SignIn
Kerala Kaumudi Online
Wednesday, 30 September 2026 9.57 AM IST

'ശിവൻകുട്ടി അണ്ണനിറങ്ങിയാൽ സംഗതി ഡബിൾ ഒ.കെ'

തിരുവനന്തപുരം: തലസ്ഥാനത്തെ ഇടത് അനുകൂലികളായ യുവജനതയ്ക്ക് ഒരു ധാരണയുണ്ട്, ശിവൻകുട്ടി അണ്ണനിറങ്ങിയാൽ സംഗതി ഡബിൾ ഒ.കെ. ആ ധാരണയുടെയും വിശ്വാസത്തിന്റെയും ഉൾക്കരുത്തിലാണ്, വി.ശിവൻകുട്ടി മന്ത്രിക്കസേരയിലെത്തുന്നത്.

ആദ്യമായി അക്കൗണ്ട് തുറന്ന നേമം ഇക്കുറിയും കൈപ്പിടിയിലൊതുക്കാമെന്ന് ബി.ജെ.പി മോഹിച്ചു, കെ.മുരളീധരൻ വന്നാൽ കാര്യങ്ങൾ മാറിമറിയുമെന്ന് കോൺഗ്രസും മന:പായസമുണ്ടു. പക്ഷേ, പഴയ ഫുട്ബാൾ താരം വി.ശിവൻകുട്ടി കയറിക്കളിച്ചതോടെ നേമത്തെ ചരിത്രം മാറി. ഇതേ മണ്ഡലത്തിൽ 2016-ൽ ഒ.രാജഗോപാലിൽ നിന്നേറ്റ പരാജയത്തിന് ഒന്നാന്തരം പകവീട്ടൽ. തിരുവനന്തപുരം കോർപ്പറേഷൻ മേയറായിരുന്നപ്പോൾ, ആരെയും കൂസാതെ നഗരം അടിച്ചുതളിച്ചു വെടിപ്പാക്കിയ മുൻകാല ഭരണാധികാരിയുടെ മികവ് നഗരവാസികൾ മറന്നിട്ടില്ല. പദവികളുള്ളപ്പോഴും ഇല്ലാത്തപ്പോഴും ഏതു കാര്യത്തിലും ഒപ്പമുണ്ട് ശിവൻകുട്ടി. പുറമെ ഗൗരവ പ്രകൃതമെങ്കിലും അനുകമ്പയോടെ ആർക്കും സഹായമെത്തിക്കാനും ഈ നേതാവ് എന്നുമുണ്ടായിരുന്നു. തിരഞ്ഞെടുപ്പിൽ ജയിച്ച് , പാർട്ടി തീരുമാനത്തിന്റെ ബലത്തിൽ നേരെയങ്ങു മന്ത്രിക്കസേരയിലേക്ക് പ്രതിഷ്ഠിക്കപ്പെടുന്ന പാർട്ടി സഖാവല്ല, ശിവൻകുട്ടി. 1980 കളുടെ മദ്ധ്യത്തിൽ, കേരളത്തിലെ കോളേജ് കാമ്പസുകളിൽ സമരാഗ്നി ആളിപ്പടർത്തിയത് പ്രീഡിഗ്രി ബോർഡ് സമരമടക്കമുള്ള നിരവധി പ്രക്ഷോഭങ്ങളാണ്. അന്ന് എസ്.എഫ്.ഐയുടെ അമരക്കാരിലൊരാൾ ശിവൻകുട്ടിയായിരുന്നു. മറ്റൊരാൾ പാർട്ടി ആക്ടിംഗ് സെക്രട്ടറി എ.വിജയരാഘവനും. രക്തരൂക്ഷമായ സമരങ്ങളുടെ പരമ്പരയാണ് അക്കാലത്ത് അരങ്ങേറിയത്. സജീവ കലാലയ രാഷ്ട്രീയത്തിലേക്ക് ഇറങ്ങാൻ മടിച്ചുനിന്ന വലിയൊരു വിഭാഗത്തെ പ്രസ്ഥാനത്തിലേക്ക് ആകർഷിക്കാൻ ആ നേതൃത്വത്തിന് കഴിഞ്ഞു. ആ പന്ഥാവിലൂടെ ഇടതുപക്ഷത്ത് ചേക്കേറിയ എത്രയോ പേർ പിന്നീട് എസ്.എഫ്.ഐയുടെയും സി.പി.എമ്മിന്റെയും പ്രധാന നേതാക്കളായി മാറി. വി.ശിവൻകുട്ടിയെന്ന പേര് അന്നേ പതിഞ്ഞതാണ് തലസ്ഥാനത്തെ ജനമനസുകളിൽ. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവും, സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറിയുമാണ് ശിവൻകുട്ടി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL