ന്യൂഡൽഹി: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കിടെ മരണപ്പെടുന്ന ആരോഗ്യപ്രവർത്തകർക്കുള്ള 50 ലക്ഷം രൂപയുടെ ഇൻഷുറൻസ് പദ്ധതി കേന്ദ്ര സർക്കാർ പിൻവലിക്കുന്നു. ഇക്കാര്യം കേന്ദ്ര ആരോഗ്യ സെക്രട്ടറി സംസ്ഥാനങ്ങളെ അറിയിച്ചിട്ടുണ്ട്.
മാർച്ച് 24 വരെ മരിച്ചവരുടെ രേഖകൾ ഹാജരാക്കാൻ ഈ മാസം 24 വരെ സമയം അനുവദിച്ചിട്ടുണ്ട്.അതിനുശേഷം മരിച്ചവരുടെ കുടുംബത്തിന് ഇൻഷുറൻസ് ലഭിക്കില്ല. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കിടെ ജീവൻ നഷ്ടമാകുന്ന ആരോഗ്യപ്രവർത്തകരുടെ കുടുംബത്തെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു കേന്ദ്ര സർക്കാർ ഈ ഇൻഷുറൻസ് പദ്ധതി ആരംഭിച്ചത്.
മരിച്ച ആരോഗ്യപ്രവർത്തകരുടെ വിവരങ്ങൾ ഇതുവരെ സർക്കാർ പുറത്തുവിട്ടിട്ടില്ല. എന്നിരുന്നാലും രാജ്യത്ത് കൊവിഡ് ബാധിച്ച് 736 ഡോക്ടർമാർക്ക് ജീവൻ നഷ്ടമായെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ അറിയിച്ചു. ഇതിൽ 287 ഡോക്ടർമാർക്ക് മാത്രമാണ് ഇൻഷുറൻസ് ലഭിച്ചത്.
2020 മാർച്ച് 26 നാണ് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ആരോഗ്യപ്രവർത്തകർക്കുള്ള 50 ലക്ഷം രൂപയുടെ ഇൻഷുറൻസ് പദ്ധതി പ്രഖ്യാപിച്ചത്. 90 ദിവസത്തേക്കായിരുന്നു ആദ്യം പ്രഖ്യാപിച്ചതെങ്കിലും, പിന്നീട് ഒരു വർഷത്തേക്ക് നീട്ടുകയായിരുന്നു. സ്വകാര്യ ആശുപത്രികളിലെ ജീവനക്കാരെയും ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 1.7 ലക്ഷം കോടി രൂപയുടെ കോവിഡ് 19 ദുരിതാശ്വാസ പാക്കേജിന്റെ ഭാഗമായാണ് കേന്ദ്ര സർക്കാർ പദ്ധതി പ്രഖ്യാപിച്ചത്.അതേസമയം ഇൻഷുറൻസ് പദ്ധതി വീണ്ടും നീട്ടിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |