കോഴിക്കോട്: പിണറായി സർക്കാരിന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസിൻറെ ആഭിമുഖ്യത്തിൽ കളക്ടറേറ്റിലേക്ക് മാർച്ച് സംഘടിപ്പിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തിച്ചാർജ്ജ് നടത്തി. നാലു തവണ ഗ്രനേഡ് പ്രയോഗവുമുണ്ടായി. ഗ്രനേഡ് പൊട്ടി കുരുവട്ടൂർ മണ്ഡലം പ്രസിഡന്റ് റിയാസ് കുരുവട്ടൂർ, ഷജീർ ചെറുവണ്ണൂർ എന്നിവർക്ക് സാരമായി പരിക്കേറ്റു.
കുന്നമംഗലം നിയോജകമണ്ഡലം പ്രസിഡന്റ് സുജിത്ത് ഒളവണ്ണ, കെ എസ്.യു ജില്ലാ സെക്രട്ടറി സുധിൻ സുരേഷ്, എം ഷിബു, തലക്കുളത്തൂർ മണ്ഡലം പ്രസിഡന്റ് രഞ്ജിത്ത് ലാൽ, ബാലുശ്ശേരി മണ്ഡലം പ്രസിഡന്റ് സുജിത്ത് പറമ്പിൽ, ഉള്ള്യേരി പഞ്ചായത്ത് അംഗം എം പി അനീഷ്, ജറീഷ് ബാലുശ്ശേരി, ഷമീർ നളന്ദ എന്നിവർക്ക് ലാത്തിചാർജിലും പരിക്കേറ്റു. ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് പ്രവർത്തകർ പിന്നീട് റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
പൊലീസ് ഹോണടിച്ച് പേടിപ്പിച്ചാൽ പ്രക്ഷോഭ രംഗത്തു നിന്ന് പിൻമാറുന്നവരല്ല യൂത്ത് കോൺഗ്രസ് നേതാക്കളും പ്രവർത്തകരുമെന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.കെ.പ്രവീൺകുമാർ പറഞ്ഞു.
സംസ്ഥാന സർക്കാർ ഒന്നാകെ ഇപ്പോൾ എൻ.ഐ.എയുടെ നിരീക്ഷണത്തിലാണ്. മന്ത്രിമാർ സ്ഥാനത്ത് തുടരുന്നത് കമ്മിഷൻ കൈപ്പറ്റാൻ വേണ്ടിയാണ്. മാനമില്ലാത്തതു കൊണ്ടാണ് സി.പി.എം സെക്രട്ടറി സ്ഥാനത്തിരുന്ന് കോടിയേരി മന്ത്രി ജലീലിനെ ന്യായീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡൻ്റ് ആർ.ഷഹിൻ അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി അഡ്വ. വിദ്യ ബാലകൃഷ്ണണൻ, സംസ്ഥാന ഭാരവാഹികളായ എം ധനീഷ് ലാൽ, പി കെ രാഗേഷ്, വി പി ദുൽഖിഫിൽ, അഡ്വ. ഒ ശരണ്യ, ഡി. സി. സി ജന.സെക്രട്ടറി രമേഷ് നമ്പിയത്ത്, പി പി നൗഷിർ, ജെയ്സൽ അത്തോളി, ജില്ലാ ജന.സെക്രട്ടറി ബവീഷ് ചേളന്നൂർ, കെ എസ് യു ജില്ലാ പ്രസിഡന്റ് അഡ്വ. വി ടി നിഹാൽ എന്നിവർ പ്രസംഗിച്ചു.
.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |