കൊല്ലം: 'അവനവൻ കുരുക്കുന്ന കുരുക്കഴിച്ചെടുക്കുമ്പോൾ ഗുലുമാൽ, പരസ്പരം കുരുക്കുന്ന കുരുക്കഴിച്ചെടുക്കുമ്പോൾ ഗുലുമാൽ'. സിദ്ധിക്ക് ലാൽ സിനിമയിലെ വരികൾ ഈ ആഴ്ചയിലെ കൊല്ലംകാരന് കൃത്യമായി ചേരുമെന്ന് തോന്നുന്നു. ഗുലുമാലിൽ പെട്ടിരിക്കുന്നത് ജില്ലയിലെ അറിയപ്പെടുന്ന എം.എൽ.എയും സിനിമാക്കാരനുമൊക്കെയാണ്. ഗുലുമാലിലുള്ളത് സാക്ഷാൽ സരിതയും. ഇനിയെന്ത് സംഭവിക്കുമെന്നത് കണ്ടറിയണം.
കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പുകളിലും സരിതയെ മുന്നിൽ നിറുത്തി കളിച്ച നാടകങ്ങൾ കേരളക്കര കണ്ടതാണ്. ഇപ്പോഴിതാ തിരഞ്ഞെടുപ്പ് ചൂടിലേയ്ക്ക് വീണ്ടും സരിതയെത്തുകയാണ്. പ്രമുഖ എം.എൽ.എയുടെ പഴയ സന്തത സഹചാരി തന്നെയാണ് കുറച്ച് പഴയ കാര്യങ്ങൾ ഉറക്കെ വിളിച്ചുപറയുന്നത്. സരിതയെക്കൊണ്ട് എല്ലാം ചെയ്യിച്ചത് എം.എൽ.എയാണെന്നതാണ് പുതിയ വെളിപ്പെടുത്തൽ. സോളാർ കേസ് കത്തി നിൽക്കുന്ന സമയത്ത് സരിതയുമായി ബന്ധപ്പെടുത്തി അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെപ്പറ്റി എന്തൊക്കെ തിരക്കഥകളാണ് പറഞ്ഞുപരത്തിയത്.
എന്നും ജനങ്ങൾക്കിടയിൽ സാധാരണക്കാരനായി നിൽക്കുന്ന നേതാവാണ് ഉമ്മൻ ചാണ്ടി. അദ്ദേഹത്തെപ്പോലും അപകീർത്തിപ്പെടുത്തിയത് കാലം കണ്ടുനിന്നു.
സരിത പറഞ്ഞ പലതും പറഞ്ഞ് ചെയ്യിപ്പിച്ചതാണെന്നല്ലേ ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്ന കഥ. സരിതയുടെ പഴയ അഡ്വക്കേറ്റും ഇപ്പോഴത്തെ വെളിപ്പെടുത്തലുകൾ സത്യമാണെന്ന് പറഞ്ഞിട്ടുണ്ട്. തിരഞ്ഞെടുപ്പിൽ ജയിച്ചുകയറാനും സ്വകാര്യ നേട്ടങ്ങൾക്കുമായി ആർക്കെതിരെയും എന്തും പറയാമെന്ന നിലയിലേയ്ക്ക് കേരളം തരം താഴുകയാണോ. സരിതയുമായി ബന്ധപ്പെട്ട പുതിയ വെളിപ്പെടുത്തലുകൾ തിരഞ്ഞെടുപ്പ് സമയത്തെ രാഷ്ട്രീയത്തിൽ എന്തൊക്കെ മാറ്റങ്ങളുണ്ടാക്കുമെന്നത് കണ്ടറിയണം. ജനത്തെ മണ്ടന്മാരാക്കാൻ ശ്രമിക്കുന്നവർ ഒന്നോർക്കണം. ഇത് ജനാധിപത്യമാണ്. ഇവിടെ ജനമാണ് രാജാവ്. കാര്യങ്ങളുടെ സത്യാവസ്ഥ മനസിലാക്കുന്ന വോട്ടർമാർ വിചാരിച്ചാൽ എല്ലാ സ്ഥാനങ്ങളും അസ്ഥാനത്താവും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |