SignIn
Kerala Kaumudi Online
Monday, 21 September 2026 2.36 AM IST

ടൂറിസ്റ്റുകൾക്ക് കഷ്ടകാലം പൂവാറിൽ ഇടനിലക്കാരുടെ ചൂഷണം

1

പൂവാർ: ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നീക്കിയതോടെ അറബിക്കടലിൽ നെയ്യാർനദി സംഗമിക്കുന്നതിന്റെ മനോഹാരിത ആസ്വദിക്കുന്നതിനും ഉല്ലാസ സവാരി നടത്തുന്നതിനും പൂവാർ ബീച്ചിലെത്തുന്നവരെ കൊള്ളയടിച്ച് ഇടനിലക്കാർ. ബോട്ടിംഗ് ലക്ഷ്യമിട്ട് എത്തുന്നവരിൽ നിന്നാണ് ഇത്തരക്കാർ 'കഴുത്തറുപ്പൻ റേറ്റ്' വാങ്ങുന്നത്.

പൂവാർ-കളിയിക്കാവിള റോഡിലെ വലിയപാലം വഴിയാണ് സഞ്ചാരികളിൽ കൂടുതലും പൂവാർ ബീച്ചിലെത്തുന്നത്. ഇവരെ വഴിക്കുവച്ച് തടഞ്ഞു നിറുത്തിയാണ് ഇടനിലക്കാർ പാട്ടിലാക്കുന്നത്. പൂവാർ ചെറിയപാലം കടന്നുവരുന്നവരുടെ വാഹനങ്ങൾ തടഞ്ഞുനിറുത്തി ബോട്ടിംഗിനുള്ള റേറ്റ് പറഞ്ഞ് ഉറപ്പിക്കുകയാണ് ഇവർ ആദ്യം ചെയ്യുന്നത്. ഒന്നിലധികം സംഘങ്ങൾ ഇത്തരത്തിൽ മേഖലയിലുണ്ട്. ഇത് പലപ്പോഴും സംഘർഷങ്ങൾക്കും കാരണമാകാറുണ്ട്.

നിറുത്താതെ പോകുന്ന വാഹനങ്ങളെ ബൈക്കിൽ പാഞ്ഞുചെന്ന് തടയുന്നതും ഇവിടത്തെ പ്രധാന കാഴ്ചയാണെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഇടനിലക്കാരുടെ പെരുമാറ്റം പരിധിവിട്ടതോടെ നാട്ടുകാരും ബോട്ടുടമകളും പൊലീസിൽ പരാതി നൽകുകയും ചെയ്തു. ഇത് തർക്കത്തിലും ലാത്തിച്ചാർജിലുമാണ് അവസാനിച്ചത്. ലാത്തിച്ചാർജിന് നേതൃത്വം നൽകിയ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്യുകയും ചെയ്തു.

പ്രശ്നങ്ങൾ തീരുന്നില്ല

പ്രശ്നങ്ങൾ തീരാത്തതിനാൽ പ്രദേശത്തെ രണ്ട് ബോട്ട് ക്ലബുകൾ തമ്മിൽ ഏറ്റുമുട്ടുകയും ഒരെണ്ണത്തിന്റെ സി.സി.ടിവി കാമറകളും ബോർഡുകളും നശിപ്പിക്കപ്പെടുകയും ചെയ്തിരുന്നു. ഒരു ബോട്ടിൽ പറഞ്ഞുറപ്പിച്ച സഞ്ചാരികളെ മറ്റൊരു ബോട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നത് പ്രശ്നങ്ങൾക്ക് കാരണമാകുന്നെന്ന് ഇവർ തന്നെ പറയുന്നു. ഈ സംഭവത്തിലും പൊലീസ് കേസെടുത്തിട്ടുണ്ട്.

ബോട്ടിംഗ് റേറ്റ് തോന്നുംപടി

പൂവാറിൽ ബോട്ടിംഗിന് തോന്നിയ പോലെയാണ് ചാർജ് ഈടാക്കുന്നതെന്നാണ് സഞ്ചാരികൾ പറയുന്നത്. വർഷങ്ങൾക്ക് മുമ്പ് ബോട്ട് ക്ലബുകളുടെ അസോസിയേഷൻ രൂപീകരിച്ച് റേറ്റ് തീരുമാനിച്ചിരുന്നു. ഒരു ബോട്ടിൽ 2 പേർക്ക് 1 മണിക്കൂർ സവാരി ചെയ്യുന്നതിന് 2500 രൂപയാണ് നിശ്ചയിച്ചിരുന്നത്. സഞ്ചാരികളുടെ എണ്ണത്തിനും ബോട്ടിന്റെ വലിപ്പത്തിനും അനുസരിച്ച് റേറ്റ് മാറും. എന്നാൽ ഇത് പ്രാവർത്തികമാക്കാൻ ആരും തയ്യാറായിരുന്നില്ല. ഒരു ബോട്ട് മാത്രമുള്ളവരും ഉടമ തന്നെ ഡ്രൈവറാകുന്ന ബോട്ടുകളും റേറ്റ് കുറച്ചാണ് സർവീസ് നടത്തുന്നത്. ഇതും തർക്കത്തിന് കാരണമാകുന്നു. ഇപ്പോൾ 4 പേർക്ക് 1 മണിക്കൂറിന് 600 മുതൽ 1000 വരെ വാങ്ങുന്ന ബോട്ടുകളും തീരത്തുണ്ട്. ഈ ഏറ്റക്കുറച്ചിലുകളാണ് തർക്കത്തിലും സംഘർഷത്തിലും കലാശിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM, POOVAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL