തിരുവനന്തപുരം: തന്റെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിതനായ ഫുഡ് ആന്റ് സേഫ്റ്റി ജോയിന്റ് കമ്മീഷണർ കെ അനിൽകുമാർ മാർക്സിസ്റ്റുകാരാണെന്ന പ്രചാരണം തള്ളി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. തന്റെ ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് രംഗത്തുവന്നത്.
സോഷ്യൽ മീഡിയ വഴി ചിലർ നടത്തുന്ന ഈ പ്രചാരണം തെറ്റാണെന്നും താൻ ലോ അക്കാദമി ലോ കോളേജിൽ പഠിക്കുമ്പോൾ അനിൽകുമാർ തന്നോടൊപ്പം സജീവമായി കെ എസ് യുവിന് വേണ്ടി പ്രവർത്തിച്ച ആളാണെന്നും വി ഡി സതീശൻ പറഞ്ഞു.
എ കെ ആൻറണിയും ഉമ്മൻ ചാണ്ടിയും മുഖ്യമന്ത്രിമാരായിരുന്നപ്പോൾ അനിൽകുമാർ ഗുരുവായൂർ ദേവസ്വത്തിന്റെ അഡ്മിനിസ്ട്രേറ്ററായിരുന്നു എന്നും അദ്ദേഹത്തിന്റെ പേര് ശുപാർശ ചെയ്തത് ജി കാർത്തികേയനും രമേശ് ചെന്നിത്തലയുമായിരുന്നുവെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടുന്നു. താൻ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുത്തതിൽ അസ്വസ്ഥതയുള്ള ചിലരാണ് ഇത്തരത്തിലുള്ള പ്രചരണം നടത്തുന്നതെന്നും വി ഡി സതീശൻ ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |