SignIn
Kerala Kaumudi Online
Friday, 20 May 2022 4.49 AM IST

കോൺഗ്രസിന് ശനിദശയോ?

vivadavela

പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനം തുടങ്ങി ഇരുപതാം നൂറ്റാണ്ടിൽ പ്രശോഭിച്ചുനിന്ന്, ഇരുപത്തിയൊന്നാം നൂറ്റാണ്ട് രണ്ട് ദശകം പൂർത്തിയാക്കുമ്പോൾ കിതച്ചുവിറച്ചു നീങ്ങുന്നു ഇന്ത്യൻ നാഷണൽ കോൺഗ്രസ്.

ലോകത്തിലെ ഏറ്റവും വലതും പഴയതുമായ ജനാധിപത്യ രാഷ്ട്രീയകക്ഷികളിൽ പ്രധാനപ്പെട്ട സ്ഥാനം അലങ്കരിച്ചുനിന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ വാർദ്ധക്യത്തിന്റെ അവശതകളാണോ അലട്ടുന്നത്. അങ്ങനെയങ്ങ് തീർത്തുപറയുക സാദ്ധ്യമല്ല. ഒരു പ്രസ്ഥാനത്തെ വാർദ്ധക്യം ബാധിക്കില്ല. നേതൃത്വം അതിനെ എക്കാലവും നവീകരിച്ചു കൊണ്ടേയിരിക്കുന്നതിനാലാകാം അത്. പക്ഷേ, ഇന്ത്യാ മഹാരാജ്യത്തെ, ചരിത്രം പേറുന്ന ഈ പ്രസ്ഥാനത്തിന്, 136 വയസ് പിന്നിടുന്ന ഘട്ടത്തിൽ നേതൃശേഷിയില്ലായ്മയാണ് മുഴച്ചുനിൽക്കുന്നത്. കിതപ്പിന് കാരണവും അതുതന്നെ.

രാജ്യത്തിന് സ്വാതന്ത്ര്യം നേടിത്തന്ന ദേശീയപ്രസ്ഥാനമെന്നു പേരുകേട്ട ഇന്ത്യൻ നാഷണൽ കോൺഗ്രസ്, സ്വാതന്ത്ര്യാനന്തരം ഇന്നുവരെ നടന്നിട്ടുള്ള പതിനഞ്ച് ലോക്‌സഭാ തിരഞ്ഞെടുപ്പുകളിൽ പത്ത് തിരഞ്ഞെടുപ്പുകളിലും ഒറ്റയ്ക്കും മുന്നണി സംവിധാനത്തിലൂടെയും അധികാരം പിടിച്ചെടുത്തിട്ടുണ്ട്. ആറ് തവണ ഒറ്റയ്ക്കുതന്നെ അധികാരത്തിലേറി. നാലുതവണ മുന്നണി സംവിധാനത്തിലൂടെയും. ഇന്ത്യയിലെ, മിക്കവാറും സംസ്ഥാനങ്ങളിലെല്ലാം സ്വാതന്ത്ര്യാനന്തരം കോൺഗ്രസ് ആയിരുന്നു അജയ്യശക്തി. എന്തിനേറെ, ദ്രാവിഡ കക്ഷികൾ അടക്കിവാഴുന്ന തമിഴ്നാട്ടിൽ പോലും കോൺഗ്രസ്, കാമരാജ് എന്ന നേതാവിന്റെ ശോഭയാൽ ജ്വലിച്ചുനിന്ന പ്രസ്ഥാനമായിരുന്നു. ഇന്നെല്ലാം പഴങ്കഥയായിരിക്കുന്നു.

ജമ്മു-കാശ്മീരിനെ കേന്ദ്രഭരണപ്രദേശമാക്കി പരിവർത്തിപ്പിച്ച മോദിസർക്കാരിന്റെ 2019ലെ തീരുമാനത്തിന് ശേഷമുള്ള ആധുനിക ഇന്ത്യയിൽ 28 സംസ്ഥാനങ്ങളും എട്ട് കേന്ദ്രഭരണ പ്രദേശങ്ങളുമാണ്. അവയിൽ വെറും മൂന്ന് സംസ്ഥാനങ്ങളിൽ മാത്രമാണ് കോൺഗ്രസ് മുഖ്യകക്ഷിയായി അധികാരം കൈയാളുന്നത് എന്നതിൽ നിന്നുതന്നെ പാർട്ടിയുടെ ദയനീയഗതി വ്യക്തമാകുന്നു. മഹാരാഷ്ട്രയിൽ ശിവസേനയും എൻ.സി.പിയും കോൺഗ്രസും ചേരുന്ന സഖ്യകക്ഷി ഭരിക്കുന്നു.

അധികാരത്തിലുള്ള പഞ്ചാബിലെയും രാജസ്ഥാനിലെയും ഛത്തീസ്ഗഢിലെയും അവസ്ഥ പറയാതിരിക്കുന്നതാണ് ഭേദം. പഞ്ചാബിൽ ശക്തനായ മുഖ്യമന്ത്രിയായി വിരാജിച്ച ക്യാപ്റ്റൻ അമരിന്ദർസിംഗിനെതിരെ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം കൂടിയായ നവ്ജ്യോത് സിംഗ് സിദ്ദുവിന്റെ നേതൃത്വത്തിൽ നടത്തിയ നിഴൽയുദ്ധത്തിനൊടുവിൽ സിദ്ദു വിജയം വരിക്കുകയും രാഹുൽ ഗാന്ധിയുടെ വിശ്വാസം നേടിയെടുത്ത് അമരിന്ദറിനെ പുകച്ചുചാടിക്കുകയും ചെയ്തു. മുഖ്യമന്ത്രിസ്ഥാനം നഷ്ടപ്പെട്ട ക്യാപ്റ്റനിപ്പോൾ മുറിവേറ്റ സിംഹമായി നിൽക്കുന്നു. സിദ്ദുവിനെ തീർത്തിട്ടേ അടങ്ങൂവെന്ന വാശിയിലാണദ്ദേഹം. അടുത്ത വർഷമാദ്യം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനമായ പഞ്ചാബിൽ കോൺഗ്രസിനകത്തെ ഈ ഉൾപ്പോര് എന്ത് വിനയാകും വരുത്തിവയ്ക്കുകയെന്ന് ആർക്കുമൊരു നിശ്ചയവുമില്ല. പഞ്ചാബിൽ പാർട്ടി അടിത്തറ ശക്തമാണെന്നതിനാൽ കുഴപ്പം വരില്ലെന്ന ആത്മവിശ്വാസത്തിന്റെ ബലത്തിൽ മാത്രമാണിപ്പോഴത്തെ പോക്ക്.

പഞ്ചാബിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് രാജസ്ഥാനിലും ഛത്തിസ്ഗഢിലും നേതൃമാറ്റത്തിനായി കലാപം മുറുകിയിരിക്കുന്നു. രാജസ്ഥാനിൽ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിനെതിരെ സച്ചിൻ പൈലറ്റും ഛത്തിസ് ഗഢിൽ മുഖ്യമന്ത്രി ഭൂപേഷ് ബാഗലിന് പകരം നിലവിലെ മന്ത്രിയായ ടി.എസ്. സിങ് ഡിയോയും വരണമെന്ന ആവശ്യവുമായി കലാപം മുറുകുന്നു.

ഇനി അഖിലേന്ത്യാനേതൃത്വത്തിലേക്ക് നോക്കിയാലോ! നരേന്ദ്രമോദി സർക്കാർ സകലരെയും ഞെട്ടിച്ച ഭൂരിപക്ഷവുമായി തുടർഭരണം സാദ്ധ്യമാക്കിയ 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തകർന്നടിഞ്ഞ ശേഷം ദേശീയ അദ്ധ്യക്ഷസ്ഥാനം ഒഴിഞ്ഞ രാഹുൽഗാന്ധി അതേറ്റെടുക്കാൻ വിമുഖതകാട്ടി നില്പാണ്. അനാരോഗ്യം അലട്ടുമ്പോഴും താത്‌ക്കാലിക അദ്ധ്യക്ഷയായി രാഹുലിന്റെ അമ്മ സോണിയ ഗാന്ധി തുടരുന്നു. മോദി കരുത്തനായ നേതാവെന്ന പരിവേഷം സൃഷ്ടിക്കാൻ സമൂഹമാദ്ധ്യമങ്ങളെയടക്കം ഉപയോഗപ്പെടുത്തി ബി.ജെ.പി കളംനിറഞ്ഞു കളിക്കുമ്പോൾ, കോൺഗ്രസ് വിറങ്ങലിച്ച് നില്പാണ്. മോദിയെ എതിരിടാൻ കെല്പുള്ള നേതൃത്വത്തിന്റെ അഭാവം ആ പാർട്ടിയെ തുറിച്ചുനോക്കുന്നു.

അവസരം മുതലെടുത്ത് തീവ്രവലതുപക്ഷ നയങ്ങൾ ഘോരഘോരം മോദിസർക്കാർ നടപ്പാക്കുന്നു. തീവ്രഹിന്ദുത്വയിലൂന്നിയുള്ള രാഷ്ട്രീയപരിസരം സൃഷ്ടിച്ചെടുക്കാനുള്ള അശ്രാന്തപരിശ്രമവും ഒരുവശത്ത് നടക്കുന്നു. കോർപ്പറേറ്റുകൾ വിലസുന്നു. ചങ്ങാത്ത മുതലാളിത്തത്തിന്റെ പാതയിലൂടെ രാജ്യം സഞ്ചരിക്കുന്നു. അതിദരിദ്രരുടെ എണ്ണവും ദാരിദ്ര്യവും കൂടിവരുന്നു. കർഷകരെ ഇടനിലക്കാരുടെ ചൂഷണത്തിൽ നിന്ന് മുക്തരാക്കാനെന്ന കെണി പറഞ്ഞ്, സർക്കാരിന്റെ കൂടി അറിവോടെയുള്ള മണ്ടികളെ ഇല്ലാതാക്കി, കോർപ്പറേറ്റുകൾക്ക് കാർഷികമേഖലയിലും പരവതാനി വിരിക്കുന്നു. അതിനായുള്ള നിയമങ്ങൾ ദീർഘകാലാടിസ്ഥാനത്തിൽ കർഷകരെ അടിമകളാക്കുന്നുവെന്ന് കർഷകസംഘടനകൾ തിരിച്ചറിയുകയും സമരരംഗത്തിറങ്ങുകയും ചെയ്തിട്ടും മോദിസർക്കാരിന് അനക്കമില്ല. ആഗോളീകരണ പാതയിൽ കോർപ്പറേറ്റുകളുടെ നവകോളനിവത്കരണത്തിലേക്ക് രാജ്യം അറിയാതെ സഞ്ചരിക്കുകയാണ്. ആഗോളീകരണ- ഉദാരീകരണ പാതയുടെ വഴികൾ തുറന്നിട്ടുകൊടുത്ത്, തൊണ്ണൂറുകളുടെ ആദ്യം തന്നെ മറ്റൊരു പുതിയ നൂറ്റാണ്ട് ഉണ്ടാക്കിക്കൊടുത്ത കോൺഗ്രസ് ആ അർത്ഥത്തിലും നിസഹായരാണ്. ആ നിസഹായാവസ്ഥയ്ക്ക് ആക്കം കൂട്ടുന്നു നേതൃത്വ പ്രതിസന്ധി.

നേതൃത്വത്തിന്റെ കുറ്റകരമായ ഈ നിസംഗതയ്ക്കെതിരെ കോൺഗ്രസിനകത്ത് നിന്നുതന്നെ മുൻനിര നേതാക്കൾ ഗ്രൂപ്പ്-23 എന്ന പേരിൽ സംഘടിച്ചുനിൽക്കുന്നു. നേതൃമാറ്റമുണ്ടാകുമോ?

കേരളത്തിലേക്ക് വന്നാൽ

അധികാരമില്ലെങ്കിലും രാജ്യത്ത് കോൺഗ്രസിന് അടിത്തറ ശക്തമായുള്ള സംസ്ഥാനങ്ങളിൽ പ്രബലമായി നിൽക്കുന്ന ഒന്ന് കേരളമാണ്. അഞ്ച് വർഷം കൂടുമ്പോൾ അധികാരമാറ്റം സംഭവിക്കുന്ന സംസ്ഥാനമായിരുന്നു 1980കൾ തൊട്ട് 2016 വരെ കേരളം. ഒന്നുകിൽ സി.പി.എം നയിക്കുന്ന മുന്നണി അല്ലെങ്കിൽ കോൺഗ്രസ് നയിക്കുന്ന മുന്നണി എന്നതായിരുന്നു നില. ആ രാഷ്ട്രീയതാളം മുറിഞ്ഞത് 2021ലെ തിരഞ്ഞെടുപ്പോടെയാണ്. അപ്പോഴും മുഖ്യപ്രതിപക്ഷമായി കോൺഗ്രസ് നയിക്കുന്ന മുന്നണി ഇവിടെയുണ്ട്. സംഘടനാസംവിധാനത്തിൽ ദൗർബല്യങ്ങളുണ്ടെങ്കിലും താഴെത്തട്ടുവരെ കോൺഗ്രസിനെ കേരളത്തിൽ നമുക്ക് കാണാൻ സാധിക്കും.

ഇടത് തുടർഭരണമുറപ്പാക്കി, യു.ഡി.എഫിന് അധികാരം നഷ്ടപ്പെട്ടതോടെ സംസ്ഥാന കോൺഗ്രസിലെ നേതൃത്വത്തിന്റെ ശേഷിയില്ലായ്മ ചോദ്യം ചെയ്യപ്പെട്ടു. തുറന്ന അവസരങ്ങളുണ്ടായിട്ടും ഉപയോഗപ്പെടുത്താൻ സ്ഥാനമൊഴിഞ്ഞ നേതൃത്വത്തിന് സാധിക്കാതിരുന്നത് ഗ്രൂപ്പിസത്തിന്റെ അതിപ്രസരം സംഘടനാപരമായ തളർച്ചയ്ക്ക് വഴിയൊരുക്കിയതിനാലാണെന്ന് വലിയ വിഭാഗം കോൺഗ്രസ് നേതാക്കളും പ്രവർത്തകരും വിശ്വസിച്ചു.

രമേശ് ചെന്നിത്തല മികച്ച വിസിൽബ്ലോവർ എന്ന നിലയിൽ ഒന്നാം പിണറായി സർക്കാരിനെതിരെ നിരവധിയായ ആരോപണങ്ങളുയർത്തി ഭരണമുന്നണിക്ക് തലവേദന സൃഷ്ടിച്ചുവെന്നത് യാഥാർത്ഥ്യമാണ്. പക്ഷേ, അത് താഴേത്തട്ടിലടക്കം പ്രവർത്തകർ ഏറ്റെടുക്കാൻ മടിച്ചുനിന്നു. അതിനൊരു കാരണം ഗ്രൂപ്പ് താത്‌പര്യങ്ങൾ സംഘടനയുടെ എല്ലാ നയകാര്യങ്ങളിലും ആധിപത്യം നേടിനിന്നതും കഴിവുള്ളവർ അവഗണിക്കപ്പെട്ടതും മറ്റുമാണ്.

കിട്ടിയ സുവർണാവസരം ഗ്രൂപ്പതിപ്രസരം ഇല്ലാതാക്കുകയും അതിന് വഴിയൊരുക്കി നിന്ന നേതൃത്വത്തെ മാറ്റുകയും ചെയ്യുന്നതിനായി വിനിയോഗിക്കുകയായിരുന്നു കോൺഗ്രസ് ഹൈക്കമാൻഡ്. ദേശീയതലത്തിൽ തളർച്ചയിലായിട്ടും, കേരളത്തിൽ അവർ ഇത്തരമൊരു അഴിച്ചുപണിക്ക് ധൈര്യം കാട്ടിയത്, ഇവിടെയാരും കോൺഗ്രസ് വിട്ട് ബി.ജെ.പിയിലേക്ക് പോകാൻ ധൈര്യം കാട്ടില്ലെന്നതായിരുന്നു. പഞ്ചാബിൽ സിദ്ദു ബി.ജെ.പിയിൽ നിന്ന് വന്നയാളായതിനാൽ ഏത് നിമിഷവും ചിലപ്പോൾ ചാഞ്ചാടിയാലോ? അല്ലെങ്കിൽ മദ്ധ്യപ്രദേശിൽ ജ്യോതിരാദിത്യ സിന്ധ്യമാരെ പോലെ അനേകം സിന്ധ്യമാർ ഇനിയുമുണ്ടായാലോ? ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കോൺഗ്രസിന് അത്തരം പ്രതിസന്ധികൾ തരണം ചെയ്യുകയെന്നത്, പൊതുവെ തളർന്നിരിക്കുന്ന ഈ ഘട്ടത്തിൽ അങ്ങേയറ്റത്തെ വെല്ലുവിളി നിറഞ്ഞതാവും. കേരളത്തിൽ അത്തരമൊരു പേടി വേണ്ടാത്തതും, ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പോടെ, ഉള്ള എം.എൽ.എയെ കൂടി ബി.ജെ.പിക്ക് നഷ്ടമായതുമെല്ലാം കോൺഗ്രസ് ഹൈക്കമാൻഡിന്റെ ധൈര്യത്തിന് കാരണമായി.

പക്ഷേ എന്നിട്ടും...

പുതിയ നേതൃത്വത്തെ കൊണ്ടുവന്നതും പാർട്ടിസംഘടനയെ എന്തുവില കൊടുത്തും ശക്തിപ്പെടുത്താൻ അവർക്ക് സർവസ്വാതന്ത്ര്യവും അനുവദിച്ച് കൊടുത്തതും ഹൈക്കമാൻഡ് ബോധപൂർവമായിരുന്നു. അവരുടെ ശക്തിയുള്ള പ്രധാനപ്പെട്ട സംസ്ഥാനങ്ങളിലൊന്നായ കേരളത്തിൽ പാർട്ടിയെ അടുത്ത തവണയെങ്കിലും അധികാരത്തിലേക്ക് തിരിച്ചെത്തിക്കുക. അത് മാത്രമല്ല, രാഹുൽഗാന്ധി ലോക്‌സഭയിൽ പ്രതിനിധീകരിക്കുന്ന സംസ്ഥാനവും ഇപ്പോൾ കേരളമാണ്!

ഹൈക്കമാൻഡിന്റെ മൗനാനുവാദത്തോടെ അങ്ങനെയാണ് സംസ്ഥാന നേതൃത്വം, പാർട്ടി ഭരണഘടനയെ പോലും അരികിലേക്ക് മാറ്റിവച്ച് സെമി കേഡർ സംവിധാനത്തിലേക്ക് മാറ്റിയെടുക്കാനുള്ള ശ്രമം ഊർജ്ജിതമാക്കിയത്. 14 ഡി.സി.സി പ്രസിഡന്റുമാരുടെ മാറ്റമായിരുന്നു ആദ്യ കടമ്പ. ആ കടമ്പയെ അതിജീവിച്ചപ്പോൾ പൊട്ടലും ചീറ്റലും ധാരാളമുണ്ടായി. പാർട്ടിയിൽ നിന്ന് ചോർച്ചയുണ്ടായി. ചിലരൊക്കെ സി.പി.എമ്മിനൊപ്പം പോയി. രണ്ട് പതിറ്റാണ്ടായി സംസ്ഥാന കോൺഗ്രസിനെ ഉള്ളംകൈയിൽ വച്ചുനടന്നിരുന്ന ഉമ്മൻചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും അടിതെറ്റി. അവർ ഇടഞ്ഞു. സംസ്ഥാന നേതൃത്വത്തെ പരസ്യമായി വെല്ലുവിളിച്ചു. വിവാദമായി കത്തിപ്പടർന്നിട്ടും സംയമനത്തോടെയും തന്ത്രപരമായും അവരെ മെരുക്കിയെടുക്കുന്നതിൽ വിജയിച്ചു കെ. സുധാകരനും വി.ഡി. സതീശനും നയിക്കുന്ന പുതിയ നേതൃത്വം.

അങ്ങനെ ആദ്യ കടമ്പ ഒരുവിധം അതിജീവിച്ച് അടുത്ത കടമ്പകൾ കടക്കാനുള്ള തയാറെടുപ്പിലേക്ക് നീങ്ങുമ്പോഴാണ് മുതിർന്ന നേതാവും പൊതുകാര്യപ്രസക്തനുമായ വി.എം. സുധീരൻ ഇടഞ്ഞത്. സുധീരൻ ഇടഞ്ഞാൽ ഇടഞ്ഞതാണ്. കെ. കരുണാകരന്റെ കാലം തൊട്ട് സുധീരന്റെ ഇടഞ്ഞുനിൽക്കൽ സംസ്ഥാന കോൺഗ്രസിൽ പല അദ്ധ്യായങ്ങളും തീർത്തിട്ടുമുണ്ട്. എന്തിനധികം പറയുന്നു, 2011-16ലെ ഉമ്മൻ ചാണ്ടി സർക്കാരിന്റെ പതനം പൂർണമാക്കിയതിൽ പോലും സുധീരന്റെ സംഭാവന വളരെ വലുതായിരുന്നു. ബാർ കോഴ എന്ന പേരിലൊരു വിവാദം പൊട്ടിപ്പുറപ്പെട്ടത് പോലും സുധീരന്റെ ഇടഞ്ഞുനില്‌ക്കലിൽ നിന്ന് ആരംഭിച്ചതാണെന്ന്, അധികം പഴയതല്ലാത്ത ആ ചരിത്രം ഓർത്തെടുത്താൽ നമുക്ക് കാണാനാകും.

ആ സുധീരനാണിപ്പോൾ കെ.പി.സി.സിയുടെ രാഷ്ട്രീയകാര്യസമിതിയിൽ നിന്നും എ.ഐ.സി.സിയിൽ നിന്നുതന്നെയും രാജിവച്ചത്. സുധീരൻ കെ.പി.സി.സി പ്രസിഡന്റായിരിക്കെ സർക്കാരും പാർട്ടി നേതൃത്വവും തമ്മിലെ ബന്ധം സുഗമമാക്കാൻ രൂപീകരിച്ചതാണ് രാഷ്ട്രീയകാര്യസമിതി എന്നതും കൗതുകകരമാണ്. ആ അർത്ഥത്തിൽ അതിലെ സ്ഥാപകാംഗവും അതിന്റെ ജീവാത്മാവുമാണ് സുധീരൻ.

ഇടഞ്ഞ കൊമ്പനായ സുധീരനെ മെരുക്കിയെടുക്കുക അത്രയെളുപ്പമല്ലെന്ന് വി.ഡി. സതീശനെ പോലെ, സുധീരനോട് അടുത്തിടപഴകിയ പല നേതാക്കൾക്കുമറിയാം. ടി.എൻ. പ്രതാപൻ സുധീരന്റെ ശിഷ്യനായി അറിയപ്പെടുന്നയാളാണ്. പരിസ്ഥിതി, ജനകീയ വിഷയങ്ങളിൽ സമൂഹശ്രദ്ധ നേടുന്ന ഇടപെടൽ നടത്തുന്നയാളാണ് സുധീരൻ. ആ നിലയ്ക്ക് പൊതുസമൂഹത്തിലും സ്വീകാര്യമായ സ്ഥാനം നേടിയെടുത്ത നേതാവാണ്. അതുകൊണ്ടാണ്, സതീശൻ ഓടിയെത്തി സുധീരനെ അനുനയിപ്പിക്കാൻ നോക്കിയത്. തീരുമാനമെടുത്താൽ പിൻവാങ്ങുന്ന ശീലം സുധീരനില്ലെന്ന് അറിഞ്ഞുകൊണ്ടുതന്നെയായിരുന്നു ഇത്.

കണ്ണൂർശൈലി രാഷ്ട്രീയം വഴങ്ങുന്ന കെ. സുധാകരന്, സുധീരന്റെ ഇപ്പോഴത്തെ രാജി അത്ര സുഖിക്കാതിരുന്നത് സ്വാഭാവികം. പാർട്ടിയിലെ സംഘടനാ കെട്ടുറപ്പ് ശക്തമാക്കിയെടുക്കാൻ ഈ ദിവസങ്ങളിൽ ആത്മാർത്ഥമായി പണിയെടുക്കുന്ന നേതാവുമാണ് സുധാകരൻ. ഡി.സി.സി പ്രസിഡന്റ് നിയമനത്തിൽ സുധീരൻ അതൃപ്തിയറിയിച്ച ഘട്ടത്തിൽ സുധാകരൻ, ഇനി സുധീരൻ കൂടി പിണങ്ങിയാലത് മോശമാകുമെന്ന് തിരിച്ചറിഞ്ഞ് അദ്ദേഹത്തെ വീട്ടിലെത്തി കണ്ട് അനുനയിപ്പിച്ചതായിരുന്നു.

അതൊക്കെ കഴിഞ്ഞ് നാളുകൾ പിന്നിട്ടപ്പോഴാണ് അപ്രതീക്ഷിതമായി സുധീരന്റെ രാജിയുണ്ടായത്. അത് സുധാകരനെ ചൊടിപ്പിച്ചു. സുധാകരന്റെ അമർഷം സുധീരന്റെയും വാശി കൂട്ടി. സമൂഹമാദ്ധ്യമങ്ങളിലൂടെ കോൺഗ്രസുകാരിൽ നിന്ന് സുധീരനെതിരെ പതിവിന് വിരുദ്ധമായുള്ള രോഷപ്രകടനങ്ങളുണ്ടായതും സുധീരനെ പ്രകോപിപ്പിക്കുന്നുണ്ട്. അങ്ങനെയാണ് അദ്ദേഹം എ.ഐ.സി.സി അംഗത്വം ഒഴിഞ്ഞതായും ഇന്നലെ പരസ്യമാക്കിയത്.

രണ്ട് ദിവസം മുമ്പുതന്നെ എ.ഐ.സി.സി അംഗത്വം രാജിവച്ചുള്ള കത്ത് അദ്ദേഹം ഡൽഹിക്കയച്ചിരുന്നുവെന്ന് പറയുന്നു. എ.ഐ.സി.സിയിൽ നിന്ന് അനുനയനീക്ക സാദ്ധ്യത മനസിലാക്കി അതദ്ദേഹം പരസ്യമാക്കിയില്ല. എ.ഐ.സി.സി ജനറൽസെക്രട്ടറി താരിഖ് അൻവർ കഴിഞ്ഞ ദിവസം തന്നെ കാണുമെന്നറിയിച്ച ശേഷം അവസാനനിമിഷം തീരുമാനം മാറ്റിയതിൽ സുധാകരന്റെ ഇടപെടൽ സുധീരൻ സംശയിക്കുന്നു. അതിനാൽ സംസ്ഥാനനേതൃത്വത്തെ കൂടുതൽ രൂക്ഷമായി കടന്നാക്രമിച്ചുള്ള സുധീരന്റെ കടന്നുവരവ് പലരും പ്രതീക്ഷിക്കുന്നു.

സംസ്ഥാന കോൺഗ്രസിനെ നേരെയാക്കാൻ നോക്കുന്ന നേതൃത്വത്തിന്, ഒന്നിന് പിറകേ മറ്രൊന്നായി വൈതരണികൾ വന്നുഭവിക്കുന്നത് വിനാശകരമാകുമോ? വരാനിരിക്കുന്ന കെ.പി.സി.സി പുന:സംഘടന കൂടി തീരുമ്പോൾ തിരയൊഴിഞ്ഞ കടൽപോലെ എല്ലാം ശാന്തമാകുമോ?

കോൺഗ്രസ് ദേശീയ, സംസ്ഥാന നേതൃത്വങ്ങളുടെ വരുംദിവസങ്ങളിലെ നീക്കങ്ങളെ ആശ്രയിച്ചിരിക്കുന്നു കാര്യങ്ങൾ. അതിനാൽ കാത്തിരുന്ന് കാണുക.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: VIVADAVELA, CONGRESS
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.