ചാവക്കാട്: പാലയൂർ റോഡിലുള്ള യൂസ്ഡ് കാർ ഷോറൂമിൽ അക്രമം നടത്തുകയും യുവാവിനെ ഇരുമ്പ് പൈപ്പ് കൊണ്ട് തലയ്ക്ക് അടിക്കുകയും ചെയ്ത കേസിലെ പ്രതിയെ ചാവക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. ചാവക്കാട് പാലയൂർ റോഡിൽ താമസിക്കുന്ന മുസ്ലിംവീട്ടിൽ ഷറഫുദ്ധീൻ എന്ന കോടാലി ഷറഫു(34)ആണ് അറസ്റ്റിലായത്. യൂസ്ഡ് കാർ ഷോറൂമിൽ ജോലി ചെയ്യുന്ന മനോജ് എന്നയാളോട് പണം കടം ചോദിച്ചത് നൽകാത്തത്തിലുള്ള വിരോധമാണ് ആക്രമണം നടത്താൻ കാരണമായത്. മദ്യപാനിയും ലഹരിക്ക് അടിമയുമായ പ്രതി മുമ്പും നിരവധി കേസുകളിൽ പ്രതിയായി ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ചാവക്കാട് എസ്.എച്ച്.ഒ കെ.എസ് സെൽവരാജ്, എസ്.ഐ ഒ.പി അനിൽകുമാർ, എസ്.സി.പി.ഒ എം.ഗീത, സി.പി.ഒമാരായ ബിനിൽ ബാബു, വി.രാജേഷ്, ജെ.വി പ്രദീപ്, എസ്.ശരത്ത് എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ഷറഫുദ്ധീൻ.