കൊല്ലം: കൊവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി അടച്ച ചന്തകളിൽ ഭൂരിഭാഗവും തുറന്നെങ്കിലും കച്ചവടത്തിന് പഴയ ആവേശമില്ല. വ്യാപാര സ്ഥാപനങ്ങളിലും തെരുവുകളിലും ഓണക്കച്ചവടം കൊഴുക്കുമ്പോഴും ചന്തകൾ ഉറക്കച്ചടവിലാണ്.
നേരത്തെ സൂചി കുത്താൻ പോലും ഇടമില്ലാതിരുന്ന ചന്തകളിൽ ഇപ്പോൾ തെന്നിയും തെറിച്ചുമാണ് ആളുകൾ എത്തുന്നത്. ശാസ്താംകോട്ടയിലും ജില്ലയുടെ കിഴക്കൻ മേഖലയിലും ചന്തകളിലെ മത്സ്യവ്യാപാരികളിൽ നിന്ന് കൊവിഡ് വ്യാപകമായി പടർന്നതാണ് ജനങ്ങളെ ആശങ്കപ്പെടുത്തുന്നത്. വീടുവീടാന്തരമുള്ള മത്സ്യക്കച്ചവടം അനുവദിക്കില്ലെന്നായിരുന്നു സർക്കാർ ഉത്തരവ്. പക്ഷെ ഒട്ടുമിക്ക സ്ഥലങ്ങളിലും വീടിന് മുന്നിൽ മത്സ്യമെത്തുന്നുണ്ട്. അതുകൊണ്ട് തന്നെ ആരും ചന്തയിലേക്ക് പോകാൻ തയ്യാറാകുന്നില്ല.
ചന്തകളുടെ വലിപ്പം അനുസരിച്ച് ഒന്ന് മുതൽ ഒന്നര മീറ്റർ വരെ അകലത്തിലാണ് കച്ചവടക്കാർക്ക് സ്ഥലം അനുവദിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ നേരത്തെ ഇരുനൂറിലേറെ കച്ചവടക്കാർ ഉണ്ടായിരുന്ന ചന്തകളിൽ മത്സ്യവ്യാപാരികൾ ഉൾപ്പടെ 25 ഓളം പേരെ ഇപ്പോഴുള്ളു. ഒന്നും രണ്ടും ദിവസത്തെ ഇടവേളയിൽ കച്ചവടക്കാർ മാറിയും തിരിഞ്ഞുമാണ് കച്ചവടം നടത്തുന്നത്. ചന്തയിൽ സ്ഥലം കിട്ടാത്ത ദിവസങ്ങളിൽ മത്സ്യക്കച്ചവടക്കാർ വാഹനങ്ങളിൽ റൂട്ടുകളിൽ പോയി കച്ചവടം നടത്തുന്നുണ്ട്. എന്നാൽ പച്ചക്കറി അടക്കമുള്ള നാടൻ വിഭവങ്ങൾ വിറ്റിരുന്ന ചെറുകിട കച്ചവടക്കാർ കടുത്ത പ്രതിസന്ധിയിലാണ്.
കടുത്ത നിയന്ത്രണം
കടുത്ത നിയന്ത്രണങ്ങളോടെയാണ് കണ്ടെയ്ൻമെന്റ് സോണുകളിലല്ലാത്ത ചന്തകൾ തുറന്ന് പ്രവർത്തിക്കുന്നത്. വ്യാപാര സ്ഥാപനങ്ങളിലേത് പോലെ കയറി ചെല്ലുമ്പോൾ തന്നെ പേരും സ്ഥലവും മൊബൈൽ നമ്പരും രജിസ്റ്ററിൽ രേഖപ്പെടുത്തും. സാനിറ്റൈസർ പുരട്ടി കൈ അണുവിമുക്തമാക്കിയ ശേഷമേ ഉള്ളിലേക്ക് കടക്കാൻ അനുവദിക്കുകയുള്ളു. കരാറുകാർക്കാണ് ഇതിന്റെ ചുമതല. പൊലീസും തദ്ദേശ സ്ഥാപനങ്ങളിലെ ആരോഗ്യവിഭാഗവും ചന്തകളിൽ ഇടയ്ക്കിടെ മിന്നൽ പരിശോധന നടത്തുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |