വാഷിംഗ്ടൺ: യു.എസ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായി ഔദ്യോഗികമായി പ്രഖ്യാപിച്ചതിനു പിന്നാലെ ഡൊണാൾഡ് ട്രംപ് ഭരണകൂടത്തിനെതിരെ ആഞ്ഞടിച്ച് കമല ഹാരിസ്. ഇന്നലെ രാവിലെയാണ് മുൻ പ്രസിഡന്റ് ബറാക് ഒബാമ, ഹിലരി ക്ലിന്റൺ എന്നിവരുടെ സാന്നിദ്ധ്യത്തിൽ കമലയെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്.
സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ കൺവൻഷനെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് കമല ട്രംപ് ഭരണകൂടത്തിനെതിരെ വിമർശനങ്ങൾ ഉന്നയിച്ചത്. ഒരു നേതാവെന്ന നിലയിൽ ട്രംപ് വൻ പരാജയമാണെന്ന് പറഞ്ഞ അവർ പ്രസിഡന്റ് സ്ഥാനാർത്ഥി ജോ ബൈഡന് വോട്ട് ചെയ്യണമെന്നും അഭ്യർത്ഥിച്ചു.
വംശീയതക്കെതിരായ പരാമർശങ്ങൾ നിറഞ്ഞതായിരുന്ന കമലയുടെ പ്രസംഗം. അടുത്ത് കാലത്ത് വംശീയതയുടെ പേരിൽ നടന്ന സംഘർഷങ്ങളെല്ലാം പരാമർശിച്ചുകൊണ്ടാണ് അവർ സംസാരിച്ചത്. 'വംശീയതക്കെതിരെ ഒരു വാക്സിനും നിലവിലില്ല. ജോർജ് ഫ്ലോയിഡിനും, ബ്രിയോണ ടെയ്‌ലറിനും, നമ്മുടെ കുട്ടികൾക്കും, നമുക്കെല്ലാവർക്കും തുല്യ നീതി ലഭിക്കാനുള്ള പ്രവർത്തനങ്ങൾ നമ്മൾ ചെയ്യേണ്ടതുണ്ട്. എല്ലാവരും സ്വതന്ത്രരാകുന്നതുവരെ നമ്മളാരും സ്വതന്ത്രരല്ല.' കമല പറഞ്ഞു.
തന്റെ അമ്മ ഉൾപ്പടെയുളള എല്ലാ സ്ത്രീകൾക്കും നന്ദി പറഞ്ഞുകൊണ്ടാണ് സ്ഥാനാർത്ഥിത്വം സ്വീകരിച്ചുകൊണ്ടുളള പ്രസംഗം കമല ആരംഭിച്ചത്. എല്ലാ വിഭാഗത്തിലുമുളള ആളുകളുടെയും പോരാട്ടങ്ങളെ കുറിച്ച് അറിവുളളവളും അനുകമ്പയുളളവളുമാകാൻ പഠിപ്പിച്ച് തന്നെ പൊതുസേവനത്തിന്റെ പാതയിലേക്ക് നയിച്ചത് അമ്മയാണെന്ന് അവർ പറഞ്ഞു. അമേരിക്കയുടെ മൂല്യങ്ങൾ സംരക്ഷിക്കുമെന്ന് പ്രഖ്യാപിച്ച കമല ദയയും സ്‌നേഹവും മനുഷ്യത്വവുമുളള രാഷ്ട്രം കെട്ടിപ്പടുക്കുമെന്നും കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |