ഓക്സിജൻ സിലിണ്ടർ നല്കുന്നതുൾപ്പെടെയുള്ള കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിയ ഇന്ത്യൻ യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷൻ ബിവി ശ്രീനിവാസിനെ ഡൽഹി പൊലീസ് ചോദ്യം ചെയ്ത നടപടിയെ വിമർശിച്ച് നിയുക്ത കുണ്ടറ എംഎൽഎ പിസി വിഷ്ണുനാഥ്. തന്റെ ഫേസ്ബുക്ക് കുറിപ്പ് വഴിയാണ് അദ്ദേഹം ബിവി ശ്രീനിവാസിന് പിന്തുണയുമായി രംഗത്തുവന്നത്.
മാദ്ധ്യമങ്ങൾ 'ഓക്സിജൻ മാൻ' എന്ന് വിശേഷിപ്പിച്ച യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷനെതിരെ ഇത്തരത്തിൽ നടപടി സ്വീകരിക്കുന്നത് മൂലം NDA സർക്കാർ സ്വയം പരിഹാസ്യരാവും എന്ന് വിഷ്ണുനാഥ് ചൂണ്ടിക്കാട്ടുന്നു. ദുരിതകാലത്തുള്ള ഇത്തരം മനോഭാവങ്ങൾ നാം അതിജീവിക്കുമെന്നും ജനാധിപത്യം അതിന്റെ ജീവശ്വാസം നിലനിർത്തുമെന്നും പറഞ്ഞുകൊണ്ട് ശ്രീനിവാസിന് സ്നേഹാഭിവാദ്യങ്ങളർപ്പിച്ചുകൊണ്ടാണ് പിസി വിഷ്ണുനാഥ് തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.
കുറിപ്പ് ചുവടെ:
'ഇന്ത്യൻ യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ബി.വി ശ്രീനിവാസ് രാജ്യ തലസ്ഥാനത്തെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ പ്രാണവായുവായിത്തീർന്ന മനുഷ്യനാണ്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി യൂത്ത് കോൺഗ്രസ് പോരാട്ടങ്ങളുടെ നായകത്വം വഹിച്ചു കൊണ്ടിരുന്നപ്പോഴോ ഇന്ത്യയിലെ പ്രകൃതിക്ഷോഭങ്ങൾ നേരിടുന്ന പ്രദേശങ്ങളിൽ സന്നദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയപ്പോഴോ ബി.ജെ.പി വിരുദ്ധ മാധ്യമങ്ങൾ പോലും അയാളെ പരിഗണിച്ചിരുന്നില്ല. എന്നാൽ, കോവിഡ് മഹാമാരിയെ നേരിടുന്നതിൽ ഭരണ സംവിധാനങ്ങൾ പരാജയപ്പെട്ടപ്പോൾ അസാധാരണ നേതൃശേഷി പ്രകടമാക്കിയ അദ്ദേഹത്തെ ഇന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ പോലും ഇന്ത്യയുടെ 'ഓക്സിജൻ മാൻ' എന്നു വിളിച്ചു.
ദുരിതത്തിലായ ജനതയെയും ദുർബലപ്പെട്ട സംവിധാനങ്ങളെയും പിന്തുണച്ചു കൊണ്ടുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന ശ്രീനിവാസിനെ ഡൽഹി പോലീസിന്റെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തിരിക്കുന്നു. ജീവൻ രക്ഷിക്കാൻ വേണ്ടി നടത്തുന്ന ഇടപെടലുകളിൽ നിയമവിരുദ്ധതയുണ്ടെന്ന് ആരോപിച്ചു നൽകിയ പൊതുതാല്പര്യ ഹർജ്ജിയാണ് കാരണം. ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ വേണ്ടിയുള്ള പ്രവർത്തനങ്ങളെക്കതിരെ പ്രതികാര നടപടികൾ സ്വീകരിച്ചാൽ, NDA സർക്കാർ സ്വയം പരിഹാസ്യരാവും. സാമാന്യ മര്യാദയുടെ എല്ലാ സീമകളും ലംഘിക്കുന്ന നടപടിയാവും. പിന്നോട്ടില്ല എന്ന് ശ്രീനിവാസ് പ്രഖ്യാപിച്ചു കഴിഞ്ഞു.
സഹ സംസ്ഥാന തൊഴിലാളികൾക്ക് വീട്ടിലേക്ക് മടങ്ങാനുള്ള സാമ്പത്തിക സഹായമെത്തിച്ചപ്പോൾ കോൺഗ്രസിന്റെ പണം കോൺഗ്രസിന്റെ കൈയ്യിലിരിക്കട്ടെ എന്നുപറഞ്ഞത് തടയുന്നതിനും വാളയാറിൽ കുടുങ്ങിപ്പോയവർക്ക് വെള്ളവും ഭക്ഷണവുമെത്തിച്ചവരെ മരണവ്യാപാരികളെന്നാക്ഷേപിക്കുന്നതിനും പ്രേരിപ്പിച്ച സംസ്ഥാനത്ത് കണ്ട അതേ മനോഭാവത്തിന്റെ വീര്യം കൂടിയ വേർഷനാണ് രാജ്യതലസ്ഥാനത്ത് കാണുന്നത്. ഈ ദുരിതകാലത്ത് അതിനെയും നാം അതിജീവിക്കും. ജനാധിപത്യം അതിന്റെ ജീവശ്വാസം നിലനിർത്തും.
ബി. വി ശ്രീനിവാസിന് സ്നേഹാഭിവാദ്യങ്ങൾ.
#IStandWithIYC '
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |