മോസ്കോ: ഹൈപ്പർസോണിക് ക്രൂസ് മിസൈൽ (സിർക്കൻ) വിക്ഷേപിച്ച് റഷ്യ. ബാരന്റ് കടലിൽ വച്ച് സെവരോഡ്വിൻസ്ക് എന്ന അന്തർവാഹിനിയിൽ നിന്ന് ഞായറാഴ്ച രാത്രിയാണ് വിക്ഷേപണം നടത്തിയത്. ആദ്യമായാണ് അന്തർവാഹിനിയിൽ നിന്ന് റഷ്യ ഹൈപ്പർസോണിക് മിസൈൽ വിക്ഷേപിക്കുന്നത്.
മിസൈൽ ലക്ഷ്യസ്ഥാനത്തെത്തിയെന്നും വിക്ഷേപണം വിജയമായിരുന്നുവെന്നും അധികൃതർ അറിയിച്ചു. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന്റെ പുതിയ പദ്ധതിയായ ഇൻവിസിബിളിന്റെ ഭാഗമായാണ് മിസൈൽ വിക്ഷേപിച്ചത്. ആയുധശേഖരത്തിൽ അമേരിക്കയെ പരാജയപ്പെടുത്തുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
ശബ്ദത്തേക്കാൾ അഞ്ചിരട്ടി വേഗത്തിൽ സഞ്ചരിക്കുന്ന ഹൈപ്പർസോണിക് മിസൈൽ തടയാൻ ബുദ്ധിമുട്ടാണ്. പുതുതലമുറയിൽപ്പെട്ട റഷ്യൻ ഹൈപ്പർസോണിക് മിസൈൽ 1000 കിലോമീറ്റർ ദൂരപരിധിയിൽ സഞ്ചരിക്കുമെന്നും ഇതിന് ശബ്ദത്തേക്കാൾ ഒൻപതിരട്ടി വേഗതയുണ്ടെന്നും പുടിൻ വ്യക്തമാക്കിയിരുന്നു.