SignIn
Kerala Kaumudi Online
Sunday, 13 September 2026 2.42 AM IST

ചുവപ്പുനാടയിൽ വിശ്രമിക്കുന്ന തിരുവല്ലത്തെ പാലം പണി

kovalam

കോവളം: തിരുവല്ലം ബൈപ്പാസിലെ അപകടങ്ങളൊഴിവാക്കാൻ പ്രഖ്യാപിച്ച പാലത്തിന്റെ നിർമ്മാണം ചുവപ്പുനാടയിൽ വിശ്രമിക്കുന്നു. തിരുവല്ലം ആറിന് കുറുകെയുള്ള പഴയപാലം പൊളിച്ചുനീക്കി പുതിയ പാലം നിർമ്മിക്കുമെന്നുള്ള പ്രഖ്യാപനമാണ് നാളെ നാളെ നീളുന്നത്. നഗരത്തിലെ ഏറ്റവും തിരക്കേറിയ സ്ഥലങ്ങളിലൊന്നാണ് തിരുവല്ലം ജംഗ്ഷൻ. കോവളം, പാച്ചല്ലൂർ, കിഴക്കേകോട്ട, അമ്പലത്തറ എന്നിവിടങ്ങളിൽ നിന്ന് ബൈപാസിലേക്ക് ദിവസേന ആയിരക്കണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്.

പാച്ചല്ലൂർ, കോവളം ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ അമ്പലത്തറ എത്താനായി ആശ്രയിക്കുന്നതും ഇവിടെയുള്ള പഴയപാലത്തെയാണ്. ഇത് കുമരിച്ചന്ത ഭാഗത്ത് നിന്നുവരുന്ന വാഹനങ്ങളുമായി പലപ്പോഴും കൂട്ടിയിടിക്ക് കാരണമാകാറുണ്ട്. അപകടങ്ങൾ വർദ്ധിച്ചതോടെ 2019ലാണ് ഇവിടെ സർവീസ് പാലം എന്ന ആശയം ദേശീയപാത അതോറിട്ടി മുന്നോട്ടുവച്ചത്. കഴിഞ്ഞ വർഷം പുതിയ പാലം നിർമ്മിക്കാനും തീരുമാനിച്ചു. എന്നാൽ പല കാരണങ്ങളാൽ പണി തുടങ്ങാനാകാതെ നീളുകയായിരുന്നു.

സ്ഥിരം അപകടമേഖല

കഴിഞ്ഞ അഞ്ചുവർഷത്തിനിടെ പഴയപാലത്തിൽ 26 അപകടങ്ങളാണുണ്ടായത്.

6 പേർ മരിക്കുകയും മുപ്പതോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കുമരിച്ചന്ത ഭാഗത്തുനിന്ന് തിരുവല്ലം ജംഗ്ഷനിലേക്ക് പോകുന്ന നാലുവരിപ്പാതയോട് ചേർന്നുള്ള സർവീസ് റോഡ് തിരുവല്ലം ഇടയാറിലെ മൂന്നാറ്റുമുക്ക് റോഡിലാണ് അവസാനിക്കുന്നത്. ഇതുകാരണം കുമരിച്ചന്ത, അമ്പലത്തറ എന്നിവിടങ്ങളിൽ നിന്നുള്ള വാഹനങ്ങൾക്ക് തിരുവല്ലം ബൈപ്പാസിലെ വൺവേയായ രണ്ടുവരിപ്പാതയിലൂടെ വേണം സഞ്ചരിക്കാൻ.

വെള്ളായണി, വെങ്ങാനൂർ, പാച്ചല്ലൂർ, കരുമം എന്നിവിടങ്ങളിൽ നിന്നുള്ള വാഹനങ്ങളും ജംഗ്ഷനിലെത്തി വൺവേയായ ബൈപാസ് കടന്നാണ് അമ്പലത്തറ ഭാഗത്തേക്ക് പോകുന്നത്. കെ.എസ്.ആർ.ടി.സി ബസ് അടക്കമുള്ള വാഹനങ്ങൾക്കും ഇതുതന്നെയാണ് വഴി. ഇത്തരത്തിൽ തലങ്ങും വിലങ്ങും വാഹനങ്ങൾ കടന്നുപോകുന്നത് കാരണമാണ് അപകടങ്ങളും വർദ്ധിക്കുന്നത്.

പദ്ധതി ഇങ്ങനെ

പാച്ചല്ലൂരിൽ നിന്ന് വരുന്ന വാഹനങ്ങൾക്ക് അമ്പലത്തറ എത്തുന്നതിന് പുതിയ പാലം ഉപയോഗിക്കാനാകും. 50 വർഷത്തിലേറെ പഴക്കുള്ള പഴയപാലം പൊളിച്ചാണ് 5.5 മീറ്റർ വീതിയിൽ പാലം നിർമ്മിക്കാൻ തീരുമാനിച്ചത്. രണ്ട് മീറ്റർ വീതിയിൽ നടപ്പാതയും പുതിയ പാലത്തിലുണ്ടാകും. ഇതിനായി ഇവിടെ സ്ഥലമേറ്റെടുക്കേണ്ടതില്ല. പാലം പണി തുടങ്ങുന്നതിന് മുമ്പ് ട്രയൽ റണ്ണായി തിരുവല്ലം ബൈപാസിൽ 24 മണിക്കൂറുള്ള താത്കാലിക ട്രാഫിക് സിഗ്നൽ ലൈറ്റടക്കമുള്ള സംവിധാനവുമൊരുക്കും.

പുതിയ സർവീസ് റോഡും

പദ്ധതിയുടെ ഭാഗമായി തിരുവല്ലം പരശുരാമ സ്വാമി ക്ഷേത്രത്തിന് മുന്നിലുള്ള റോഡ് അതേപടി നിലനിറുത്തും. പുതിയ സർവീസ് റോഡ് വരുന്നതോടെ അമ്പലത്തറയിൽ നിന്ന് വരുന്ന വാഹനങ്ങൾക്ക് പഴയ പാലത്തിൽ പ്രവേശിക്കാതെ തന്നെ തിരുവല്ലം ജംഗ്ഷനിൽ എത്താനാകും. അപകടനിരക്ക് കുറയ്ക്കാനുള്ള മാർഗങ്ങളെക്കുറിച്ച് നാറ്റ്പാക് നേരത്തെ പഠനം നടത്തി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസും അടുത്തിടെ പദ്ധതിപ്രദേശം സന്ദർശിച്ചു. പാലത്തിന്റെ നിർമ്മാണം യുദ്ധകാലാടിസ്ഥാനത്തിൽ ആരംഭിക്കാൻ അദ്ദേഹം ദേശീയപാത അതോറിട്ടിയോട് അഭ്യർത്ഥിച്ചിരുന്നു.


"പാലത്തിന്റെ നിർമ്മാണത്തിനായി വിശദ പദ്ധതിരേഖ തയ്യാറാക്കാൻ മന്ത്രിതലത്തിലുള്ള ഇടപെടലിലൂടെ തീരുമാനമായി. റിപ്പോർട്ട് കിട്ടിയാൽ ഉടൻ നിർമ്മാണം ആരംഭിക്കും. "

പി. പ്രദീപ്,

പ്രോജക്ട് ഡയറക്ടർ,

എൻ.എച്ച്.എ.ഐ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL