തൃശൂർ: നിർമ്മാണം പൂർത്തിയാക്കിയ വടക്കെച്ചിറ ബസ് ഹബ്ബ് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. ഒരേ സമയം 20 ബസുകൾ നിറുത്തിയിടാവുന്ന ബസ് ഹബ്ബിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി ഓൺലൈനായി നിർവഹിച്ചു. തൃശൂർ കോർപറേഷന്റെ ഉടമസ്ഥതയിലുള്ള വടക്കെ സ്റ്റാൻഡിന് സൗത്ത് ഇന്ത്യൻ ബാങ്കിന്റെ സാമൂഹ്യപ്രതിബദ്ധതാ ഫണ്ടിൽ നിന്നും ആറ് കോടിയോളം രൂപയും കോർപറേഷന്റെ 1.40 കോടി രൂപയും ചേർത്ത് 7.40 കോടിയോളം രൂപ ചെലവിലാണ് നിർമ്മാണം പൂർത്തീകരിച്ചത്.
വടക്കെച്ചിറ ബസ് ഹബ്ബ് തൃശൂർ കോർപറേഷന് വേണ്ടി മന്ത്രി എ.സി. മൊയ്തീൻ സൗത്ത് ഇന്ത്യൻ ബാങ്ക് എം.ഡി: വി.ജി. മാത്യുവിൽ നിന്ന് ഏറ്റുവാങ്ങി. തുടർന്ന് സി.എസ്.ആർ ഫണ്ട് അനുവദിച്ച ബാങ്കിനെയും ലേ ഔട്ട് തയ്യാറാക്കിയ എൻജിനിയർമാരെയും കൃഷി മന്ത്രി അഡ്വ. വി.എസ്. സുനിൽകുമാർ ആദരിച്ചു. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടന്ന ചടങ്ങിൽ ഔദ്യോഗിക ഉദ്ഘാടനത്തിന് ശേഷം ബസ് ഹബ്ബിന്റെ നാട മുറിക്കൽ ചടങ്ങും ബസ് സ്റ്റാൻഡിൽ സ്ഥാപിച്ച ശിലാഫലകത്തിന്റെ അനാച്ഛാദനവും മന്ത്രിമാരായ എ സി മൊയ്തീൻ, അഡ്വ. വി.എസ്. സുനിൽകുമാർ, ഗവ. ചീഫ് വിപ്പ് അഡ്വ. കെ. രാജൻ, കോർപറേഷൻ മേയർ അജിത ജയരാജൻ എന്നിവർ ചേർന്ന് നിർവഹിച്ചു.
ബസ് ഹബ്ബിനോട് ചേർന്ന് നിർമ്മിച്ച വനിതാ വിശ്രമകേന്ദ്രത്തിന്റെ ഉദ്ഘാടനം കളക്ടർ എസ്. ഷാനവാസ് നിർവഹിച്ചു. 24 മണിക്കൂറും പ്രവർത്തിക്കുന്ന പൊലീസ് ഔട്ട് പോസ്റ്റിന്റെ ഉദ്ഘാടനം തൃശൂർ ഐ.ജി: എസ്. സുരേന്ദ്രനും ബസ് സ്റ്റാൻഡിനോട് ചേർന്നുള്ള എ.ടി.എം കൗണ്ടറിന്റെ ഉദ്ഘാടനം മേയർ അജിത ജയരാജനും നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, മുൻ മേയർ അജിത വിജയൻ, തൃശൂർ കോർപറേഷൻ സെക്രട്ടറി വിനു സി. കുഞ്ഞപ്പൻ, സൗത്ത് ഇന്ത്യൻ ബാങ്ക് അഡ്വൈസർ മുരളീ രാമകൃഷ്ണൻ, സൗത്ത് ഇന്ത്യൻ ബാങ്ക് എക്‌സിക്യൂട്ടിവ് വൈസ് പ്രസിഡന്റുമാരായ കെ. തോമസ് ജോസഫ്, ജി. ശിവകുമാർ, എന്നിവർ പങ്കെടുത്തു. പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.പി. ശ്രീനിവാസൻ സ്വാഗതവും നഗരസഭാ വർക്കിംഗ് ഗ്രൂപ്പ് ചെയർമാൻ അനൂപ് ഡേവിസ് കാട നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |