പാറ്റ്ന: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കരൻ അറസ്റ്റിലായതിന് പിന്നാലെ, സംസ്ഥാന സർക്കാരിന് പൂർണപിന്തുണയുമായി സി.പി.എമ്മിന്റെയും സി.പി.ഐയുടെയും കേന്ദ്ര നേതാക്കൾ രംഗത്ത് എത്തി. മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന ആവശ്യം പരിഹാസ്യമാണെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും പ്രതിപക്ഷ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് സി.പി.ഐ ജനറൽ സെക്രട്ടറി ഡി.രാജയും 'കേരളകൗമുദി'യോട് പറഞ്ഞു.
ഐ.എ.എസുകാരുടെ കാര്യത്തിൽ സംസ്ഥാന സർക്കാർ എങ്ങനെയാണ് ഉത്തരവാദികളാവുകയെന്ന് യെച്ചൂരി ചോദിച്ചു. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയോടാണ് ഇക്കാര്യം ചോദിക്കേണ്ടത്. തുടക്കത്തിൽ തന്നെ ശിവശങ്കറിനെ സംസ്ഥാന സർക്കാർ സസ്പെൻഡ് ചെയ്തു. അന്വേഷണത്തിൽ കുറ്റക്കാരനെന്ന് കണ്ടാൽ നിയമപ്രകാരമുള്ള മറ്റു നടപടികളിലേക്ക് കടക്കാം. ബിനീഷ് കോടിയേരിയുടെ കാര്യത്തിൽ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്ന് യെച്ചൂരി ചൂണ്ടിക്കാട്ടി. തെറ്റുകാരനെന്ന് കണ്ടാൽ നിയമപ്രകാരം നടപടിയെടുക്കട്ടെയെന്നും യെച്ചൂരി പറഞ്ഞു
വ്യോമയാന മേഖലയും കസ്റ്റംസും രാജ്യങ്ങൾ തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളും കേന്ദ്രസർക്കാരിന്റെ വിഷയങ്ങളാണെന്നും തെളിവുണ്ടെങ്കിൽ നിയമപരമായി നടപടിയെടുക്കട്ടെയെന്നും രാജ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |