കൊച്ചി: ശിഷ്യഗണങ്ങൾക്കും ആരാധകർക്കും എത്താനായില്ലെങ്കിലും തുള്ളൽകലയുടെ പ്രചാരത്തിനായി ജീവിതം ഉഴിഞ്ഞുവച്ച കലാമണ്ഡലം പ്രഭാകരന്റെ 75ാം പിറന്നാൾ ഇന്നലെ എളമക്കര സൗഗന്ധികത്തിൽ ലളിതസുന്ദരമായി ആഘോഷിച്ചു.
പ്രഭാകരൻ കാസർകോട് സ്വദേശിയാണ്. പത്താം ക്ളാസ് കഴിഞ്ഞ് കലാമണ്ഡലത്തിൽ ചേർന്നു. കലകൊണ്ടു മാത്രം ഉപജീവനം സാദ്ധ്യമല്ലെന്നു ബോദ്ധ്യമായതോടെ കെ.എസ്.ആർ.ടി.സിയിൽ വർക്ക്ഷോപ്പ് മെക്കാനിക്കായി. 89 ൽ കൊച്ചിയിലെത്തിയ പ്രഭാകരൻ പിന്നീട് ഇവിടെ സ്ഥിരതാമസമായി.
പകൽ ജോലിയെടുത്ത് രാത്രിയിൽ തുള്ളൽ കലാകാരനായി അമ്പലപ്പറമ്പുകളിൽ നിറഞ്ഞാടി. ഒപ്പം നിരവധി ശിഷ്യഗണകളെ തുള്ളൽ പഠിപ്പിച്ചു. 2000ത്തിൽ എറണാകുളം ഡിപ്പോയിൽ നിന്ന് ചാർജ് മാനായാണ് വിരമിച്ചത്. പതിനായിരത്തിലേറെ വേദികളിൽ തുള്ളൽ അവതരിപ്പിച്ചിട്ടുണ്ട്.
നിരവധി ബാലെകളും നൃത്തങ്ങളും അവതരിപ്പിച്ചിട്ടുണ്ട്. അഭിനയത്തിലും തിളങ്ങി. തുള്ളൽ പ്രവീണൻ അവാർഡ്, കേരള സംഗീത നാടക അക്കാഡമി അവാർഡ്, ഏറ്റവും നല്ല നൃത്ത ശിൽപ്പത്തിനുള്ള അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടി. കേരള കലാമണ്ഡലം യൂണിവേഴ്‌സിറ്റി ഭരണസമിതിയംഗവും തുള്ളൽ വിഭാഗം വിസിറ്റിംഗ് പ്രൊഫസറുമാണ്. മലയാളം സർവകലാശാലയിൽ സെനറ്റംഗമാണ്. ഭാര്യ വത്സല. മക്കൾ: പ്രവീൺ (ചിന്മയ വിദ്യാലയത്തിലെ അദ്ധ്യാപകൻ, തുള്ളൽ, മൃദംഗ കലാകാരൻ), ഡോ. പ്രവാസ് (കുഞ്ഞിക്കുട്ടൻ തമ്പുരാൻ കോളേജ് അധ്യാപകൻ), പ്രവീണ (ചേർത്തല എൻ.എസ്.എസ് കോളേജ് അസിസ്റ്റന്റ് പ്രൊഫസർ, തുള്ളൽ കലാകാരി, നർത്തകി).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |