കൊച്ചി: നെൽകൃഷിയിലും അരി ഉത്പാദനത്തിലും കേരളം വീണ്ടും ഉണർവ് നേടുന്നു. സംസ്ഥാനങ്ങളുടെ വളർച്ചാക്കണക്കുകൾ ഉൾപ്പെടുത്തി റിസർവ് ബാങ്ക് തയ്യാറാക്കിയ 2019-20ലെ സ്ഥിതിവിവര റിപ്പോർട്ടാണ് ഇതു വ്യക്തമാക്കുന്നത്.
2004-05ൽ 2.89 ലക്ഷം ഹെക്‌ടറിലായിരുന്നു കേരളത്തിൽ നെൽകൃഷി. 6.67 ലക്ഷം ടണ്ണായിരുന്നു ഉത്‌പാദനം. പിന്നീട് ഓരോ വർഷവും കൃഷി വിസ്‌തൃതിയും ഉത്‌പാദനവും കുറഞ്ഞു. 2012-13ൽ കൃഷി 1.97 ലക്ഷം ഹെക്‌ടറിലേക്ക് ഇടിഞ്ഞു; ഉത്‌പാദനം 5.08 ലക്ഷം ടണ്ണിലേക്കും. തുടർന്നുള്ള വർഷങ്ങളിൽ സ്ഥിതി മെച്ചപ്പെട്ടു. 2018-19ൽ കൃഷി വിസ്‌തൃതി 1.98 ലക്ഷം ഹെക്‌ടറിലേക്കും ഉത്‌പാദനം 5.78 ലക്ഷം ടണ്ണിലേക്കും കരകയറി.
കാർഷിക വായ്പയിലും വളർച്ച
2004ൽ വാണിജ്യ ബാങ്കുകൾ കേരളത്തിൽ വിതരണം ചെയ്‌ത ആകെ കാർഷിക വായ്‌പ 4,400 കോടി രൂപയായിരുന്നു. 2019ൽ വിതരണം 74,607 കോടി രൂപയാണ്.
ധാന്യ ഉത്പാദനവും കൂടുന്നു
മൊത്തം ഭക്ഷ്യധാന്യ ഉത്‌പാദനവും ഇടിവിൽ നിന്ന് കരകയറുകയാണ്. 6.70 ലക്ഷം ടണ്ണായിരുന്നു 2004ൽ ഉത്‌പാദനം. 2016-17ൽ ഇത് 4.39 ലക്ഷം ടണ്ണായി താഴ്‌ന്നു. എന്നാൽ, 2018-19ൽ 5.81 ലക്ഷം ടണ്ണിലേക്ക് കുതിച്ചുകയറി. അതേസമയം, 2004ൽ കാർഷിക വിസ്‌തൃതി 2.94 ലക്ഷം ഹെക്‌ടറായിരുന്നത് 2019ൽ 2.01 ലക്ഷം ഹെക്‌ടറായി കുറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |