ഭോപ്പാൽ: മദ്ധ്യപ്രദേശിലെ ഭോപ്പാലിൽ സ്കൂട്ടറിൽ സുഹൃത്തിനൊപ്പം യാത്ര ചെയ്ത പെൺകുട്ടിയെ തടഞ്ഞു നിറുത്തി ശിരോവസ്ത്രം അഴിപ്പിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ.
പരസ്യമായി പെൺകുട്ടിയുടെ ശിരോവസ്ത്രം അഴിപ്പിക്കുന്ന വീഡിയോ സാമൂഹ്യമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് പൊലീസ് രണ്ടുപേരെ കസ്റ്റഡിയിലെടുത്തത്. അതേസമയം, സംഭവത്തിൽ പെൺകുട്ടി ഇതുവരെ പരാതി നൽകിയിട്ടില്ലെന്നും അതിനാൽ കസ്റ്റഡിയിലെടുത്തവർക്കെതിരെ കുറ്റം ചുമത്തിയിട്ടില്ലെന്നും അഡിഷണൽ പൊലീസ് സൂപ്രണ്ട് ദിനേശ് കൗശൽ മാദ്ധ്യമങ്ങളോട് പറഞ്ഞു.
ഭോപ്പാലിലെ ഒരു ഗ്രാമത്തിൽ നടന്ന സംഭവത്തിന്റെ വീഡിയോയാണ് കഴിഞ്ഞദിവസങ്ങളിൽ സാമൂഹ്യമാദ്ധ്യമങ്ങളിൽ വൈറലായത്.
ആൾക്കൂട്ടം നിർബന്ധിച്ച് ഒരു പെൺകുട്ടിയുടെ ശിരോവസ്ത്രം അഴിപ്പിക്കുന്നതായിരുന്നു ദൃശ്യങ്ങളിലുണ്ടായിരുന്നത്. പെൺകുട്ടിക്കൊപ്പം ഒരു ആൺസുഹൃത്തും ഉണ്ടായിരുന്നു.
സ്‌കൂട്ടറിലെത്തിയ പെൺകുട്ടിയെയും സുഹൃത്തിനെയും തടഞ്ഞുനിറുത്തി ഭീഷണിപ്പെടുത്തിയ ചിലർ ശിരോവസ്ത്രം അഴിക്കാൻ നിർബന്ധിക്കുകയായിരുന്നു. വീഡിയോയിൽ പെൺകുട്ടി കരയുന്നതും വസ്ത്രം അഴിക്കാൻ വിസമ്മതിക്കുന്നുതും വ്യക്തമാണ്. എന്നാൽ നീ സമൂഹത്തിന് അപമാനമാണെന്ന് പറഞ്ഞ് ആൾക്കൂട്ടത്തിലെ ചിലർ ബുർഖ അഴിക്കാൻ ആവശ്യപ്പെടുന്നത് വീഡിയോയിൽ കേൾക്കാം. തുടർന്ന് പെൺകുട്ടി ഹിജാബ് അഴിക്കുന്നതും സുഹൃത്ത് ഇത് മറ്റുള്ളവർക്ക് കൈമാറുന്നതും വീഡിയോയിലുണ്ട്.