ന്യൂഡൽഹി: സി പി ഐ ബന്ധം ഉപേക്ഷിച്ച് യുവനേതാവ് കനയ്യ കുമാർ ജെ ഡി യുവിലേക്കെന്ന് അഭ്യൂഹം. ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ വിശ്വസ്‌തനും മന്ത്രിയുമായ അശോക് ചൗധരിയുമായി കനയ്യകുമാർ ചർച്ച നടത്തി. സി പി ഐ ദേശീയ കൗൺസിലിൽ കഴിഞ്ഞ വാരം കനയ്യയെ താക്കീത് ചെയ്‌തിരുന്നു. ഡിസംബറിൽ പട്നയിലെ പാർട്ടി ഓഫിസിൽ കനയ്യയുടെ അനുയായികൾ ഓഫിസ് സെക്രട്ടറി ഇന്ദു ഭൂഷണെ കൈയേറ്റം ചെയ്‌ത സംഭവത്തിലായിരുന്നു താക്കീത്.
ബഗുസരായി ജില്ലാ കൗൺസിൽ യോഗം മാറ്റിവച്ചകാര്യം കനയ്യയെ അറിയിച്ചില്ലെന്ന് പറഞ്ഞായിരുന്നു ഇന്ദു ഭൂഷണെ പ്രാദേശിക നേതാക്കൾ മർദ്ദിച്ചത്. ഇന്ദു ഭൂഷണെ മർദ്ദിച്ച സംഭവത്തിൽ താൻ പങ്കെടുത്തിട്ടില്ലെന്നാണ് കനയ്യ പറയുന്നത്. ദേശീയ എക്‌സിക്യൂട്ടീവ് കൗൺസിൽ തന്നെ താക്കീത് ചെയ്‌ത നടപടി പിൻവലിക്കണമെന്ന് കനയ്യ കുമാർ ആവശ്യപ്പെട്ടിരുന്നെങ്കിലും ദേശീയ നേതൃത്വം അതിന് തയ്യാറായിരുന്നില്ല.
ഈ സാഹചര്യത്തിലാണ് 'ജെ ഡി യുവിന്റെ അമിത്ഷാ' എന്ന് അറിയപ്പെടുന്ന അശോക് ചൗധരിയെ കനയ്യ കണ്ടത് . പട്‌നയിലെ വസതിയിലായിരുന്നു കൂടിക്കാഴ്ച. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട കനയ്യയ്‌ക്ക് ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി സീറ്റ് നൽകാത്തത് സംബന്ധിച്ച് ശക്തമായ പ്രതിഷേധം ഉണ്ടായിരുന്നു.
അശോക് ചൗധരിയുമായുളള കൂടിക്കാഴ്ച സൗഹാർദ്ദപരമായിരുന്നെന്ന് പ്രതികരിച്ചത് ഒഴിച്ചാൽ ചർച്ചയായത് എന്താണെന്ന് അടക്കം കനയ്യ വ്യക്തമാക്കിയില്ല. അതേസമയം, കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം ഉപേക്ഷിച്ച് അച്ചടക്കമുളള നേതാവായി മാറാൻ തയ്യാറാണെങ്കിൽ കനയ്യയെ സ്വാഗതം ചെയ്യുമെന്ന് ജെ ഡി യു വക്താവ് അജയ് അലോക് പറഞ്ഞു. കനയ്യകുമാർ ജെ ഡി യുവിൽ ചേർന്ന് മുഖ്യധാരയിലെയ്ക്ക് വരുന്നതിനെ എതിർക്കേണ്ടതില്ലെന്ന് ബി ജെ പിയും വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് ബി എസ് പിയുടെ ഏക എം എൽ എയും ഒരു സ്വതന്ത്ര എം എൽ എയും ജെ ഡി യുവിന്റെ ഭാഗമായത്. ഇതിനെല്ലാം ചുക്കാൻ പിടിച്ചത് അശോക് ചൗധരിയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |