഹയെയും മാവോയിസ്റ്റ് ബന്ധമാരോപിച്ച് യു.എ.പി.എ ചുമത്തി ജയിലിലടച്ചപ്പോൾ മുഖ്യമന്ത്രി ന്യായീകരിക്കുകയാണ് ചെയ്തത്. അതിനാൽ മറ്റൊരു തരത്തിൽ ചെറുക്കാനാണ് ശ്രമം.
ഇടതുസർക്കാരിനെതിരായ മറ്റൊരു ശബരിമലവിഷയമാക്കാമെന്ന ലാക്കോടെ കമ്മ്യൂണിസ്റ്റ് വിരുദ്ധശക്തികൾ കരുനീക്കുന്നുവെന്നാണ് കോടിയേരി ഇന്നലെ ആരോപിച്ചത്. അതിനായി മോദി സർക്കാർ കേന്ദ്ര ഏജൻസികളെ ദുരുപയോഗപ്പെടുത്താൻ നോക്കിയേക്കുമെന്ന ആശങ്കയും പ്രകടിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |