തിരുവനന്തപുരം: കേരളത്തിൽ പുതിയ ആശയങ്ങൾ സാമ്പത്തിക മേഖലയിലെ വിപണന ഉത്പന്നമോ/സേവനമോ ആയി മാറുന്ന ഇന്നൊവേഷൻ (നൂതനവിദ്യ) സമൂഹത്തെ സൃഷ്‌ടിക്കാൻ ബഡ്ജറ്റിൽ നാല് പദ്ധതികളുണ്ട്. വിദഗ്ദ്ധരെയും കർഷകരെയും തൊഴിലാളികളെയും പങ്കാളികളാക്കും.
കൃഷി, വ്യവസായം, സേവനം, വ്യാപാര മേഖലകളിലെ പ്രശ്‌നപരിഹാരം കണ്ടെത്തുന്ന നൂതനവിദ്യ അപ്‌ലോഡ് ചെയ്യാൻ ഡിജിറ്റൽ പ്ലാറ്റ്ഫോമുണ്ടാക്കും. വിദഗ്ദ്ധരുടെ സഹായത്തോടെ വിലയിരുത്തി ഗ്രേഡ് ചെയ്യും. ഇവ പ്രോഡക്ടുകളാക്കി വികസിപ്പിക്കാൻ ധനസഹായം ഉറപ്പാക്കും. 5സ്റ്റാർ റേറ്റിംഗ് ലഭിച്ചാൽ സമൂഹത്തിൽ വ്യാപിപ്പിക്കും. ഇവ ടെൻഡറില്ലാതെ സർക്കാർ, അർദ്ധസർക്കാർ സ്ഥാപനങ്ങൾ വാങ്ങും.
കെ-ഡിസ്ക് നടപ്പാക്കിയ യംഗ് ഇന്നവേഷൻ ചലഞ്ചും അസാപ്പിന്റെ ഹാക്കത്തോണും സംയോജിപ്പിച്ച് കേരളാ ഇന്നവേഷൻ ചലഞ്ച് പ്രഖ്യാപിച്ചു. 20 മേഖലകളിൽ മൂന്നു ഘട്ടമായാണിത് സംഘടിപ്പിക്കുക. വിദ്യാർത്ഥികളുടെയും ഗവേഷകരുടെയും സംഘങ്ങൾക്ക് രജിസ്റ്റർ ചെയ്യാം. സംസ്ഥാനതലത്തിൽ തിരഞ്ഞെടുക്കപ്പെടുന്നവരുടെ ആശയം ഉത്പന്നമാക്കി മാറ്റാൻ മൂന്നുവർഷത്തേക്ക് സർക്കാർ സാമ്പത്തിക, സാങ്കേതിക സഹായം നൽകും. ഇതിനായി 40 കോടിരൂപ വകയിരുത്തി.
വികസന മേഖലയിൽ നൂതനമായ പ്രോജക്ടുകൾ നടപ്പാക്കുന്ന തദ്ദേശസ്ഥാപനങ്ങൾക്ക് പ്രത്യേക സഹായം. വികസന ഫണ്ടിന്റെ അരശതമാനം എസ്.ബി സെൻ ഇന്നവേഷൻ ഫണ്ടായി മാറ്റിവയ്ക്കും. ഇതിനായി 35 കോടിരൂപ.
സർക്കാർ വകുപ്പുകളിൽ സ്റ്റാർട്ടപ്പ് ഇന്നവേഷൻ സോണുകൾ ആരംഭിക്കും. വികസന പ്രശ്‌നങ്ങൾ പരിഹരിക്കാൻ സ്റ്റാർട്ട് അപ്പുകളെ ബന്ധപ്പെടുത്താനാണിത്. മാൻഹോൾ ശുചീകരണത്തിനുള്ള റോബട്ടുണ്ടാക്കിയ സ്റ്റാർട്ടപ്പിന്റെ വിപണിമൂല്യം 200 കോടി രൂപയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |