അമരാവതി: മൂത്തകുട്ടിയുടെ ചികിത്സയ്ക്കുള്ള പണത്തിനായി പന്ത്രണ്ടുകാരിയായ മകളെവിറ്റ് ദമ്പതികൾ. ആന്ധ്രപ്രദേശിലെ നെല്ലൂരിലാണ് സംഭവം. ദിവസവേതനക്കാരായ ദമ്പതികൾ മദ്ധ്യവയസ്‌കനായ അയൽവാസിക്കാണ് മകളെ വിറ്റത്.
ദമ്പതികളുടെ പതിനാറു വയസുകാരിയായ മൂത്തകുട്ടിക്ക് ശ്വാസകോശ സംബന്ധമായ അസുഖമാണ്. മകളെ ചികിത്സിക്കാൻ പണം കണ്ടെത്താൻ സാധിക്കാതായതോടെ നാൽപത്തിയാറുകാരനായ ചിന്ന സുബ്ബയ്യയ്ക്ക് 10,000 രൂപയ്ക്ക് കുട്ടിയെ വിൽക്കുകയായിരുന്നു.
ആദ്യം 25,000 രൂപയായിരുന്നു ദമ്പതികൾ ആവശ്യപ്പെട്ടതെങ്കിലും വിലപേശലിനൊടുവിൽ 10,000 രൂപയ്ക്ക് മകളെ സുബ്ബയ്യയ്ക്ക് നൽകുകയായിരുന്നു. ബുധനാഴ്ച ഇയാൾ പന്ത്രണ്ടുകാരിയെ വിവാഹം കഴിച്ചു. തൊട്ടടുത്ത ദിവസമാണ് വനിതാ ശിശുക്ഷേമ വകുപ്പ് വിവരമറിയുന്നത്. തുടർന്ന് പെൺകുട്ടിയെ രക്ഷപ്പെടുത്തി ജില്ലാ ശിശു സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. സുബ്ബയ്യയെ പൊലീസ് അറസ്റ്റ് ചെയ്തു.
സുബ്ബയ്യ വിവാഹിതനാണ്. ദാമ്പത്യ പ്രശ്‌നങ്ങളെത്തുടർന്ന് ഭാര്യ ഉപേക്ഷിച്ചുപോയതാണ്. ഭാര്യ പോയതോടെ പന്ത്രണ്ടുകാരിയെ തനിക്ക് വിവാഹം ചെയ്തുതരണമെന്ന് ആവശ്യപ്പെട്ട് ഇതിനുമുമ്പ് പെൺകുട്ടിയുടെ മാതാപിതാക്കളെ ഇയാൾ സമീപിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |