കോട്ടയം: തദ്ദേശ തിരഞ്ഞെടുപ്പിൽ രണ്ടില ചിഹ്നം താത്ക്കാലികമായി കിട്ടിയതിലുള്ള ജോസ് കെ. മാണിയുടെ ചിരി അധികം വൈകാതെ കരച്ചിലായി മാറുമെന്ന് പി.ജെ..ജോസഫിന്റെ പരിഹാസം.
" ചെണ്ട കൊട്ടി വിളംബരം നടത്തിയാണ് സ്ഥാനാർത്ഥികൾ മുന്നേറുന്നത്. അമ്പലത്തിലും പള്ളിയിലും ഒരു പോലെ കൊട്ടുന്നതാണ് ചെണ്ട. രണ്ടില നഷ്ടപ്പെട്ടത് തിരഞ്ഞെടുപ്പിലെ ദോഷകരമായി ബാധിക്കില്ല. കേസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിലാണ് . കൃത്രിമം നടത്തിയാണ് ജോസ് ചെയർമാനായത്. ആത്യന്തികമായി സത്യം വിജയിക്കും. ചിഹ്നമല്ല നിലപാടാണ് പ്രധാനം. ജോസ് ഇടതു മുന്നണിയിൽ പോയതു കൊണ്ട് ഒരു ക്ഷീണവും സംഭവിച്ചിട്ടില്ല.
പാർട്ടി പേരും മാണിയുടെ ചിത്രവും ഉപയോഗിക്കാൻ പറ്റില്ലെന്നാണല്ലോ പറയുന്നത്.?
അക്കാര്യത്തിൽ കോടതി നിരോധനം ഉണ്ടായിട്ടില്ല . ചിഹ്നം സംബന്ധിച്ചേ തിരഞ്ഞെടുപ്പ് കമ്മിഷന് തീരുമാനം എടുക്കാൻ കഴിയൂ. പാർട്ടിയുടെ പേരും ചെയർമാൻ സ്ഥാനവും മറ്റും തീരുമാനിക്കാൻ അധികാരമില്ല. കമ്മിഷൻ തീരുമാനം അതു കൊണ്ട് കോടതിയിൽ ചോദ്യം ചെയ്യാം.
വിപ്പ് ലംഘിച്ചതിന് ജോസഫ് വിഭാഗം എം.എൽ.എമാർ അയോഗ്യരാകുമോ ?
സിംഗിൾ ബെഞ്ചിന്റെ വിധി വച്ച് ഞങ്ങളെ അയോഗ്യരാക്കാമെന്നത് ചിലരുടെ ആഗ്രഹം മാത്രമാണ് . കേസ് ഡിവിഷൻ ബെഞ്ചിലാണ് . ജോസ് വിഭാഗം എം.എൽഎമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് ഞങ്ങളും സ്പീക്കർക്ക് കത്തു നൽകിയിട്ടുണ്ട്.
ജോസ് എം.പി സ്ഥാനം രാജിവയ്ക്കേണ്ടതല്ലേ?
ജോസ് മാത്രമല്ല തോമസ് ചാഴികാടനും റോഷി അഗസ്റ്റിനും ധാർമ്മികതയുടെ പേരിൽ രാജിവയ്ക്കേണ്ടതാണ്.
ജോസഫ് വിഭാഗത്തിൽ നിന്ന് പലരും ജോസ് വിഭാഗത്തിലേക്ക് പോകുകയാണോ?
ചില വ്യവസായ പ്രമുഖർ പോയി കാണും. നേതാക്കളും 95 ശതമാനം പ്രവർത്തകരും ഇങ്ങോട്ടാണ് വരുന്നത്.
കോട്ടയത്ത് 9 സീറ്റ് തന്നിട്ട് വൈക്കം കോൺഗ്രസ് തിരിച്ചു പിടിച്ചു . പലയിടത്തും റിബലുമുണ്ട്?
വൈക്കത്ത് ജയസാദ്ധ്യത കോൺഗ്രസിനായതു കൊണ്ട് പൊതു സ്വതന്ത്രനെ നിറുത്തിയതാണ്. കൈപ്പത്തി ചിഹ്നത്തിനായിരിക്കും അവിടെ കൂടുതൽ വോട്ട് ലഭിക്കുകയെന്നതിനാലാണ് അങ്ങനെ ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |