കോന്നി : കല്ലേലി - കൊക്കാത്തോട് റോഡിൽ അലഞ്ഞുതിരിയുന്ന കന്നുകാലികൾ വാഹനയാത്രക്കാർക്ക് ഭീഷണിയാകുന്നു. റോഡിലെ കല്ലേലി വയക്കര ഭാഗത്താണ് കന്നുകാലികൾ കൂട്ടമായി റോഡിലിറങ്ങുന്നത്. വനമേഖലയോട് ചേർന്ന ജനവാസമേഖലകളിൽ നിന്ന് മേയാൻ വിടുന്നതാണിവയെ. കൊക്കാത്തോട് പാലത്തിലും കല്ലേലി ഭാഗങ്ങളിലും റോഡിൽ കൂട്ടമായി കിടക്കുന്ന കന്നുകാലികൾ വാഹനങ്ങൾ ഹോൺ മുഴക്കിയാലും മാറുകയില്ല. വാഹനങ്ങൾ എത്തുമ്പോൾ പരിഭ്രാന്തരാവുന്നവ ഇരുചക്ര വാഹനയാത്രക്കാർക്കും ഭീഷിണിയുയർത്തുന്നു. രാത്രിയിൽ തെരുവ് വിളക്കുകൾ ഇല്ലാത്തഭാഗങ്ങളിലും വളവുകളിലും പശുക്കൾ കിടക്കുന്നത് കാണാൻ ബുദ്ധിമുട്ടാണ്. കല്ലേലി - കൊക്കാത്തോട് റോഡിൽ രാത്രിയും പകലും കന്നുകാലികളെ കാണാം. റോഡിൽ പശുക്കൾ പ്രസവിച്ച സംഭവങ്ങളും ഇവിടെയുണ്ടായിട്ടുണ്ട്.