ന്യൂഡൽഹി: മെഡിക്കൽ കോളേജ് പ്രവേശത്തിനുള്ള നീറ്റിൽ ആൾമാറാട്ടത്തിലൂടെ പരീക്ഷയെഴുതി ഇഷ്‌ടമുള്ള കോളേജുകളിൽ സീറ്റ് സംഘടിപ്പിക്കാമെന്ന് വാഗ്ദാനം നൽകി വിദ്യാർത്ഥികളിൽ നിന്ന് 50ലക്ഷംവീതം വാങ്ങിയ സംഘത്തെ സി.ബി.ഐ പിടികൂടി. നാഗ്പൂരിലെ ആർ.കെ. എഡ്യൂക്കേഷൻ കരിയർ ഗൈഡൻസ് എന്ന സ്ഥാപനത്തിന്റെ നടത്തിപ്പുകാരൻ പരിമൾ കോട്ട്പല്ലിവാളിനെയും സഹായികളെയുമാണ് സി.ബി.ഐ അറസ്റ്റു ചെയ്‌തത്.
നീറ്റിൽ യഥാർത്ഥ കുട്ടികൾക്ക് പകരം വേറെ ആളെ വച്ച് പരീക്ഷ എഴുതി വൻകിട കോളേജുകളിൽ പ്രവേശനം നൽകുമെന്നാണ് ഇവർ വാഗ്‌ദാനം നൽകിയത്. ഇതിനായി ഒരു ലക്ഷം രൂപ നൽകി ആളെ തയാറാക്കിയിരുന്നു. വിവരം ലഭിച്ചതിനെ തുടർന്ന് പരീക്ഷാ കേന്ദ്രത്തിൽ കാത്തു നിന്ന സി.ബി.ഐ ഇവരെ പിടികൂടി.
കുട്ടികളുടെ യൂഡർ ഐഡിയും പാസ്‌വേഡും വാങ്ങിയ ശേഷം ആൾമാറാട്ടം നടത്താൻ ഫോട്ടോയിൽ കൃത്രിമം കാട്ടിയതായി കണ്ടെത്തി. വ്യാജ തിരിച്ചറിയൽ കാർഡ് ഉണ്ടാക്കാൻ ആധാർ കാർഡ് വിവരങ്ങളും ശേഖരിച്ചു. പരീക്ഷയുടെ ഉത്തരസൂചിക ഏർപ്പാടാക്കാമെന്ന് വാഗ്‌ദാനം ചെയ്‌ത ഒം.എം.ആർഷീറ്റുകളിൽ തട്ടിപ്പ് കാട്ടുന്ന വിധവും പരിമൾ കുട്ടികളെ പഠിപ്പിച്ചിരുന്നു.