കോന്നി : പട്ടയ പ്രശ്നത്തിന് പിന്നാലെ മലയോര ഗ്രാമങ്ങളിലെ സ്ഥാനാർത്ഥികളെ വെട്ടിലാക്കിയിരിക്കുകയാണ് "സത". സർക്കാരും വനംവകുപ്പും രണ്ടു തട്ടിലായതോടെയാണ് മലയോര മേഖലയിലെ പട്ടയ ഭൂമിയിലെ മരം മുറിയ്ക്കൽ വീണ്ടും പ്രതിസന്ധിയിലായത്. പട്ടയ ഭൂമിയിൽ കർഷകർ നട്ടുവളർത്തിയ മരങ്ങൾ മുറിക്കുന്നതിന് തടസമായതോടെ രാഷ്ട്രീയ പാർട്ടികളും സ്ഥാനാർത്ഥികളും പ്രതിരോധത്തിലാണ്. പട്ടയ പ്രശ്നം പോലെ തന്നെ സർക്കാർ തടി (സത) വിഷയവും ചർച്ചയായതോടെ വോട്ട് ബഹിഷ്കരണ ഭീഷണിയുമുണ്ട്.
സർക്കാർ ഉത്തരവുണ്ട്, പക്ഷേ
തടി മുറിച്ച് സ്വന്തം ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ സർക്കാർ ഉത്തരവുണ്ടെങ്കിലും വനം വകുപ്പിന്റെ അശാസ്ത്രിയ നടപടിയാണ് കർഷകർക്ക് ദുരിതമാകുന്നത്. ഉത്തരവ് വിശ്വസിച്ച് മരം മുറിച്ചാൽ വനപാലകർ പാഞ്ഞെത്തും. മരങ്ങളിൽ "സത" (സർക്കാർ തടസം) എന്ന് രേഖപ്പെടുത്തുകയും ചെയ്യും. പിന്നീട് ഈ തടി ആർക്കും ഉപയോഗിക്കാൻ കഴിയില്ലെന്ന് മാത്രമല്ല നിയമനടപടികളും നേരിടേണ്ടി വരും.
ചിറ്റാർ, സീതത്തോട് പഞ്ചായത്തുകളിലാണ് രൂക്ഷമായ പ്രതിസന്ധികൾ നിലനിൽക്കുന്നത്. രണ്ട് പഞ്ചായത്തുകളെയും വർഷങ്ങൾക്ക് മുമ്പ് ഭക്ഷ്യോല്പാദക മേഖലയായി പ്രഖ്യാപിച്ച് സർക്കാർ ഉത്തരവിറക്കിയിട്ടുണ്ട്. ഇതാണ് തടസമായി വനം വകുപ്പ് പറയുന്നത്.
വില നൽകി തടി വാങ്ങണം
സ്വന്തം ഭൂമിയിൽ മരങ്ങളുണ്ടെങ്കിലും വീടുവയ്ക്കാൻ പോലും കർഷകർക്ക് വില നൽകി തടി വാങ്ങേണ്ട സ്ഥിതിയാണ്. വർഷങ്ങൾ നീണ്ട പോരാട്ടത്തിനൊടുവിൽ ഈട്ടിയും ചന്ദനവും ഒഴികയുള്ള മരങ്ങൾ മുറിക്കാൻ സർക്കാർ ഉത്തരവ് ഇറക്കിയിരുന്നു. എന്നാൽ ഇത് നടപ്പാക്കാൻ വനപാലകർ ഇതുവരെയും തയ്യാറായിട്ടില്ല. തടി മുറിക്കാൻ അനുമതി നിലവിലുണ്ടെങ്കിലും കർഷകർ തടിയിൽ തൊട്ടാൽ വനം വകുപ്പ് കേസെടുക്കും. എന്നാൽ തടി കച്ചവടക്കാർക്കും ഇടനിലക്കാർക്കും ഇത് ബാധകമല്ല.
വിവിധ രാഷ്ട്രീയ പാർട്ടികൾ പ്രശ്നത്തിന് പരിഹാരമുണ്ടാക്കുമെന്ന് പറയുന്നുണ്ടെങ്കിലും ഒന്നും നടന്നിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |