ന്യൂഡൽഹി: ഭീകരപ്രവർത്തനത്തിന് സാമ്പത്തിക സഹായം നൽകുന്നുവെന്ന വിവരം ലഭിച്ചതിനെ തുടർന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി എൻ.ഐ.എ റെയ്ഡ് നടത്തി. കാശ്‌മീരിൽ ഏഴിടത്തും ഡൽഹിയിൽ രണ്ടിടത്തും വിവിധ എൻ.ജി.ഒകളുടെയും ട്രസ്റ്റുകളുടെയും ഓഫീസിൽ ദേശീയ അന്വേഷണസംഘം പരിശോധന നടത്തി.
ഇന്ത്യയിലും വിദേശത്തുമായി ജീവകാരുണ്യ പ്രവർത്തനം നടത്തുന്നതിന് ലഭിച്ചിരുന്ന പണം ജമ്മുകാശ്‌മീരിലെ വിവിധയിടങ്ങളിൽ ഭീകരപ്രവർത്തനം നടത്തുന്നതിന് ഉപയോഗിച്ചിരുന്നുവെന്നാണ് എൻ.ഐ.എയ്ക്ക് ലഭിച്ച വിവരം.
ഒരു എൻ.ജി.ഒയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വ്യക്തിയുടെ അക്കൗണ്ടിൽ കോടിക്കണക്കിന് രൂപ എത്തിയതാണ് അന്വേഷണം നടത്താൻ കാരണമായത്. കാശ്‌മീരിലെ വനിതകളുടെയും കുട്ടികളുടെയും ആരോഗ്യത്തിനും പഠനത്തിനും എന്ന പേരിലാണ് പണം സ്വരൂപിച്ചിരുന്നത്.
കഴിഞ്ഞ ദിവസവും എൻ.ഐ.എ കാശ്‌മീരിലും ബംഗളൂരുവിലുമായി പത്തോളം ഇടങ്ങളിൽ റെയ്ഡ് നടത്തിയിരുന്നു. പലവിധ രേഖകളും ആയുധങ്ങളും ഈ റെയ്ഡിൽ പിടിച്ചെടുത്തതായി എൻ.ഐ.എ അറിയിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |