പ്രചരണം അവസാന ലാപ്പിലേക്ക്
സമഗ്രവികസനം വാഗ്ദാനം ചെയ്ത് എൽ.ഡി.എഫിന്റെ പ്രകടന പത്രിക
ചെർപ്പുളശ്ശേരി: ഭരണതുടർച്ച ലക്ഷ്യമിട്ട് യു.ഡി.എഫും ഭരണം പിടിക്കാൻ എൽ.ഡി.എഫും കളം നിറയുമ്പോൾ വാശിയേറിയ പോരാട്ടത്തിനാവും ഇത്തവണ ചെർപ്പുളശേരി നഗരസഭ സാക്ഷ്യം വഹിക്കുകയെന്ന് ഉറപ്പ്. ഇരുമുന്നണി സ്ഥാനാർത്ഥികളും ഇതിനകം മൂന്നുതവണ വാർഡുകളിൽ പര്യടനം പൂർത്തിയാക്കി കഴിഞ്ഞു.
33 വാർഡുകളുള്ള നഗരസഭയിൽ വ്യക്തമായ ഭൂരിപക്ഷത്തോടെ ഇത്തവണയും അധികാരത്തിൽ വരുമെന്നാണ് യു.ഡി.എഫിന്റെ അവകാശ വാദം. കഴിഞ്ഞ തവണ ചെയർപേഴ്സനായിരുന്ന ശ്രീലജ വാഴക്കുന്നത്ത്, വൈസ് ചെയർമാനായിരുന്ന കെ.കെ.എ.അസീസ്, പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാനായിരുന്ന പി.രാംകുമാർ എന്നിവർ ഇത്തവണയും മത്സര രംഗത്തുള്ളത് ഭരണം ലക്ഷ്യം വെച്ചുതന്നെയാണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ കൊണ്ടുവന്ന് പ്രചരണത്തിന് ആവേശം പകരാനും യു.ഡി.എഫിനായി. വരുംദിവസങ്ങളിൽ പി.കെ.കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ള നേതാക്കളും പ്രചരണത്തിന് എത്തുമെന്നാണ് അറിയുന്നത്.
പൊതുപരിപാടികളേക്കാൾ എൽ.ഡി.എഫ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത് വാർഡുകളിലെ സ്വകാഡ് വർക്കുകൾക്കാണ്. കൃത്യമായ ആസൂത്രണത്തോടെ ഓരോ വോട്ടും പെട്ടിയിലാക്കാനാണ് ഇടതുമുന്നണിയുടെ ശ്രമം. പുതുമുഖങ്ങളും കരുത്തരുമടങ്ങുന്നതാണ് എൽ.ഡി.എഫിന്റെ സ്ഥാനാർത്ഥി ലിസ്റ്റ്. കഴിഞ്ഞ തവണ വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സനായിരുന്ന സഫ്ന പാറക്കൽ, കൗൺസിലർമാരായിരുന്ന മിനി, കെ.ടി.പ്രമീള, സാദിഖ് എന്നിവർ ഇത്തവണയും രംഗത്തുണ്ടെന്നത് മത്സരത്തിന്റെ വീറുംവാശിയും കൂട്ടും.
തിരഞ്ഞെടുപ്പ് വിജയം ലക്ഷ്യം വച്ച് പ്രകടനപത്രികയും എൽ.ഡി.എഫ് പുറത്തിറക്കി. നഗരവികസനം, ആരോഗ്യം, കുടിവെള്ളം, വിദ്യാഭ്യസം, സാമൂഹ്യക്ഷേമം, വനിതാ ക്ഷേമം, മാലിന്യ സംസ്‌കരണം തുടങ്ങി പതിനൊന്ന് മേഖലകളിലായി വൻ വികസന പദ്ധതികളാണ് എൽ.ഡി.എഫ് പ്രകടന പത്രികയിൽ വാഗ്ദാനം ചെയ്യുന്നത്. സി.പി.എം ഏരിയാ സെക്രട്ടറി കെ.ബി.സുഭാഷ് ജില്ലാ കമ്മറ്റി അംഗം പി.എ. ഉമ്മറിന് നൽകിയാണ് പ്രകടന പത്രിക പ്രകാശനം ചെയ്തത്.
ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എയും ഇത്തവണ വലിയ പ്രതീക്ഷയിലാണ്. കഴിഞ്ഞ തവണത്തെ രണ്ടു സീറ്റുകൾ വർദ്ധിപ്പിക്കുകയാണ് ലക്ഷ്യം. അതിനാൽ വാർഡുകളിൽ ആസൂത്രണത്തോടെയുള്ള പ്രചരണമാണ് ബി.ജെ.പിയും നടത്തുന്നത്. എൻ.ഡി.എയുടെ സ്വാധീനം പല വാർഡുകളിലും ത്രികോണ മത്സരത്തിനും വേദിയൊരുക്കുമെന്നാണ് വിലയിരുത്തുന്നത്.
യു.ഡി.എഫ് 17, എൽ.ഡി.എഫ് 14, ബി.ജെ.പി 2 എന്നിങ്ങനെയായിരുന്നു കഴിഞ്ഞ തവണത്തെ കക്ഷിനില.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |