നിലമ്പൂർ: വനമഹോത്സവത്തിന്റെ ഭാഗമായി ജൂലൈ മൂന്നിന് വനംമന്ത്രി നാടിന് സമർപ്പിച്ച ജില്ലയിലെ ആദ്യത്തെ വന്യജീവി സങ്കേതമായ കരിമ്പുഴയിലെ പക്ഷിമൃഗാദികളുടെയും വൃക്ഷങ്ങളുടെയും കണക്കെടുപ്പ് നവംബറിൽ തുടങ്ങും. കൊവിഡ് മഹാമാരി മൂലമാണ് നടപടികൾ വൈകിയത്.ജൈവവൈവിദ്ധ്യം മൂലം മാത്രമല്ല സാംസ്കാരികപരമായും പ്രാധാന്യമർഹിക്കുന്നതാണ് കരിമ്പുഴ വന്യജീവി സങ്കേതം. ന്യൂഅമരമ്പലവും വടക്കേക്കോട്ട മലവാരവും ഉൾപ്പെട്ട 227.97 ചതുരശ്ര കിലോമീറ്ററാണ് സങ്കേതം.ആദിവാസി സങ്കേതങ്ങളും തേക്ക് പ്ലാന്റേഷനുകളും ഉൾപ്പെടെ ജനവാസ മേഖലയോടു ചേർന്ന 25 കിലോമീറ്റർ സങ്കേതത്തിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പശ്ചിമഘട്ടത്തിലെ തന്നെ ജൈവവൈവിദ്ധ്യ പ്രാധാന്യമേറിയ പ്രദേശമാണിത്. വംശനാശഭീഷണി നേരിടുന്ന പക്ഷികളുടെ ആവാസകേന്ദ്രമെന്ന നിലയിൽ ബേഡ് ലൈഫ് ഇന്റർനാഷനൽ ലോകത്തെ പക്ഷിസങ്കേതങ്ങളിലൊന്നായി കാണുന്നുവെന്ന പ്രത്യേകതയുമുണ്ട്. 226 ഇനം പക്ഷികൾ, 44 ഇനം സസ്തനികൾ, 33 ഇനം ഉരഗങ്ങൾ, 23 ഇനം ഉഭയ ജീവികൾ, 208 ഇനം ചിത്രശലഭങ്ങൾ എന്നിവ വനം വകുപ്പിന്റെ സർവേയിൽ മുമ്പ് കണ്ടെത്തിയിട്ടുണ്ട്. നവംബറിൽ തുടങ്ങുന്ന സർവേയിൽ വൃക്ഷങ്ങളുടെ കൂടി കണക്കെടുപ്പ് നടത്തുമെന്ന് കരിമ്പുഴ വന്യജീവി വൈൽഡ് ലൈഫ് വാർഡൻ കെ.സജി പറഞ്ഞു.എൻ.ജി.ഒകളുടെ സഹകരണത്തോടെയാവും കണക്കെടുപ്പ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |