SignIn
Kerala Kaumudi Online
Saturday, 21 September 2024 5.48 AM IST

2026ലെങ്കിലും ഭരണത്തിൽ തിരിച്ചു വരണമെങ്കിൽ കോൺഗ്രസിൽ വരുത്തേണ്ട എട്ട് മാറ്റങ്ങൾ, കോൺഗ്രസ് നിലനിന്നു കാണണമെന്ന് ആഗ്രഹിക്കുന്ന മുരളി തുമ്മാരുകുടി എഴുതുന്നു

Increase Font Size Decrease Font Size Print Page
k-sudhakaran-

അഞ്ച് വർഷം കൂടുമ്പോൾ മുന്നണികളെ മാറി മാറി ഭരണത്തിലേറ്റുന്ന പതിവ് രീതി കേരളത്തിലെ ജനം തെറ്റിച്ച തിരഞ്ഞെടുപ്പായിരുന്നു കഴിഞ്ഞ തവണത്തേത്. മുഖ്യമന്ത്രിയായി പിണറായിക്ക് ഭരണതുടർച്ച കിട്ടിയപ്പോൾ കോൺഗ്രസിന് സ്വാതന്ത്ര്യത്തിന് ശേഷം ആദ്യമായി തുടരെ രണ്ട് തിരഞ്ഞെടുപ്പുകളിൽ തോറ്റു എന്ന റെക്കോഡും സ്വന്തമാക്കാനായി. പത്തു വർഷത്തിൽ കൂടുതൽ പ്രതിപക്ഷത്തിരുന്നാൽ പാൽപ്പൊടിയുടെ പരസ്യം പോലെ 'പൊടിപോലുമില്ല കണ്ടുപിടിക്കാൻ' എന്ന നിലയിലേക്ക് രാഷ്ട്രീയപ്പാർട്ടികൾ പോകുന്ന കാലമാണിതെന്ന് യു എൻ ദുരന്ത നിവാരണ വിദഗ്ദ്ധനായ മുരളി തുമ്മാരുകുടി ഓർമ്മിപ്പിക്കുന്നു. ഈ അവസ്ഥയിൽ നിന്നും കരകയറാനും, 2026 ലെങ്കിലും ഭരണത്തിൽ തിരിച്ചു വരാനും കോൺഗ്രസ് പാർട്ടി സ്വീകരിക്കേണ്ട മാർഗങ്ങളും, മാറ്റേണ്ട ശീലങ്ങളെയും കുറിച്ച് ദീർഘമായ ഫേസ്ബുക്ക് കുറിപ്പിൽ മുരളി തുമ്മാരുകുടി വിവരിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ഒരു ദുരന്ത നിവാരണ വിദഗ്ദ്ധൻ കേരളത്തിലെ കോൺഗ്രസിനെ നോക്കിക്കാണുന്പോൾ...

എന്നെ നേരിട്ട് അറിയാത്തവരും അറിയുന്നവരിൽ ചിലരും ഞാൻ ഒരു ഇടതുപക്ഷ ചിന്താഗതിക്കാരനോ സഹയാത്രികനോ ആണെന്നാണ് ധരിച്ചിരിക്കുന്നത്.

അവരെ തെറ്റ് പറയാൻ പറ്റില്ല. 2018 ലെ പ്രളയകാലം മുതൽ കേരളത്തിലെ മുഖ്യമന്ത്രിയുടെ ദുരന്ത നിവാരണ രംഗത്തെ പ്രവർത്തനങ്ങളെ പ്രകീർത്തിച്ചും ഈ രംഗത്ത് സർക്കാരിനെ പിന്തുണച്ചും പോസ്റ്റ് ഇടാറുണ്ട്. കൂടാതെ ഇടക്ക് ‘പഴയ’ കമ്മ്യുണിസ്റ്റുകാരനായ അമ്മാവനെക്കുറിച്ചും അമ്മാവനിൽ നിന്നും രാഷ്ട്രീയത്തിന്റെ ചില പാഠങ്ങൾ പഠിച്ചതിനെക്കുറിച്ചും പോസ്റ്റിട്ടിട്ടുണ്ട്.

എന്നാൽ ഇന്ന് ഞെട്ടിക്കുന്ന കുറച്ചു രഹസ്യങ്ങൾ ഇവിടെ വെളിപ്പെടുത്താൻ പോകുകയാണ്.

സത്യത്തിൽ എന്റെ കോൺഗ്രസ് ബന്ധങ്ങൾ കമ്മ്യുണിസ്റ്റ് പാരന്പര്യത്തിനും മുകളിലാണ്.

പാറമാരി ക്രിക്കറ്റ് ക്ലബിന്റെ ക്യാപ്റ്റനും എന്റെ ചെറുപ്പകാലത്തെ ഹീറോയുമായിരുന്ന സാജു പോൾ സ്‌കൂളിൽ കെ. എസ്. യു. വിന്റെ നേതാവായിരുന്നു. വെങ്ങോലക്കവലയിൽ തയ്യൽക്കട നടത്തിയിരുന്ന, നാട്ടുകാർ ആശാൻ എന്ന് വിളിച്ചിരുന്ന എന്റെ ചെറിയമ്മാവൻ കോൺഗ്രസ് പ്രവർത്തകനും സർവീസ് സഹകരണ സംഘത്തിന്റെ ഡയറക്ടറുമായിരുന്നു. ഞങ്ങളുടെ അധ്യാപകനും വെങ്ങോലയിൽ അറിയപ്പെടുന്ന സ്വാതന്ത്ര്യ സമര സേനാനിയുമായ ഓ.തോമാ സാറിന്റെ മകനായ ശ്രീ. ബെന്നി ബെഹനാൻ ഞങ്ങളുടെ സ്‌കൂളിൽ എന്റെ സീനിയറായിരുന്നു. ഇന്ന് അദ്ദേഹം എല്ലാ വെങ്ങോലക്കാരുടെയും പോലെ എന്റെയും അഭിമാനമാണ്.

എന്റെ വല്യച്ഛൻ എടത്തലയിലെ ആബാലവൃദ്ധ ജനങ്ങളും അച്ചുമ്മാമൻ എന്ന് വിളിച്ചിരുന്ന കിഴുപ്പിള്ളി അച്യുതൻ നായർ കോൺഗ്രസ് പ്രവർത്തകനും ഇടത്തല പഞ്ചായത്തിൽ കോൺഗ്രസ് ഭരിച്ചിരുന്ന കാലത്ത് വൈസ് പ്രസിഡന്റും ആയിരുന്നു. 1977 ൽ ജനതാ പാർട്ടി കേന്ദ്രത്തിൽ അധികാരത്തിൽ വന്നപ്പോൾ സർക്കാർ ഓഫീസുകളിലുള്ള നെഹൃവിന്റെയും ഇന്ദിരാ ഗാന്ധിയുടെയും ചിത്രങ്ങൾ എടുത്ത് കളയാൻ നിർദേശം വന്നു. (സത്യം! ഈ നെഹൃവിനെ താഴെയിറക്കുന്ന പരിപാടി ഇന്നും ഇന്നലെയും തുടങ്ങിയതല്ല). അന്ന് ആ ചിത്രങ്ങളെല്ലാം ചവറ്റുകൊട്ടയിൽ നിന്നെടുത്ത് പൊടിതട്ടി തുടച്ച് ദൈവങ്ങൾക്കൊപ്പം വല്യച്ഛൻ അദ്ദേഹത്തിന്റെ ബെഡ്‌റൂമിൽ വെച്ചിരുന്നു.

ഞാൻ ആദ്യമായി ഒരു രാഷ്ട്രീയ പ്രസംഗം കേട്ടത് ശ്രീ. ടി. എച്ച്. മുസ്തഫയുടേതാണ്. (എന്താ പ്രസംഗം!).

ഇന്ത്യയുടെ സാന്പത്തിക രംഗത്തെ ലൈസൻസ് രാജിൽ നിന്നും മോചിപ്പിച്ച് സ്വകാര്യമേഖലയുടെ ഊർജ്ജം തുറന്നുവിട്ടത് നരസിംഹറാവുവും മൻമോഹൻ സിങ്ങും ആണെന്ന കാര്യത്തിൽ എനിക്ക് ഒരു സംശയവുമില്ല.

രാജീവ് ഗാന്ധി ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന കാലത്താണ് ഞാൻ രാഷ്ട്രീയം ഏറ്റവും കൂടുതൽ ശ്രദ്ധിച്ചത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ എത്തിനിന്നത്ര ദീർഘവീക്ഷണമുള്ള ആളായിരുന്നു അദ്ദേഹം.

സാന്പത്തികമായും സൈനികമായും അത്ര വലിയ ഒരു ശക്തിയല്ലാതിരുന്ന ഇന്ത്യയെ കലുഷിതമായ ഒരു കാലഘട്ടത്തിലൂടെ നയിച്ച് ഒരു രാജ്യം എന്ന നിലയിൽ ആത്മവിശ്വാസം ഉണ്ടാക്കി തന്ന നേതൃത്വമായിരുന്നു ഇന്ദിര ഗാന്ധിയുടേത്. അതുകൊണ്ട് തന്നെ ഞാൻ ഏറെ ബഹുമാനിക്കുന്ന ആളാണ്.

‘ഇന്ത്യ ആഫ്റ്റർ ഗാന്ധി’ എന്ന പുസ്തകം വായിക്കുന്പോൾ, സ്വാതന്ത്ര്യം കിട്ടുന്ന കാലത്ത് ഇന്ത്യ എത്രമാത്രം ദുർബലവും യാഥാസ്ഥിതികവും ആയിരുന്നു എന്ന് മനസിലാക്കുന്പോൾ, എങ്ങനെയാണ് അക്കാലത്ത് നമുക്ക് നെഹൃവിനെ പോലെ ഒരു നേതാവുണ്ടായതെന്നത് അത്ഭുതമാണ്. നാട്ടുരാജ്യങ്ങളെ കൂട്ടിയിണക്കിയും ബ്രിട്ടീഷ് ഇന്ത്യയെ വെട്ടിമുറിച്ചും ഉണ്ടാക്കിയ ഇന്ത്യ പത്തു വർഷം പോലും ഒരു രാജ്യമായി നിലനിൽക്കില്ല എന്ന് കരുതിയവരായിരുന്നു വിദേശത്ത് ഏറെയും. പട്ടിണിയും പരിവട്ടവും ഒഴിയാത്ത അക്കാലത്ത് ഒരു പ്രധാനമന്ത്രി ന്യൂക്ലിയർ ഗവേഷണ സ്ഥാപനത്തിനും ഐ. ഐ. ടി. ക്കും പണം മുടക്കാൻ തീരുമാനിച്ചുവെന്നതും വലിയ അതിശയമാണ്. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം സ്വാതന്ത്ര്യം കിട്ടിയ അനവധി രാജ്യങ്ങളിൽ ഏറ്റവും മുന്നിലായി ജനാധിപത്യവും അഖണ്ഡതയും നിലനിർത്തി, ഇന്ത്യ നിലനിൽക്കുന്നത് നെഹൃ ഇട്ട ആ അടിത്തറയുടെ മുകളിലാണെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ.

ഇവരൊക്കെ വളർന്നു വന്നതും പ്രവർത്തിച്ചതും കോൺഗ്രസ്സ് എന്ന പ്രസ്ഥാനത്തിലൂടെ ആണ്. അതുകൊണ്ട് തന്നെ എന്തൊക്കെ കുറ്റങ്ങളും കുറകളും ഉണ്ടെങ്കിലും കോൺഗ്രസ് എന്ന പ്രസ്ഥാനം ശക്തമായി നിലനിൽക്കേണ്ടത് ആ പാർട്ടിയുടെ മാത്രമല്ല, രാജ്യത്തിന്റെ നന്മക്കും അത്യന്താപേക്ഷിതമാണെന്ന് ഞാൻ കരുതുന്നു.

അതുകൊണ്ടാണ് ഞാൻ എന്നും കേരളത്തിലെ കോൺഗ്രസ് പ്രസ്ഥാനത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങളെയും പൊട്ടിത്തെറികളെയും സസൂക്ഷ്മം നിരീക്ഷിക്കുന്നത്.

കേരളത്തിലെ കോൺഗ്രസിന് ഇത് വെല്ലുവിളികളുടെ കാലമാണെന്ന് ആർക്കാണ് അറിയാത്തത്?

സ്വതന്ത്ര കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് അഞ്ചു വർഷത്തിൽ കൂടുതൽ കോൺഗ്രസിന് പ്രതിപക്ഷത്ത് ഇരിക്കേണ്ടിവരുന്നത്.

അഞ്ചുവർഷം കൂടുന്പോൾ എന്തുചെയ്താലും ചെയ്തില്ലെങ്കിലും പ്രതിപക്ഷത്തിരിക്കുന്നവർ മുന്നണിഭരണത്തിൽ എത്തുമെന്ന പതിവ് നാൽപ്പത് വർഷത്തിന് ശേഷം ലംഘിക്കപ്പെട്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ 2026 ൽ സ്വാഭാവികമായി ഭരണം കിട്ടുമെന്ന് പ്രതീക്ഷിക്കാനും വയ്യ.

പത്തു വർഷത്തിൽ കൂടുതൽ പ്രതിപക്ഷത്തിരുന്നാൽ പാൽപ്പൊടിയുടെ പരസ്യം പോലെ ‘പൊടിപോലുമില്ല കണ്ടുപിടിക്കാൻ’ എന്ന നിലയിലേക്ക് രാഷ്ട്രീയപ്പാർട്ടികൾ പോകുന്ന കാലമാണിത്. 2026 ലെങ്കിലും ഭരണത്തിൽ തിരിച്ചു വരണമെങ്കിൽ കോൺഗ്രസ് മാറിയേ തീരൂ.

പ്രത്യക്ഷത്തിൽ പുതിയ പ്രസിഡന്റും പുതിയ പ്രതിപക്ഷ നേതാവുമൊക്കെയായി കോൺഗ്രസിൽ മാറ്റങ്ങളുണ്ട്. ഡി. സി. സി. പ്രസിഡന്റുമാർ പുതിയതായി വരുന്നു, മറ്റു ഭാരവാഹികൾ വരാൻ പോകുന്നു. ഇത്രയൊക്കെ മതിയോ?

കേരളത്തിൽ ഭരണം ഓരോ അഞ്ചു വർഷം കൂടുന്പോൾ മാറിയിട്ടും ഭരണരംഗത്ത് അടിസ്ഥാനമായി മാറ്റം വരാത്തതിന്റെ കാരണം വിശദീകരിക്കാൻ ഞാൻ പണ്ടൊരിക്കൽ പറഞ്ഞ ഉപമയുണ്ട്.

വെങ്ങോലയിൽ പണ്ട് കുളത്തിൽ നിന്നും പറന്പിലേക്ക് ജലസേചനത്തിനായി ഒരു മോട്ടോറും പൈപ്പ് ലൈനും ഉണ്ടായിരുന്നു. മോട്ടോർ കുളക്കരയിലും ജി. ഐ. പൈപ്പ് മണ്ണിനടിയിലുമായിരുന്നു, വെള്ളം പുറത്തു വരുന്ന ഭാഗം മാത്രം മണ്ണിന് മുകളിൽ.

രണ്ടോ മൂന്നോ വർഷം കൂടുന്പോൾ പറന്പിലേക്കുള്ള വെള്ളം വരവ് കുറയുന്നതായി തോന്നും. അമ്മാവൻ ഒന്നരയുടെ മോട്ടോർ മാറ്റി മൂന്നിന്റെയാക്കും. അപ്പോൾ കുറച്ച് കൂടുതൽ വെള്ളം കിട്ടും. എന്നാൽ കുറെനാൾ കഴിയുന്പോൾ വീണ്ടും വെള്ളം കുറയും. അപ്പോൾ മോട്ടോർ അഞ്ചിന്റെയാക്കും. അതോടെ കുറച്ചു നാളേക്ക് കാര്യങ്ങൾ നന്നായി ഓടുമെങ്കിലും കാലക്രമേണ കാര്യങ്ങൾ വീണ്ടും തഥൈവ.

അങ്ങനെ ഒടുവിൽ അമ്മാവൻ മണ്ണിൽ കുഴിച്ചിട്ടിരുന്ന പൈപ്പ് പുറത്തെടുത്തു. അത് മുഴുവൻ അരിപ്പ പോലെ തുളഞ്ഞിരുന്നു. അത് മാറ്റിയതോടെ ഒന്നരയുടെ മോട്ടോർ വെച്ചാലും വെള്ളം ധാരാളമായി കിട്ടുമെന്ന സ്ഥിതിയായി.

കോൺഗ്രസിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. ഇടക്കിടെ പ്രസിഡന്റിനെ മാറ്റിയിട്ട് എന്ത് കാര്യം? പ്രസ്ഥാനത്തിൽ അടിമുടി മാറ്റം വരണം.

ഇതിനാണ് ശ്രീ. കെ.സുധാകരൻ ശ്രമിക്കുന്നതെന്ന് തോന്നുന്നു. നമ്മെ ത്രസിപ്പിക്കുന്ന പ്രാസംഗികനാണ് അദ്ദേഹം. മുന്നിൽ നിന്ന് നയിക്കുന്ന നേതാവുമാണ്. ശ്രീ. വി. ഡി. സതീശനോട്, ഉന്നയിക്കുന്ന വിഷയങ്ങൾ വേണ്ടത്ര പഠിച്ച് മനസിലാക്കുന്ന ആളെന്ന നിലയിലും തിരഞ്ഞെടുപ്പ് സമയത്ത് മതസംഘടനകളോടൊന്നും വിട്ടുവീഴ്ച ചെയ്യാത്ത ആളെന്ന നിലയിലും എനിക്ക് വലിയ ബഹുമാനമുണ്ട്.

കോൺഗ്രസിനെ ഇപ്പോഴത്തെ വെല്ലുവിളിയിൽ നിന്നും കരകയറ്റാൻ പോന്ന കഴിവും ആത്മാർത്ഥതയും ഉള്ളവരാണ് ഇവർ രണ്ടുപേരും. ഇവരെ വേണ്ടത്ര സഹായിക്കുകയാണ് കോൺഗ്രസ്സിൽ ഉള്ളവരും കോൺഗ്രസ് നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്ന ജനങ്ങളും ചെയ്യേണ്ടത്.

എന്റെ ചില നിർദേശങ്ങൾ പറയാം.

1. എന്താ നിങ്ങളുടെ പരിപാടി ?: form, follows, function എന്നത് ആധുനിക മാനേജ്‌മെന്റിന്റെ അടിസ്ഥാന തത്വമാണ്. ഇടക്കിടക്ക് നേതൃത്വമാറ്റവും അഴിച്ചു പണിയും ഒക്കെ നടത്തുന്നതിന് മുൻപ് വാസ്തവത്തിൽ കോൺഗ്രസ് വ്യക്തമാക്കേണ്ടത് എന്താണ് അവരുടെ കർമ്മപരിപാടി എന്നതാണ്. നവകേരളത്തെ പറ്റിയുള്ള കോൺഗ്രസ് സങ്കല്പം എന്താണ്? ആരോഗ്യം, ലിംഗനീതി, ഊർജ്ജം, തൊഴിൽ, വിദ്യാഭ്യാസം, ഭൂവിനിയോഗം എന്നിങ്ങനെയുള്ള അനവധി വിഷയങ്ങളിൽ എന്തായിരിക്കും കോൺഗ്രസിന്റെ നയങ്ങൾ. അവ എങ്ങനെയാണ് മറ്റു പാർട്ടികളിൽ നിന്നും വ്യത്യസ്തമായിരിക്കുന്നത്?

ഓരോ തിരഞ്ഞെടുപ്പിനും മുൻപ് കുറച്ചുപേർ ചേർന്ന് എഴുതിയുണ്ടാക്കുകയും പലപ്പോഴും തെരഞ്ഞെടുപ്പിൽ തോറ്റാലും ജയിച്ചാലും വിസ്മരിക്കപ്പെടുകയും ചെയ്യുന്ന പ്രകടന പത്രികക്കപ്പുറം ഭാവി കേരളത്തെക്കുറിച്ചുള്ള ഒരു സമഗ്രവീക്ഷണം കോൺഗ്രസ് നേതൃത്വം തയ്യാറാക്കണം. ഇത് കോൺഗ്രസ് നേതാക്കളുടെയോ അനുഭാവികളുടെയോ മാത്രം അഭിപ്രായം തേടിയുള്ളതായിരിക്കരുത്. വിഷയങ്ങളിലെ ആഗോള വിദഗ്ദ്ധരുടെ അഭിപ്രായം തേടിയും ലോകത്തിന്റെ പോക്ക് എങ്ങോട്ടെന്ന് മനസിലാക്കിയും കേരളത്തിന് അകത്തും പുറത്തും സൈബർ ലോകത്തും ചർച്ചകൾ നടത്തിയും ക്രോഡീകരിക്കേണ്ട ഒന്നാണിത്. ഇന്ത്യക്ക് മാതൃകയായ ഇപ്പോഴത്തെ ഭരണത്തിൽ നിന്നും കോൺഗ്രസിന്റെ പഴയ കല ഭരണങ്ങളിൽ നിന്നും വ്യത്യസ്തമായ ഒരു രൂപരേഖ കേരളത്തിന്റെ പൊതുസമൂഹത്തിന് മുന്നിൽ ഒരു വർഷത്തിനകം വെക്കാൻ സാധിക്കണം.

2. വേണം ഒരു ഷാഡോ കാബിനറ്റ്: ജനാധിപത്യം ഏറെ പഴക്കമുള്ള ഇംഗ്ലണ്ടിൽ ഷാഡോ കാബിനറ്റ് എന്നൊരു സംവിധാനമുണ്ട്. കാബിനറ്റിൽ ഓരോ വിഷയത്തിനും ഒരു മന്ത്രി ഉള്ളത് പോലെ പ്രതിപക്ഷത്തും ഓരോ വിഷയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഒരു എം. പി. ഉണ്ടാകും. എല്ലാ മന്ത്രാലയങ്ങളുടെയും നയങ്ങളും പദ്ധതികളും ഇവർ സസൂക്ഷ്മം വീക്ഷിക്കും. പാർലമെന്റിൽ ഒരു വകുപ്പിന്റെ മന്ത്രിയെ ‘പൊരിക്കുന്നതിൽ’ മുന്നിൽ നിൽക്കുന്നത് ഷാഡോ മന്ത്രിയായിരിക്കും. കോൺഗ്രസും ഇത്തരത്തിൽ ഒരു ഷാഡോ കാബിനറ്റ് സംവിധാനമുണ്ടാക്കണം. എല്ലാ നേതാക്കളും എല്ലാ വിഷയങ്ങളെയും പറ്റി പഠിച്ചും പഠിക്കാതെയും അഭിപ്രായം പറയുന്നത് നിർത്തി കുറച്ച് വിവേചനബുദ്ധി കാണിക്കാം.

3. പരിശീലിപ്പിക്കപ്പെട്ട നേതൃത്വം: കാര്യമായി പാർട്ടി ക്‌ളാസ്സുകളും നേതൃത്വ പരിശീലനവും ഒന്നുമില്ലാഞ്ഞിട്ടും കാന്പസുകളിലെ അടിയും തടയും പഠിച്ചു വരുന്ന കോൺഗ്രസിന്റെ യുവനേതൃത്വം അസംബ്ലിയിലും പുറത്തുമൊക്കെ നടത്തുന്ന പ്രസംഗങ്ങൾ എന്നെ അത്ഭുതപ്പെടുത്താറുണ്ട്. കോൺഗ്രസിലെ യുവനിരക്ക് ദീർഘദൃഷ്ടിയോടെ വേണ്ടത്ര പരിശീലനം നൽകിയാൽ എത്ര നന്നായി അവർ ശോഭിക്കുമെന്ന് ഞാൻ പലപ്പോഴും ചിന്തിക്കാറുണ്ട്. ലോകമെന്പാടുമുള്ള മലയാളികളുടെയും കോൺഗസ് അനുഭാവികളുടെയും സഹായത്തോടെ പുതിയ തലമുറയിലെ നേതാക്കൾക്ക് മികച്ച തരത്തിലുള്ള പരിശീലനമാണ് നൽകേണ്ടത്.

അടിസ്ഥാനമായ നേതൃശീലങ്ങൾ (Decisiveness. Integrity, team playing, mentoring, problem solving, reliability)

മാറുന്ന ലോകം: സാങ്കേതികവിദ്യകൾ, സന്പദ്‌വ്യവസ്ഥ, സമൂഹക്രമം.

ഇന്ത്യയിലും വിദേശത്തുമുള്ള ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ രണ്ടാഴ്ച മുതൽ മൂന്നു മാസം വരെയുള്ള വിവിധ വിഷയങ്ങളിലെ പരിശീലനം.

കേരളത്തിന് പുറത്ത് മറ്റു സംസ്ഥാനങ്ങളിലും രാജ്യങ്ങളിലും ഒരു മാസമെങ്കിലും താമസിച്ച് അവിടുത്തെ രാഷ്ട്രീയവും സംസ്ക്കാരവും മനസിലാക്കാനുള്ള അവസരം.

4. നേതാക്കൾക്ക് പണി കൊടുക്കണം: കേരളത്തിലെ കോൺഗ്രസിൽ രണ്ടും മൂന്നും വർക്കിങ് പ്രസിഡന്റുമാർക്കും ജംബോ കമ്മറ്റികളും ഒക്കെ വരുന്പോൾ നമ്മളെല്ലാം ചിരിക്കാറുണ്ട്. പക്ഷെ, ഇവരിൽ ഓരോ നേതാക്കളെയും അടുത്തറിയുന്പോൾ അവർ ഇരിക്കുന്ന സ്ഥാനത്തിന് തീർച്ചയായും അർഹരാണ് എന്ന് നമുക്ക് മനസിലാകും. തലമുറകളായി നിലനിൽക്കുന്നതും ഏറെ നാൾ ഭരണം ലഭിച്ചിട്ടുള്ളതുമായ പാർട്ടികൾക്ക് മാത്രം സാധിക്കുന്ന കാര്യമാണിത്. എന്നാൽ കോൺഗ്രസിന്റെ പ്രധാന പ്രശ്നം നേതാക്കൾ ഇല്ലാത്തതല്ല, അവർക്കെല്ലാം വേണ്ടത്ര ജോലി വീതിച്ചു നല്കാനില്ല എന്നതാണെന്ന് എനിക്ക് പുറമെ നിന്ന് നോക്കുന്പോൾ തോന്നുന്നു.

ഭരണമുള്ളപ്പോൾ അധികാരത്തിന്റെ അനവധി തലങ്ങളിൽ അവരെ നിയോഗിക്കാം. പക്ഷെ, ഭരണമില്ലാത്ത കാലത്ത് എങ്ങനെയാണ് നേതൃത്വ ഗുണമുള്ളവരെ നിയോഗിക്കുന്നത്? ഇതിന് അനവധി സാധ്യതകളുണ്ട്. കാലാവസ്ഥാവ്യതിയാനം മുതൽ ലിംഗനീതി, ടൂറിസം, പൈതൃകസംരക്ഷണം വരെയുള്ള അനവധി പഴയതും പുതിയതുമായ മേഖലകളിൽ പ്രസ്ഥാനങ്ങളും സ്ഥാപനങ്ങളും കെട്ടിപ്പടുക്കാൻ ഇവരെ നിയോഗിക്കാം. ഇതിനെക്കുറിച്ചു മാത്രം വേണമെങ്കിൽ ഒരു ലേഖനം എഴുതാം എന്നതിനാൽ തല്ക്കാലം വിസ്തരിക്കുന്നില്ല.

5. എല്ലാവരെയും ഉൾക്കൊള്ളുന്ന നേതൃത്വം: മൂന്ന് വർക്കിങ് പ്രസിഡന്റുമാരും, 14 ജില്ലാ പ്രസിഡന്റുമാരും, ജംബോ കമ്മിറ്റിയും ഉണ്ടായിട്ടും സ്ത്രീകളെ നേതൃത്വത്തിൽ കാണണമെങ്കിൽ ഭൂതക്കണ്ണാടി വേണം എന്ന സ്ഥിതി ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഒരു പാർട്ടിക്കും ഭൂഷണമല്ല. പ്രത്യേകിച്ചും ഒരു നൂറ്റാണ്ട് മുന്നേ വനിതാ പ്രസിഡന്റുണ്ടായിരുന്ന, കഴിഞ്ഞ നൂറ്റാണ്ടിൽ തന്നെ ഇന്ത്യക്ക് വനിതാ പ്രധാനമന്ത്രിയെ നൽകിയ, രണ്ടു പതിറ്റാണ്ടെങ്കിലുമായി പാർലമെന്റിൽ സ്ത്രീ പ്രാതിനിധ്യം കൊണ്ടുവരാൻ ശ്രമിച്ച പാർട്ടിക്ക്. നാളത്തെ കോൺഗ്രസ് വ്യത്യസ്തമാണെന്ന് കോൺഗ്രസ് അംഗങ്ങൾക്കും പൊതുസമൂഹത്തിനും ഉറപ്പ് വരണമെങ്കിൽ 2030 ആകുന്പോൾ സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യ പ്രാതിനിധ്യവും എല്ലാ ലിംഗത്തിലുള്ളവർക്കും വേണ്ടത്ര പ്രാതിനിധ്യവും നൽകുന്ന ഒരു നേതൃത്വം ഉണ്ടാകുമെന്ന് ഇപ്പോൾ തന്നെ പ്രഖ്യാപിക്കുക. ഇതിന്റെ മുന്നോടിയായി കെ. എസ്. യു. വിൽ അൻപത് ശതമാനവും യൂത്ത് കോൺഗ്രസിൽ മൂന്നിലൊന്നും മറ്റ് പോഷകസംഘടനകളിൽ നാലിലൊന്നും എങ്കിലും സ്ത്രീപ്രാതിനിധ്യം അടുത്ത തിരഞ്ഞെടുപ്പിന് മുൻപേ ഉറപ്പാക്കുക. അങ്ങനെ മാറ്റം വരുന്നു എന്ന് സമൂഹത്തെ ബോധ്യപ്പെടുത്തിക്കൊണ്ട് കേരളത്തിലെ മറ്റു പാർട്ടികളേക്കാൾ മുന്നേ നടക്കുക.

6. പാർലമെന്റിൽ തിളങ്ങണം : “അരേ മുരളിസാബ്, നിങ്ങളുടെ കേരളത്തിൽ നിന്നും ഒരു കോൺഗ്രസ് എം. പി. യുണ്ടല്ലോ. ആൾ പാർലമെന്റിൽ നല്ല പ്രകടനമാണ്.” ഐ. ഐ. ടി. യിലെ പ്രൊഫസറും ഉത്തർപ്രദേശുകാരനും ബി. ജെ. പി. അനുഭാവിയുമായ എന്റെ സുഹൃത്തിന്റെ വാക്കുകളാണ്.

“ശശി തരൂർ ആയിരിക്കും.” ഞാൻ പറഞ്ഞു. “അരേ... നഹീ സാബ്, ഇത് മുണ്ടുടുത്ത് വരുന്ന ഒരാളാണ്.”

ഞാൻ പല പേരും പറഞ്ഞുനോക്കിയെങ്കിലും ആൾ സമ്മതിച്ചില്ല. രണ്ടു ദിവസം കഴിഞ്ഞ് അദ്ദേഹം വീണ്ടും വിളിച്ചിട്ടു പറഞ്ഞു, “വോ പ്രേമചന്ദ്രൻ സാബ് ഹേ.”

കേരളത്തിൽ കോൺഗ്രസ് പൊതുവെ ക്ഷീണത്തിലാണെങ്കിലും ഒരു ഡസനിലേറെ പേർ പാർലമെന്റിലുണ്ട്. കേന്ദ്രത്തിൽ കോൺഗ്രസ് പ്രതിപക്ഷത്തുമാണ്. രാഷ്ട്രീയത്തിൽ തിളങ്ങാനും കത്തിക്കയറാനും ഇതിലും നല്ല അവസരമില്ല. നന്നായി ഗൃഹപാഠം ചെയ്ത് കൃത്യമായി ഇടപെട്ടാൽ കോൺഗ്രസ് എം. പി. മാർക്ക് തീർച്ചയായും മാധ്യമങ്ങളുടെ ശ്രദ്ധ നേടാൻ സാധിക്കും. മറ്റു സംസ്ഥാനങ്ങളിലും അറിയപ്പെടും. ഭാവിയിലേക്ക് അത് വലിയൊരു മുതൽക്കൂട്ടാണ്. നമ്മുടെ എം. പി. മാരെ പാർലമെന്റിൽ ഉജ്ജ്വല പ്രകടനം നടത്തുന്നവരാക്കി മാറ്റുന്നതെന്നതിൽ നമുക്ക് കൃത്യമായ ഒരു പദ്ധതി വേണം. നന്നായി ഹിന്ദിയും ഇംഗ്ലീഷും കൈകാര്യം ചെയ്യാൻ പഠിപ്പിക്കുന്നത് ഉൾപ്പെടെയുള്ള പ്രൊഫഷണലായ പിന്തുണ അവർക്ക് നൽകണം. അവർക്ക് വിഷയങ്ങൾ ഗവേഷണം ചെയ്ത് അവതരിപ്പിക്കാൻ യുവാക്കളായ പ്രൊഫഷണലുകളുടെ ഒരു സംഘം കൂടെ വേണം. അമേരിക്കയിലെ സെനറ്റർമാർക്കൊക്കെ ഇത്തരത്തിൽ ഒരു ഗ്രൂപ്പ് ഉണ്ട്. ഈ ഗ്രൂപ്പിൽ ഉള്ള യുവാക്കൾക്ക് രാഷ്ട്രീയം അടുത്ത് കാണാനും വ്യക്തിബന്ധങ്ങൾ ഉണ്ടാക്കാനുമൊക്കെയുള്ള അവസരമാണ് സെനറ്റ് സ്റ്റാഫിൽ പ്രവർത്തിക്കുന്നത്. ഇതൊക്കെ നമുക്കും ആവാം.

7. പാർലമെന്ററി വ്യാമോഹങ്ങൾക്ക് അപ്പുറം: ഇന്ത്യയിലെ രാഷ്ട്രീയം ഒരു കരിയർ എന്ന നിലയിൽ വലിയ സാഹസമാണെന്ന് ഞാൻ പലതവണ പറഞ്ഞിട്ടുണ്ട്. ചുരുങ്ങിയത് ഒരു എം. എൽ. എ. യോ എം. പി. യോ ആയെങ്കിൽ മാത്രമാണ് രാഷ്ട്രീയത്തിൽ എന്തെങ്കിലും ആയെന്ന് നമ്മുടെ നാട്ടിൽ അംഗീകരിക്കപ്പെടുന്നത് തന്നെ. കേരളത്തിൽ 270 ലക്ഷം വോട്ടർമാരും വെറും ഇരുപത് എം. പി. മാരുമാണുള്ളത്. അതായത് ശരാശരി 13.5 ലക്ഷം ആളുകൾക്ക് ഒരു എം. പി.യും രണ്ടു ലക്ഷം പേർക്ക് ഒരു എം. എൽ. എ യും എന്ന നിലയിൽ.

ഇപ്പോൾ തെരഞ്ഞെടുപ്പ് നടന്ന കാനഡയിലും ജനാധിപത്യത്തിന്റെ ഈറ്റില്ലമായ യു. കെ. യിലുമൊക്കെ ഒരു പാർലിമെന്റ് നിയോജകമണ്ഡലത്തിൽ ഒരു ലക്ഷത്തിൽ താഴെ വോട്ടർമാരേയുള്ളു. അതായത് ആളോഹരി നോക്കിയാൽ കേരളത്തിൽ എം. എൽ. എ. ആകുന്നത് ബ്രിട്ടനിൽ എം. പി. ആകുന്നതിനേക്കാൾ എളുപ്പമുള്ള കാര്യമാണ്.

അനവധി നേതാക്കൾ ഉണ്ടാകുകയും പാർലമെന്ററി സ്ഥാനങ്ങൾ കുറഞ്ഞുവരികയും ചെയ്തിരിക്കുന്ന സാഹചര്യത്തിൽ ഒരേ നേതാക്കൾ തന്നെ അസംബ്ലിയിലും പാർലമെന്റിലും സ്ഥാനമാനങ്ങൾ കൈയാളുന്നത് ഒരു പാർട്ടിക്കും ഭൂഷണമല്ല. മികച്ച ജനാധിപത്യ ഭാവിയിൽ ആഗ്രഹവും പ്രതീക്ഷയുമുള്ള ആളുകളെ മടുപ്പിക്കാനോ മറുകണ്ടം ചാടിക്കാനോ അത് മതി.

തുടർച്ചയായി ജനങ്ങൾ ഒരാളെത്തന്നെ തെരഞ്ഞെടുക്കുന്നു എന്നത് ജനപ്രതിനിധിയുടെ കാര്യത്തിൽ ഒരു തെറ്റല്ല. എന്നാൽ പാർട്ടിയുടെ ശോഭനമായ ഭാവി ചിന്തിക്കുന്ന നേതൃത്വം രണ്ടു തവണയിൽ കൂടുതൽ പാർലമെന്ററി സ്ഥാനം വഹിച്ച നേതാക്കളോട് അടുത്ത വട്ടം മാറിനിൽക്കാൻ പറയുന്നതും പരമാവധി ഒരു രാഷ്ട്രീയ കരിയറിൽ നാലുവട്ടം തെരഞ്ഞെടുപ്പിൽ മത്സരിക്കുക എന്ന് നിജപ്പെടുത്തുന്നതും പാർട്ടിയുടെ ഭാവിക്ക് നല്ലതാണെന്നാണ് എന്റെ അഭിപ്രായം.

8. മെന്റർമാരുടെ ലോകം: ആധുനിക സിംഗപ്പൂരിനെ നിർമ്മിച്ചെടുത്ത ലി ക്വാൻ യൂ എന്ന നേതാവ് അദ്ദേഹത്തിന്റെ അവസാനകാലത്ത് പ്രധാനമന്ത്രി പദത്തിൽ നിന്നും മാറി സീനിയർ മന്ത്രി എന്ന പേരിൽ ഒരു മെന്ററായി മാറി. അധികാരത്തിൽ സ്ഥിരമായിരിക്കുന്നവരെ അതിൽ നിന്നും മാറ്റി അവരുടെ അറിവുകളും അനുഭവങ്ങളും രാഷ്ട്ര നന്മക്കും ലോകനന്മക്കും വേണ്ടി ഉപയോഗിക്കാൻ 2007 ൽ നെൽസൺ മണ്ടേലയുടെ നേതൃത്വത്തിൽ The Elders എന്ന സംഘടന ഉണ്ടാക്കി. രാഷ്ട്രീയത്തിലും രാഷ്ട്ര നിർമ്മാണത്തിലും സജീവ താല്പര്യമെടുക്കുകയും എന്നാൽ അധികാര രാഷ്ട്രീയത്തിൽ നിന്നും മാറിനിന്ന് പുതിയ നേതാക്കൾക്ക് അവസരവും മാർഗനിർദേശവും നൽകുന്ന ഒരു ഗ്രൂപ്പാണിത്.

കേരളത്തിലും എഴുപത് വയസ് കഴിഞ്ഞ നേതാക്കൾ ഇത്തരത്തിലുള്ള രീതി പിന്തുടരണമെന്നാണ് എന്റെ അഭിപ്രായം. കോൺഗ്രസിന്‌ ഇതിന് മുൻകൈ എടുക്കാം. ഇപ്പോഴത്തെ മുതിർന്ന നേതാക്കളെയും പ്രസ്ഥാനത്തിന് വേണ്ടി ആയുഷ്ക്കാലം മുഴുവൻ പ്രവർത്തിച്ചവരെയും തള്ളിപ്പുറത്താക്കുകയോ അധികപ്പറ്റായി കാണിക്കുകയോ അല്ല വേണ്ടത്. അവരുടെ അറിവും അനുഭവങ്ങളും പാർട്ടിയുടെ വളർച്ചക്കായി ഉപയോഗിക്കാനുള്ള സംവിധാനം ഉണ്ടാക്കണം. സീനിയർ നേതാക്കളെ അവരവരുടെ ജില്ലകളിലേക്ക് പുനർവിന്യസിക്കണം. അവിടെ പാർട്ടിയുടെ പുതിയ നേതാക്കളെ നയിക്കുന്നതിനും, ഏകോപിപ്പിക്കുന്നതിനും, പാർട്ടി ഭരിക്കുന്ന ജില്ലാ പഞ്ചായത്ത് മുതൽ കോ ഓപ്പറേറ്റിവ് സൊസൈറ്റി വരെയുള്ളവയുടെ കാര്യക്ഷമമായ നടത്തിപ്പിനും അവർക്ക് ധാരാളം നിർദേശങ്ങൾ നൽകാൻ സാധിക്കും.

ഇതൊക്കെയാണ് കോൺഗ്രസ് നിലനിന്നു കാണണമെന്ന് ആഗ്രഹിക്കുന്ന ഒരാളെന്ന നിലയിൽ എന്റെ സ്വപ്‍നം. ദുരന്തനിവാരണ രംഗത്തുള്ള ഒരാളുടെ നിർദേശമായും ഇതിനെ പരിഗണിക്കാം.

‘എത്ര മനോഹരമായ നടക്കാത്ത സ്വപ്നം’ എന്നായിരിക്കും നിങ്ങളിൽ കൂടുതൽ പേരും ചിന്തിക്കുന്നത്. എന്നാൽ നമ്മൾ സ്വപ്നം കാണുന്നതാണ് നാം എന്നാണ് എന്റെ അഭിപ്രായവും അനുഭവവും. കാത്തിരുന്നു കാണാം.

മുരളി തുമ്മാരുകുടി

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: MURALI THUMMARUKUDI, FACEBOOK POST, CONGRESS, CONGRESS PARTY, V D SATHEESAN, SUDHAKARAN
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.