കളക്ടറേറ്റിന് മുന്നിൽ കെ.എസ്.യു - പൊലീസ് ഏറ്റുമുട്ടൽ ജില്ലാ പ്രസിഡന്റടക്കം മൂന്ന് പേർക്ക് പരിക്ക്
ആലപ്പുഴ: എൻഫോഴ്‌സ്‌മെൻറ് ഡയറക്ടറേറ്റിന്റെ ചോദ്യംചെയ്യലിന് വിധേയനായ മന്ത്രി കെ.ടി.ജലീലിന്റെ രാജി ആവശ്യപ്പെട്ട് ജില്ലയിൽ യുവജന സംഘടനകളുടെ നേതൃത്വത്തിൽ വ്യാപക പ്രതിഷേധം. യൂത്ത് കോൺഗ്രസ്, കെ.എസ്.യു, യുവമോർച്ച സംഘടനകളുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ സമരം പലയിടത്തും പൊലീസുമായി ഉന്തിലും തള്ളിലും കലാശിച്ചു. കളക്ടറേറ്റിലേക്ക് കെ.എസ്.യു പ്രവർത്തകർ നടത്തിയ മാർച്ച് അക്രമാസക്തമായി. പൊലീസും പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി.
പരിക്കേറ്റ കെ.എസ്.യു ജില്ലാ പ്രസിഡന്റ് നിധിൻ എ. പുതിയിടം, ജില്ലാസെക്രട്ടറി ഗോപി ഷാജി, കുട്ടനാട് നിയോജക മണ്ഡലം പ്രസിഡന്റ് അജോ എന്നിവർ ആലപ്പുഴ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. വൈകിട്ട് അഞ്ച് മണിയോടെ ഇ.എം.എസ് സ്റ്റേഡിയത്തിൽ നിന്ന് ആരംഭിച്ച മാർച്ച് കളക്ടറേറ്റ് കവാടത്തിൽ പൊലീസ് തടഞ്ഞു. തുടർന്ന് കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് ആർ.സ്നേഹ, ജില്ലാ പ്രസിഡന്റ് നിധിൻ പുതിയിടം എന്നിവരെ റോഡിലൂടെ വലിച്ചിഴക്കാൻ പൊലീസ് ശ്രമിച്ചു. ഒരു വനിതാ പൊലീസ് മാത്രമേ ഉണ്ടായിരുന്നുവെന്നതിനാൽ സ്നേഹയെ വാഹനത്തിൽ കയറ്റാൻ സാധിച്ചില്ല. കുറച്ച് പ്രവർത്തകരെ പൊലീസ് വാനിൽ കയറ്റാൻ ശ്രമിച്ചതോടെ സ്നേഹ വാനിന് മുന്നിൽ കിടന്നു. മാർച്ച് ഉദ്ഘാടനംചെയ്യാൻ എത്തിയ ഷാനിമോൾ ഉസ്മാൻ എം.എൽ.എ പ്രവർത്തകരെ വാനിൽ നിന്ന് ഇറക്കിവിടാൻ ആവശ്യപ്പെട്ടു. തുടർന്ന് പ്രവർത്തകർ വാഹനത്തിൽ നിന്ന് കൂട്ടത്തോടെ ഇറങ്ങി. ഇതോടെ വീണ്ടും സമരാനുകൂലികളും പൊലീസുമായി വാക്കേറ്റമുണ്ടായി. ഇതിനെ തുടർന്ന് ഷാനിമോൾ ഉസ്മാന്റെ നേതൃത്വത്തിൽ കളക്ടറേറ്റ് കവാടത്തിൽ കുത്തിയിരുപ്പ് സമരം നടത്തി. വിവരം അറിഞ്ഞ് ഡി.സി.സി പ്രസിഡന്റ് എം.ലിജുവും സ്ഥലത്ത് എത്തി. മാർച്ച് ഷാനിമോൾ ഉസ്മാൻ ഉദ്ഘാടനം ചെയ്തു. 14പേർക്ക് എതിരെ സൗത്ത് പൊലീസ് കേസ് എടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |