തിരുവനന്തപുരം: ബാർകോഴ കേസിൽ തനിക്കെതിരെ വിജിലൻസ് അന്വേഷണത്തിന് മുഖ്യമന്ത്രി അനുമതി നൽകിയ നടപടിയെ സ്വാഗതം ചെയ്യുന്നെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 'ഇതുകൊണ്ടൊന്നും പ്രതിപക്ഷത്തെ ഭയപ്പെടുത്താമെന്ന് കരുതേണ്ട. ഏത് തരം അന്വേഷണത്തെയുംസ്വാഗതം ചെയ്യുന്നു. ആറ് വർഷം മുൻപ് നിഷേധിച്ച കാര്യമാണ്. ആരും കോഴ തന്നിട്ടില്ല ആരും കോഴി വാങ്ങിയിട്ടുമില്ല. അതിനെ സംബന്ധിച്ച് മൂന്ന് അന്വേഷണം നടന്നു. അതിൽ രണ്ടെണ്ണം തെളിവില്ല എന്ന് കണ്ട് തളളിക്കളഞ്ഞതുമാണ്. മിസ്‌റ്റർ പിണറായി വിജയൻ നിങ്ങളെന്നെ ഓലപ്പാമ്പ് കാട്ടി പേടിപ്പിക്കേണ്ട.' ചെന്നിത്തല പറഞ്ഞു. ബിജു രമേശ് ഹാജരാക്കിയ ശബ്‌ദരേഖ വ്യാജമാണെന്ന് തെളിയിച്ചതാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
സ്വർണക്കടത്ത് കേസിൽ തടവിൽ കഴിയുന്ന സ്വപ്‌നയുടെ ശബ്‌ദരേഖ പുറത്ത് വിടുന്നു. അന്വേഷണ ഏജൻസിയുടെ വിശ്വാസ്യത ഇല്ലാതാക്കാൻ സർക്കാരും പൊലീസും ചേർന്ന് നടത്തുന്ന കളളക്കളിയാണിത്. ഇതിന് പിന്നിൽ സി.പി.എമ്മിന്റെ കളളക്കളിയാണ്. അന്വേഷണ ലക്ഷ്യം മുഖ്യമന്ത്രിയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് പറഞ്ഞത് ഇതിന്റെ അടിസ്ഥാനത്തിലാണെന്നും പ്രതിപക്ഷ നേതാവ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ബിനീഷ് കോടിയേരിയുടെ വീട്ടിലെ റെയ്ഡ് തടയാൻ സർക്കാർ ബാലാവകാശ കമ്മീഷനെ അവിടേക്കയച്ചു. സ്വർണക്കടത്ത് കേസ് അട്ടിമറിക്കാൻ ബോധപൂർവമായ ശ്രമങ്ങൾ നടക്കുന്നുണ്ട്. ഇതിന്റെ തെളിവുകൾ നശിപ്പിക്കാൻ പ്രോട്ടോകോൾ ഓഫിസറുടെ ഓഫീസിലെ ഫയലെല്ലാം തീയിട്ടു. ഷോർട്ട്സർക്യൂട്ട് മൂലമല്ല തീപിടിത്തം എന്ന് കണ്ടെത്തൽ വന്നപ്പോൾ അവരെ ഭീഷണിപ്പെടുത്തി.
സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ പങ്ക് വെളിവാകും എന്ന് വന്നപ്പോഴാണ് അദ്ദേഹം അന്വേഷണ ഏജൻസികൾക്കെതിരെ ഉറഞ്ഞ് തുളളുന്നതെന്ന് ചെന്നിത്തല ആരോപിച്ചു. ശിവശങ്കറും സ്വപ്നയും മുഖ്യമന്ത്രിയെ രക്ഷിക്കാൻ കിണഞ്ഞ് ശ്രമിക്കുകയാണ്. മുഖ്യമന്ത്രിയുടെ പങ്ക് ജനങ്ങൾക്ക് അറിയാം.
സംസ്ഥാനത്ത് വികസനം അട്ടിമറിച്ചു എന്ന് പറയുന്നത് വെറുതേയാണെന്നും ഇവിടെ വികസനമില്ല അഴിമതിയും കമ്മീഷനടിക്കാനുളള പദ്ധതികളുമാണ് നടക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു. ഇതെല്ലാം അന്വേഷണത്തിൽ തെളിഞ്ഞുവന്നപ്പോൾ വികസനത്തെ അട്ടിമറിക്കുന്നു എന്ന് ആരോപിക്കുകയാണ്.
കേന്ദ്ര ഏജൻസികൾ സി.എം.രവീന്ദ്രനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചപ്പോൾ മുഖ്യമന്ത്രിയുടെ സ്വരം മാറി. വികസനം അട്ടിമറിക്കുന്നു എന്ന് ആരോപിക്കുകയാണ്. ധനമന്ത്രി തോമസ് ഐസക് നിരന്തരമായി കളളം പറയുകയാണ്. മന്ത്രിയെ എങ്ങനെ വിശ്വസിക്കും? കരടും ഫൈനലും കണ്ടാൽ തിരിച്ചറിയാത്ത മന്ത്രിയാണ് തോമസ് ഐസക്കെന്നും ചെന്നിത്തല പറഞ്ഞു.
പിണറായി മന്ത്രിസഭയിലെ രണ്ട് മന്ത്രിമാർക്ക് മഹാരാഷ്‌ട്രയിൽ ബിനാമി പേരിൽ ഇരുനൂറ് ഏക്കർ ഭൂമിയുളളതായി വാർത്ത വന്നിട്ടുണ്ടെന്നും ഇതിനെപറ്റി അന്വേഷിക്കണമെന്നും ആരൊക്കെയാണ് ഈ മന്ത്രിമാരെന്ന് സർക്കാർ വ്യക്തമാക്കണമെന്നും കേരളകൗമുദി പുറത്തുകൊണ്ടുവന്ന വാർത്തയെ അടിസ്ഥാനമാക്കി പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |