കുമരകം: യൂസഫലിയുടെ ഹെലികോപ്ടറിന്റെ എൻജിൻ തകരാറിലായെങ്കിലും വൻ അപകടം ഒഴിവാക്കാനായത് പൈലറ്റുമാരായ കുമരകം സ്വദേശി അശോക് കുമാറിന്റെയും ചിറക്കടവ് സ്വദേശി കെ.ബി.ശിവകുമാറിന്റെ മനസാന്നിദ്ധ്യവും ശരിയായ തീരുമാനവും. യന്ത്രം തകരാറിലായിട്ടും ഹെലികോപ്ടർ ചതുപ്പു നിലത്തിൽ ഇടിച്ചിറക്കാനായത് അപകടത്തിന്റെ ആഘാതം കുറച്ചു.
കുമരകം അട്ടിപ്പീടികയ്ക്ക് സമീപം പെരുംപള്ളിൽ വീട്ടിൽ ഫ്ലൈറ്റ് ലെഫ്റ്റനന്റ് തങ്കപ്പൻ നായരുടേയും കെ.എസ്. ഇ.ബി. റിട്ട. സുപ്രണ്ട് ലീലാവതിയമ്മയുടെയും മകനാണ് എയർ ഫോഴ്സിൽ നിന്ന് വിരമിച്ച അശോക് കുമാർ. സമീപത്ത് വീടുകളും തിരക്കേറിയ നാഷണൽ ഹൈവേയും മുകളിൽ വൈദ്യുതി, കേബിൾ ലൈനുകൾ ഉണ്ടായിരുന്നെങ്കിലും അവയെല്ലാം ഒഴിവാക്കി, ചുറ്റും മതിലുള്ള ചെറിയപറമ്പിലേക്ക് ഹെലികോപ്ടർ ഇറക്കാനായി. ചെറിയൊരു പിഴവു വന്നിരുന്നെങ്കിൽ വൻ ദുരന്തമായേനെ. ചിറക്കടവ് കോയിപ്പുറത്ത് മഠത്തിൽ ഭാസ്കരൻനായരുടെയും ഭവാനിയമ്മയുടെയും മകനാണ് സഹ പൈലറ്റായിരുന്ന കെ.ബി.ശിവകുമാർ. റിട്ട. എയർഫോഴ്സ് വിങ് കമാൻഡറാണ്.
സൈന്യത്തിൽ നിന്ന് വിരമിച്ച ശേഷം ഡൽഹിയിൽ റെലിഗേർ എന്ന ഫ്ലൈറ്റ് കമ്പനിയിൽ ജോലി ചെയ്തു. അക്കാലത്ത് നരേന്ദ്രമോദി, സോണിയ ഗാന്ധി, ലാലുപ്രസാദ് യാദവ് തുടങ്ങിയവരുടെ യാത്രകളിൽ പൈലറ്റായിട്ടുണ്ട് . പിന്നീടാണ് യൂസഫലിക്ക് ഒപ്പം ചേർന്നത്. എറണാകുളത്താണ് താമസം. ബിന്ദുവാണ് ഭാര്യ. രണ്ട് മക്കളുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |