ന്യൂഡൽഹി: കൊവിഡ് കാലത്ത് നിറുത്തിവച്ച ട്രെയിൻ സർവീസുകൾ സംസ്ഥാന സർക്കാരുകൾ ആവശ്യപ്പെട്ടാൽ പുനഃസ്ഥാപിക്കാമെന്ന് റെയിൽവേ ബോർഡ് ചെയർമാൻ സുനീത് ശർമ്മ വ്യക്തമാക്കി. എൻ.കെ. പ്രേമചന്ദ്രൻ എം.പിയുമായുള്ള കൂടിക്കാഴ്ചയിലാണ് ചെയർമാൻ ഇക്കാര്യം അറിയിച്ചത്. സ്പെഷ്യൽ ട്രെയിനുകൾക്ക് കൂടിയ നിരക്ക് ഈടാക്കുന്നതും പാസഞ്ചർ സർവീസുകൾ പുനഃരാരംഭിക്കാത്തതും യാത്രക്കാർക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്ന് എം.പി ചൂണ്ടിക്കാട്ടി. തുടർന്ന് ചെയർമാൻ ദക്ഷിണമേഖല റെയിൽവേ ജനറൽ മാനേജരുമായി ഫോണിൽ വിഷയം ചർച്ച ചെയ്തു.
വിനോദസഞ്ചാര സാദ്ധ്യതയുള്ള കൊല്ലം ചെങ്കോട്ട പാതയിൽ വിസ്റ്റാഡോം കോച്ചുകൾ ഉപയോഗിക്കണമെന്ന് എം.പി നിവേദനത്തിൽ ആവശ്യപ്പെട്ടു. തെന്മല ഇക്കോ ടൂറിസം, കഴുതുരുട്ടി, പാലരുവി, കുളത്തൂപ്പുഴ, അച്ചൻകോവിൽ, ആര്യങ്കാവ് തുടങ്ങി നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന റെയിൽപ്പാതയുടെ പ്രാധാന്യവും എം.പി വിശദീകരിച്ചു. ഇക്കാര്യങ്ങൾ മുൻഗണനാ ക്രമത്തിൽ പരിഗണിക്കാമെന്ന് സുനീത് ശർമ്മ ഉറപ്പു നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |